രഞ്ജിത്തിനെതിരായ ആരോപണം; നിജസ്ഥിതി പരിശോധിക്കണമെന്ന് മന്ത്രി ബിന്ദു
Saturday, August 24, 2024 10:28 AM IST
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാനും സംവിധായകനുമായ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തില്‍ വസ്തുതകള്‍ പരിശോധിക്കണമെന്ന് മന്ത്രി ആര്.ബിന്ദു. ഒരു സ്ത്രീ ഇത്തരമൊരു ആരോപണം ഉന്നയിക്കുമ്പോള്‍ നിജസ്ഥിതി മനസിലാക്കണം. എന്നിട്ട് തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി പ്രതികരിച്ചു.
ചില മാധ്യമങ്ങളോടാണ് നടി ഇത് വെളിപ്പെടുത്തിയെന്ന് പറയുന്നത്. അതിന്റെ നിജസ്ഥിതി മനസിലാക്കികൊണ്ട് നടപടി സ്വീകരിക്കുക സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്. അത് ചെയ്യുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞദിവസമാണ് നടി ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരേ ഗുരുതരമായ വെളിപ്പെടുത്തല്‍ നടത്തിയത്. പാലേരി മാണിക്യം സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ സംവിധായകന് മോശമായി പെരുമാറിയെന്ന് നടി വെളിപ്പെടുത്തി. സംഭവത്തില്‍ ഡോക്യുമെന്ററി സംവിധായകന് ജോഷിയോട് പരാതി പറഞ്ഞിട്ടും ഒരു നടപടിയും ഉണ്ടായില്ല. പിന്നീട് തനിക്ക് ഒരു സിനിമയിലും അവസരം കിട്ടിയില്ല. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല.
ഒറ്റയ്ക്ക് പിറ്റേന്ന് തന്നെ നാട്ടിലേക്ക് മടങ്ങിയെന്നും നടി പറഞ്ഞു. 2009-10 കാലഘട്ടത്തിലാണ് സംഭവം നടന്നതെന്നും ഒരു രാത്രി മുഴുവന്‍ ഹോട്ടലില്‍ കഴിഞ്ഞത് പേടിച്ചാണെന്നും നടി പറഞ്ഞിരുന്നു.