പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു
Thursday, August 8, 2024 11:02 AM IST
കോൽക്കത്ത: മുതിർന്ന സിപിഎം നേതാവും പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. കോൽക്കത്തയിലെ വസതിയിൽ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. 2000 മുതല്‍ 2011 വരെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയായിരുന്നു.
ശ്വാസകോശസംബന്ധിയായ സിഒപിഡിയും വാര്‍ധക്യസഹജമായ മറ്റ് രോഗങ്ങളും അലട്ടിയിരുന്ന അദ്ദേഹം കുറച്ചുകാലമായി പൊതുപ്രവര്‍ത്തനത്തില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയായിരുന്നു.
ഇടതുമുന്നണി ബംഗാൾ ഭരണം പിടിച്ചെടുത്ത 1977ൽ കോസിപുരിൽനിന്ന് ആദ്യമായി നിയമസഭാംഗമായി. 1987ൽ പരാജയപ്പെട്ടെങ്കിലും അതേവർഷം തന്നെ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് മന്ത്രിയായി. 1987-96 കാലത്തു വാർത്താവിനിമയ, സാംസ്കാരിക വകുപ്പും 1996-99 കാലത്ത് ആഭ്യന്തരവും കൈകാര്യം ചെയ്തു. 2000 ജൂലൈയിൽ ഉപമുഖ്യമന്ത്രിയായി.
നവംബറിൽ ആരോഗ്യകാരണങ്ങളാൽ ജ്യോതിബസു സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നു ബുദ്ധദേവ് മുഖ്യമന്ത്രിയായി. ഒപ്പം സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായി. 2001, 2006 നിയമസഭാ തെരഞ്ഞെടുപ്പുകളിൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തി
മുഖ്യമന്ത്രിയായിരുന്ന കാലത്തും കമ്യൂണിസ്റ്റ് ശൈലിയും ലാളിത്യവും കൈവിടാത്ത വ്യക്തിയായിരുന്നു ബുദ്ധദേബ് ഭട്ടാചാര്യ. ബാലിഗഞ്ചിലെ രണ്ട് മുറി ഫ്ളാറ്റിലായിരുന്നു അന്നും ബുദ്ധദേവിന്റെ താമസം.
2006-11 കാലത്ത് വ്യവസായങ്ങൾക്കായുള്ള കൃഷിഭൂമി ഏറ്റെടുക്കലാണു ബുദ്ധദേവ് സർക്കാരിനെതിരേ ജനരോഷം അഴിച്ചുവിട്ടത്. സിംഗൂർ, നന്ദിഗ്രാം, മിഡ്നാപുർ വിഷയങ്ങൾ ഉയർത്തിയ കൊടുങ്കാറ്റിൽ ബുദ്ധദേബിനും ഇടതുമുന്നണിക്കും കാലിടറി.
സിപിഎമ്മിന് 34 വർഷത്തിനു ശേഷം ഭരണം നഷ്ടമായ 2011 നിയമസഭാ തെരഞ്ഞെടുപ്പിൽ ജാദവ്പുരിൽ 16,000 വോട്ടിന് ബുദ്ധദേവ് പരാജയപ്പെടുകയാണുണ്ടായത്. സിപിഎം കേവലം 40 സീറ്റിൽ ഒതുങ്ങി.
പിന്നീട് 2015ൽ വിശാഖപട്ടണം പാർട്ടി കോൺഗ്രസിൽ പിബിയിൽ നിന്നു ഒഴിവായി. കേന്ദ്രകമ്മിറ്റിയിൽ പ്രത്യേക ക്ഷണിതാവാണ്. ബംഗാളിഭാഷയിൽ അഗാധപാണ്ഡിത്യം നേടിയിരുന്ന അദ്ദേഹം ശ്രദ്ധേയമായ സാഹിത്യപഠനങ്ങളും വിവർത്തനങ്ങളും നടത്തിയിട്ടുണ്ട്.
ആരോഗ്യപ്രശ്നങ്ങൾ മൂലം സജീവരാഷ്ട്രീയത്തിൽനിന്ന് മാറിനിന്ന അദ്ദേഹം കഴിഞ്ഞവർഷം ന്യൂമോണിയ ബാധിച്ച് അതിഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞെങ്കിലും ജീവിതത്തിലേക്കു തിരിച്ചുവന്നിരുന്നു.