മധു മുല്ലശേരിക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സിപിഎം
Monday, December 2, 2024 10:58 AM IST
തിരുവനനന്തപുരം: മധു മുല്ലശേരിക്കെതിരെ പാർട്ടി നടപടി സ്വീകരിക്കുമെന്ന് ജില്ലാ സെക്രട്ടറി വി. ജോയി. അതേസമയം സിപിഎമ്മിനൊപ്പം ഇനിയില്ലെന്ന് പ്രഖ്യാപിച്ചാണ് ഏരിയ സമ്മേളനത്തിൽ നിന്ന് മംഗലപുരം ഏരിയ സെക്രട്ടറിയായിരുന്ന മധു മുല്ലശേരി ഇറങ്ങിപ്പോയത്.
മധു മുല്ലശേരിയെ പുറത്താക്കാൻ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് ശിപാർശ ചെയ്തുവെന്ന് ജോയി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റിന്റെ അനുമതിയോടെ തീരുമാനം പ്രഖ്യാപിക്കുമെന്നും ജോയി വ്യക്തമാക്കി.
മധു പറഞ്ഞതെല്ലാം അവാസ്തവമാണ്. ഏരിയാ കമ്മിറ്റി തെരഞ്ഞെടുത്ത ശേഷം സെക്രട്ടറി സ്ഥാനത്തേക്ക് രണ്ട് പേരുകൾ വന്നു. ജലീലിനെ കമ്മിറ്റി അംഗങ്ങൾ ജനാധിപത്യപരമായാണ് തെഞ്ഞെടുത്തത്.
ഏരിയാ സമ്മേളനത്തിനിടെയല്ല, സമ്മേളനം സമാപിച്ച ശേഷമാണ് മധു പോയതും പാർട്ടിക്കെതിരെ പരാമർശം നടത്തിയതും. ഉപരി കമ്മിറ്റിയുമായി ആലോചിച്ച് മധുവിനെതിരായ നടപടി തീരുമാനിക്കുമെന്നും ജോയി പറഞ്ഞു.
അതേസമയം ജില്ലാ സെക്രട്ടറി വി. ജോയി വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്നാണ് ആരോപിച്ചാണ് മധു ഇറങ്ങിപ്പോയത്. ജില്ലാ സെക്രട്ടറിക്കൊപ്പം പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യമാണ് ഉള്ളത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്വന്തം തോൽവിയിൽ സന്തോഷിച്ച ആളാണ് ജോയി എന്നും മധു വിമർശിച്ചു.
മംഗലപുരം ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്ന് മധു മുല്ലശേരിക്ക് പകരം എം. ജലീലിനെനിയമിച്ചിരുന്നു. സമ്മേളനത്തിൽ ഏരിയാ സെക്രട്ടറിക്കെതിരേ രൂക്ഷ വിമർശനം ഉയർന്നിരുന്നു. തുടർന്ന് ഏരിയാ സമ്മേളനത്തിൽനിന്ന് മധു ഇറങ്ങിപ്പോയിരുന്നു. മധുവിനെ സെക്രട്ടറിയാക്കുന്നത് ജില്ലാ നേതൃത്വവും എതിർത്തിരുന്നു.