തിരുവണ്ണാമല ഉരുൾപൊട്ടൽ; കാണാതായവർക്കായി തെരച്ചിൽ തുടരുന്നു
Monday, December 2, 2024 9:11 AM IST
ചെന്നൈ: തമിഴ്നാട്ടിലെ തിരുവണ്ണാമലയിൽ ഉരുൾപൊട്ടലിൽ കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. വിഒസി നഗറിലെ മൂന്ന് വീടുകളാണ് മണ്ണിനടിയിലായത്. രാജ്കുമാർ എന്നയാൾക്കും ഏഴംഗ കുടുംബത്തിനുമായി തെരച്ചിൽ തുടരുകയാണ്.
എൻഡിആർഎഫ് സംഘം സ്ഥലത്തെത്തി തെരച്ചിൽ നടത്തിവരികയാണ്. 30 അംഗ എൻഡിആർഎഫ് സംഘമാണ് തിരുവണ്ണാമലയിൽ എത്തിയിരിക്കുന്നത്. സംഭവസ്ഥലത്തു നിന്നും 50 പേരെ ഒഴിപ്പിച്ചു.
ഫിൻജാൽ ചുഴലിക്കാറ്റിനെ തുടർന്നു തിരുവണ്ണാമലൈയിൽ ഞായറാഴ്ച ഉച്ചമുതൽ ശക്തമായ മഴയാണ്. അതേസമയം ഞായറാഴ്ച ഉച്ചയോടെ കാറ്റിന്റെ ശക്തി ക്ഷയിച്ചതായും തമിഴ്നാടിന്റെ പടിഞ്ഞാറൻമേഖലയിലേക്കു നീങ്ങിയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പുതുച്ചേരിയിലും കൃഷ്ണനഗറിലുമായി ഇരുനൂറോളം പേരെ സൈന്യം സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയതായി പുതുച്ചേരി മുഖ്യമന്ത്രി എൻ. രംഗസ്വാമി പറഞ്ഞു. സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സൈന്യത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം.
തമിഴ്നാട്ടിലെ വില്ലുപുരത്തും കടലൂരിലും മഴയ്ക്കു ശമനമില്ല. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനയുടെ 12 സംഘങ്ങളാണ് ദുരിതബാധിത പ്രദേശങ്ങളിലെത്തിയിട്ടുള്ളത്. വൈദ്യുതാഘാതമേറ്റ് ചെന്നൈയിൽ മൂന്നുപേരും പുതുച്ചേരിയിൽ ഒരാളും മരിച്ചതായാണു റിപ്പോർട്ട്.