മാസപ്പടി വിവാദം: സഭയിൽ മാത്യു കുഴൽനാടന്റെ ഒറ്റയാൻ പോരാട്ടം, തടയിട്ട് സ്പീക്കർ
Thursday, August 10, 2023 5:06 PM IST
തിരുവനന്തപുരം: മാസപ്പടി വിവാദത്തിൽനിന്നു യുഡിഎഫ് പിൻമാറിയ വേളയിൽ വിഷയം നിയമസഭയിൽ ഉന്നയിച്ച് കോൺഗ്രസ് എംഎൽഎ മാത്യു കുഴൽനാടന്റെ ഒറ്റയാൻ പോരാട്ടം. പണം കൈപ്പറ്റിയവരിൽ യുഡിഎഫ് നേതാക്കളുടെ പേരുമുണ്ടെന്ന് വ്യക്തമായതോടെയാണ് യുഡിഎഫ് മാസപ്പട്ടി വിവാദം സഭയിൽ ഉന്നയിക്കാതെ പിൻമാറിയത്.
ഈ സാഹചര്യത്തിലാണ് വിഷയം മാത്യു കുഴൽനാടൻ തനിച്ച് സഭയിൽ ഉന്നയിച്ചത്. എന്നാൽ പ്രതിപക്ഷം കുഴൽനാടനെ പിന്തുണച്ചില്ല. സ്വജന പക്ഷപാതം മാത്രമല്ല സ്വാധീനം ഉപയോഗിക്കുന്നതും അഴിമതിയാണെന്ന് മാത്യു കുഴൽനാടൻ സഭയിൽ ഉന്നയിച്ചു.
അതേസമയം വിഷയം സഭയിൽ അവതരിപ്പിച്ചതോടെ സ്പീക്കര്‍ എ.എൻ ഷംസീര്‍ ഇടപെട്ട് തടയിട്ടു. എന്തും വിളിച്ച് പറയാവുന്ന വേദിയല്ല സഭയെന്ന് സ്പീക്കർ പറഞ്ഞതോടെ സഭയിൽ സംസാരിക്കാനുള്ള അവകാശം നിഷേധിക്കുന്നത് എന്തിനാണെന്നും ആരെയാണ് അങ്ങ് ഭയപ്പെടുന്നതെന്നും കുഴൽനാടനും തിരിച്ച് ചോദിച്ചു.
സംസാരം തടസപ്പെടുത്താൻ ശ്രമിച്ച സ്പീക്കറോട് കുഴൽനാടൻ കയര്‍ത്തു. വായ്ക്ക് തോന്നിയത് കോതക്ക് പാട്ടെന്ന പോലെ ആരൊക്കെ എന്തൊക്കെ സഭയിൽ പറയുന്നു. എന്നാൽ ഈ വിഷയം സംസാരിക്കും മുൻപെ തന്നെ തടയുന്നു. ആരുടേയും പേര് പറഞ്ഞില്ല. പിന്നെ എന്തിന് ബഹളം. സംസാരിച്ച് തുടങ്ങുമ്പോഴേക്കും തടസപ്പെടുത്തുന്നതെന്തിനെന്ന ചോദ്യവും കുഴൽനാടൻ ഉയര്‍ത്തി.
ഇതോടെ ചട്ടം അനുവദിക്കുന്നില്ലെന്ന് സ്പീക്കർ മറുപടി നൽകി. പിന്നാലെ ഭരണപക്ഷവും ബഹളം വച്ചു. ഇതോടെ ചട്ടം അനുവദിക്കുന്നില്ലെന്ന് പറഞ്ഞ് സ്പീക്കർ കുഴൽനാടന്റെ പ്രസംഗം അവസാനിപ്പിച്ചു. ചട്ടവും റൂളും പാലിക്കാത്ത ഒന്നും രേഖയിലുണ്ടാകില്ലെന്നും സ്പീക്കർ അറിയിച്ചു.