സ്ത്രീത്വത്തെ അപമാനിച്ചു; രഞ്ജിത്തിനെതിരെ ബംഗാളി നടി പോലീസിൽ പരാതി നൽകി
Monday, August 26, 2024 6:14 PM IST
കൊച്ചി: സംവിധായകൻ രഞ്ജിത്ത് ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിച്ചെന്ന് ആരോപിച്ച് ബംഗാളി നടി ശ്രീലേഖ മിത്ര പോലീസിൽ പരാതി നൽകി. കടവന്ത്രയിലെ ഫ്ലാറ്റിലാണ് സംഭവം നടന്നതെന്നും ശ്രീലേഖ കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് നൽകിയ പരാതിയിൽ പറയുന്നു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖ മിത്ര അയച്ച ഇമെയില്‍ പരാതിയിൽ പറയുന്നു. ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവച്ചിരുന്നു.
പരാതി നല്‍കുന്നില്ലെന്നായിരുന്നു ശ്രീലേഖ നേരത്തെ പറഞ്ഞത്. എന്നാല്‍ ചലച്ചിത്ര അക്കാദമി ചെയര്മാന് സ്ഥാനം രാജിവച്ച ശേഷം തനിക്കെതിരെ ആരോപണം ഉന്നയിച്ച നടിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു.
2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.
സംഭവത്തിൽ ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോട് പരാതി പറഞ്ഞിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് തനിക്ക് പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും അവസരം കിട്ടിയില്ലെന്നും ശ്രീലേഖ പറഞ്ഞിരുന്നു.