ചോദ്യത്തിന് കോഴ: മഹുവ മൊയ്ത്രയ്ക്ക് ഇന്ന് നിർണായകം; റിപ്പോര്‍ട്ട് എത്തിക്സ് പാനല്‍ പാര്‍ലമെന്റില്‍ സമര്‍പ്പിക്കും
Friday, December 8, 2023 11:24 AM IST
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ "കാഷ് ഫോര്‍ ക്വറി' ആരോപണങ്ങളെക്കുറിച്ചുള്ള പാര്‍ലമെന്ററി എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട് വെള്ളിയാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും.
ഭുവനേശ്വറിനെ പ്രതിനിധീകരിക്കുന്ന ലോക്സഭാ എത്തിക്സ് കമ്മിറ്റി അംഗം അപരാജിത സാരംഗിയാണ് റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കുന്നത്. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ മഹുവയെ പാര്‍ലമെന്റില്‍ നിന്ന് നീക്കണമെന്നാണ് റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നത്.
വ്യവസായി ദര്ശന് ഹിരാനന്ദാനിയുടെ നിര്‍ദേശപ്രകാരം ലോക്സഭയില്‍ ചോദ്യങ്ങള്‍ ചോദിച്ചതിന് മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ബിജെപി എംപി നിഷികാന്ത് ദുബെയുടെ ആരോപണമാണ് പാനല്‍ അന്വേഷിച്ചത്.
എത്തിക്സ് കമ്മിറ്റിയിലെ ആറ് അംഗങ്ങള്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് വോട്ട് ചെയ്തിരുന്നു. പ്രതിപക്ഷത്തെ നാല് അംഗങ്ങള്‍ വിയോജനക്കുറിപ്പ് നല്കി. റിപ്പോര്‍ട്ടിനെ "ഫിക്സ്ഡ് മാച്ച്' എന്നാണ് പ്രതിപക്ഷം വിശേഷിപ്പിച്ചത്.
നവംബര്‍ രണ്ടിന് നടന്ന എത്തിക്സ് കമ്മിറ്റി യോഗത്തില്‍ നിന്ന് മഹുവ മൊയ്ത്രയും പ്രതിപക്ഷ എംപിമാരും ഇറങ്ങിപ്പോയിരുന്നു. ഗൂഢലക്ഷ്യത്തോടെയുള്ള ചോദ്യങ്ങളാണ് എത്തിക്സ് കമ്മിറ്റിയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നതെന്നും കമ്മിറ്റി അംഗമായ ഭരണപക്ഷ എംപി മാധ്യമങ്ങള്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയെന്നുമായിരുന്നു മഹുവയുടെ ആരോപണം.
ഈ മാസം നാലിന് ലോവര്‍ ഹൗസിന്റെ അജണ്ടയില്‍ റിപ്പോര്‍ട്ട് നേരത്തെ പട്ടികപ്പെടുത്തിയിരുന്നുവെങ്കിലും മേശപ്പുറത്ത് വെച്ചിരുന്നില്ല. റിപ്പോര്‍ട്ട് അവതരിപ്പിക്കുന്നത് സഭയില്‍ പ്രക്ഷുബ്ധമായ രംഗങ്ങള്‍ക്ക് വഴിവെച്ചേക്കും.