ബുദ്ധദേബ് ഭട്ടാചാര്യ ആശുപത്രി വിട്ടു
Wednesday, August 9, 2023 6:23 PM IST
കോൽക്കത്ത: ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ചികിത്സയിലായിരുന്ന പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേബ് ഭട്ടാചാര്യ(79) ആശുപത്രി വിട്ടു. 11 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷമാണ് ഭട്ടാചാര്യ മടങ്ങുന്നത്.
ഇന്ന് ഉച്ചയോടെയാണ് കോൽക്കത്ത നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്ന് ഭട്ടാചാര്യയെ പാം അവന്യുവിലെ വസതിയിലേക്ക് മാറ്റിയത്. ഭട്ടാചാര്യയ്ക്ക് ഇപ്പോഴും ശ്വസനസഹായി ആവശ്യമാണെന്നും വീട്ടിൽവച്ചും അദ്ദേഹത്തിന് വേണ്ട പരിചരണം നൽകുമെന്നും ഡോക്ടർമാരുടെ സംഘം വ്യക്തമാക്കി.
2000 മുതൽ 11 വർഷം ബംഗാളിനെ നയിച്ച ഭട്ടാചാര്യയെ ശ്വാസകോശത്തിലെ അണുബാധ മൂലം ജൂലൈ 29-നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2018-ൽ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് സ്ഥാനം ഒഴിഞ്ഞ അദ്ദേഹം ഏറെനാളായി സജീവരാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയാണ്.