പാലിയേക്കര ടോൾ പ്ലാസയിൽ സംഘർഷം; പരാതിയുമായി ജീവനക്കാരും കാർ യാത്രക്കാരനും
Wednesday, January 10, 2024 11:12 PM IST
തൃശൂർ: പാലിയേക്കര ടോള്‍ പ്ലാസയിൽ കാർ യാത്രക്കാരനെ ജീവനക്കാർ മർദ്ദിച്ചതായി പരാതി. ചുവന്നമണ്ണ് സ്വദേശി ഷിജുവിനാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. ടോൾ എടുക്കാതെ കാറുമായി പോകാൻ ശ്രമിച്ച ഷിജുവിനെ ജീവനക്കാർ തടഞ്ഞിരുന്നു. തുടർന്നുണ്ടായ തർക്കത്തിനിടെ ടോൾ ജീവനക്കാർ മർദ്ദിക്കുകയായിരുന്നെന്ന് ഷിജു പോലീസിന് നല്കിയ പരാതിയിൽ പറയുന്നു.
അതേസമയം. അനധികൃതമായി കടക്കാൻ ശ്രമിച്ച കാർ തടയുന്നതിനിടെ രണ്ട് ടോൾ ജീവനക്കാർക്ക് മർദ്ദനമേറ്റതായി ആരോപിച്ച് ടോൾ അധികൃതരും പോലീസിന് പരാതി നൽകിയിട്ടുണ്ട്. വിശദമായ അന്വേഷണത്തിൽ കാര്യങ്ങൾക്ക് വ്യക്തത വരുമെന്ന് പോലീസ് പറഞ്ഞു.