ചാഞ്ചാടിയാടി മുകളിലേക്ക്; സ്വർണവില വീണ്ടും 57,000 കടന്നു
Monday, December 9, 2024 10:59 AM IST
കൊച്ചി: സംസ്ഥാനത്ത് ചാഞ്ചാട്ടം തുടരുന്ന സ്വർണവിലയിൽ ഇന്ന് വർധന. പവന് 120 രൂപയും ഗ്രാമിന് 15 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 57,040 രൂപയിലും ഗ്രാമിന് 7,130 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ വര്‍ധിച്ച് 5,885 രൂപയിലെത്തി.
രണ്ടാഴ്ചയ്ക്കിടെ 3500 രൂപ ഇടിഞ്ഞ ശേഷം അതേപോലെ തിരിച്ചുകയറിയ സ്വര്‍ണവിലയില്‍ പിന്നീട് ചാഞ്ചാട്ടമാണ് ദൃശ്യമാകുന്നത്. ഒക്ടോബർ 31ന് രേഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്.
നവംബർ മാസത്തിന്റെ തുടക്കത്തില്‍ 59,080 രൂപയായിരുന്നു സ്വര്‍ണവില. ഒരുഘട്ടത്തില്‍ സ്വര്‍ണവില 60,000 കടന്നും കുതിക്കുമെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഏഴിന് 57,600 രൂപയായി താഴ്ന്ന ശേഷം ഒരുതവണ തിരിച്ചുകയറിയ സ്വര്‍ണവില പിന്നീട് ഇടിയുന്നതാണ് കണ്ടത്.
നവംബർ 14,16,17 തീയതികളിൽ 55,480 രൂപയായി താഴ്ന്ന് ആ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും സ്വര്‍ണവില എത്തിയ സ്വർണം പിന്നീടുള്ള ഒരാഴ്ചകൊണ്ട് വീണ്ടും കുതിച്ചുയരുകയും പിന്നീട് ഇടിയുകയും ചെയ്തു.
അന്താരാഷ്ട്ര വിപണിയിലെ ചലനങ്ങളും ഓഹരി വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഔൺസിന് 2,628 ഡോളർ വരെ താഴ്ന്ന രാജ്യാന്തരവില പിന്നീട് 2,649 ഡോളറിലേക്ക് ഉയർന്നതാണ് കേരളത്തിലും വില വർധിക്കാനിടയാക്കിയത്.
അതേസമയം, വെള്ളിയുടെ വിലയില്‍ സംസ്ഥാനത്ത് മാറ്റമില്ല. ഗ്രാമിന് 98 രൂപ എന്ന നിരക്കില്‍ തുടരുകയാണ്.