വിവാഹ ഡ്രസ് കോഡിന്റെ പേരില്‍ തര്‍ക്കം; വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു
Saturday, December 21, 2024 12:17 PM IST
പാലക്കാട്: വിവാഹത്തിനുള്ള ഡ്രസ് കോഡിന് പണം നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന്, വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ അടിച്ചു തകർത്തെന്ന് പരാതി. കോട്ടായ് സ്വദേശി മൻസൂറിന്റെ വീട്ടിലെ വാഹനങ്ങളാണ് അക്രമിസംഘം തകർത്തത്.
കാർ, ബൈക്ക്, ടിപ്പർ ലോറി, ട്രാവലറുകൾ എന്നിവ ഉൾപ്പടെ എട്ട് വാഹനങ്ങളാണ് തകർത്തത്. ശനിയാഴ്ച പുലർച്ചെ നാലോടെയാണ് സംഭവം. വീട്ടുടമയായ മൻസൂറിന്റെ സഹോദരനും സുഹൃത്തുക്കളും തമ്മിൽ ഡ്രസ് കോഡിന് പണം നൽകാത്തതിനെ ചൊല്ലിയുണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്.
വാതിൽ തകർത്ത് അകത്തു കടക്കാനാണ് അക്രമിസംഘം ആദ്യം ശ്രമിച്ചതെന്നും വീട്ടിലുണ്ടായിരുന്നവർ ഇത് ചെറുത്തതോടെ വാഹനങ്ങൾ അടിച്ചു തകർക്കുകയായിരുന്നുവെന്നും മൻസൂർ ആരോപിച്ചു.