സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; പത്ത് ജില്ലകളില്‍ വിദ്യാഭാസ സ്ഥാപനങ്ങള്‍ക്ക് അവധി
Tuesday, July 30, 2024 7:09 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ പത്ത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. തൃശൂര്‍, വയനാട്, പാലക്കാട്, എറണാകുളം,ഇടുക്കി, കോട്ടയം,കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അതതു ജില്ലകളിലെ കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്.
വയനാട്, കോഴിക്കോട് ജില്ലകളുടെ വിവിധ ഭാഗങ്ങളില്‍ കനത്ത ഉരുള്‍പൊട്ടലും നാശനഷ്ടവും. വയനാട് ജില്ലയിലെ മടിക്കൈ, ചൂരല്‍മല എന്നിവിടങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടുമാണ് ഉരുള്‍പൊട്ടിയത്. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ നാനൂറിലധികം പേര് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരെ രക്ഷപ്പെടുത്താന്‍ ഊര്‍ജിത ശ്രമം ആരംഭിച്ചു.
ഓഗസ്റ്റ് രണ്ട് വരെ സംസ്ഥാനത്താകെയും നാല് വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ല. വയനാട് ബാണാസുരസാഗര്‍ അണക്കെട്ട് ഇന്നു രാവിലെ എട്ടു മണിക്ക് തുറക്കുമെന്നാണ് അറിയിപ്പ്.