വീഴ്ചയും വിശ്രമവും കഴിഞ്ഞു, ഇനി മേലോട്ട്; സ്വര്‍ണവില വിലയിൽ വർധന
Tuesday, December 17, 2024 11:27 AM IST
കൊച്ചി: സംസ്ഥാനത്ത് മൂന്നുദിവസത്തെ കിതപ്പിനും രണ്ടുദിവസത്തെ വിശ്രമത്തിനും ശേഷം സ്വർണവില മുകളിലേക്ക്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന് 57,200 രൂപയിലും ഗ്രാമിന് 7,150 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് അഞ്ച് രൂപ വര്‍ധിച്ച് 5,900 രൂപയിലെത്തി.
വെള്ളിയാഴ്ച പവന് 440 രൂപയും ശനിയാഴ്ച പവന് 720 രൂപയും ഇടിഞ്ഞിരുന്നു. രണ്ടു ദിവസം കൊണ്ട് സ്വര്‍ണ വിലയില്‍ 1160 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് മുകളിലേക്ക് കയറിയത്. കഴിഞ്ഞയാഴ്ച മൂന്ന് ദിവസംകൊണ്ട് 1,360 രൂപ കുതിച്ച ശേഷമാണ് വാരാന്ത്യത്തിൽ വില താഴേക്കു പോയത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു ഒരു പവന് സ്വര്‍ണത്തിന്റെ വില. രണ്ടിന് 56,720 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. തുടര്‍ന്ന് വില ഉയരുന്നതാണ് കണ്ടത്. 12ന് 58,280 രൂപയിലെത്തിയ സ്വർണം ഈമാസത്തെ ഏറ്റവും ഉയർന്ന നിരക്കിലേക്കും എത്തി.
ആഗോള വിപണിയിലെ മാറ്റത്തിന് അനുസരിച്ചാണ് കേരളത്തിലും സ്വർണവിലയിൽ മാറ്റമുണ്ടാകുന്നത്. ആഗോള വിപണിയില്‍ സ്വർണവില ഔണ്‍സിന് 2,654 ഡോളറിലെത്തി.
അതേസമയം, സംസ്ഥാനത്തെ വെളളിവിലയിലും മാറ്റം സംഭവിച്ചിട്ടില്ല. ഇന്ന് ഒരു ഗ്രാം വെളളിയുടെ വില 97 രൂപയാണ്.