ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ ബംഗാൾ മുൻ മുഖ്യന്റെ മകൾ
Wednesday, June 21, 2023 10:01 PM IST
കോൽക്കത്ത: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ ഒരുങ്ങുന്നുവെന്ന വെളിപ്പെടുത്തലുമായി പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയുടെ മകൾ സുചേതന ഭട്ടാചാര്യ.
കോൽക്കത്തയിൽ നടന്ന എൽജിബിടിക്യുഐ+ സിംപോസിയത്തിൽ സുചേതന ഈയിടെ പങ്കെടുത്തിരുന്നു. അവിടെ വച്ചാണ് താൻ ഒരു ട്രാൻസ് മാൻ ആണെന്ന് സുചേതന വെളിപ്പെടുത്തിയത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ ആഗ്രഹിക്കുന്നുണ്ടെന്നും സുചേതന അറിയിച്ചു.
41-കാരിയായ സുചേതന ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ടിയുള്ള നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള കൗൺസിലിംഗ് നടപടികൾക്ക് തുടക്കമിട്ടു.
തന്റെ ആഗ്രഹത്തെപ്പറ്റി പിതാവിന് അറിയാമെന്നും അതിനാൽ കുടുംബത്തിൽ നിന്ന് എതിർപ്പുണ്ടാകില്ലെന്നും സുചേതന പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം തന്റെ പേര് സുചേതൻ എന്നായിരിക്കുമെന്നും അവർ അറിയിച്ചു.