നിബു ജോണ്‍ എൽഡിഎഫ് സ്ഥാനാർഥിയാകില്ലെന്ന് വാസവൻ
Wednesday, August 9, 2023 9:26 PM IST
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗമായ നിബു ജോണ്‍ എൽഡിഎഫ് സ്ഥാനാർഥിയാകില്ലെന്ന് മന്ത്രി വി.എൻ. വാസവൻ. അങ്ങനെ ഒരു സ്ഥാനാർഥി എൽഡിഎഫിന് ഉണ്ടാകില്ല. അഭ്യൂഹത്തിനു പിന്നിൽ കോണ്‍ഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളെന്നും വാസവൻ പറഞ്ഞു.
നിബുമായി ഒരു ചർച്ചയും നടന്നിട്ടല്ല. സിപിഎം സെക്രട്ടറിയേറ്റിനുശേഷമേ സ്ഥാനാർഥിയെ പ്രഖ്യാപിക്കുകയുള്ളുവെന്നും വാസവൻ വ്യക്തമാക്കി.
അതേസമയം ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ നിബു ജോണ്‍ എൽഡിഎഫ് പാളയത്തിലേക്ക് പോകാതിരിക്കാൻ കോണ്‍ഗ്രസ് നേതൃത്വം ശ്രമിക്കുകയാണ്. നിബുവിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം.
ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മണിക്കൂറുകൾക്കം ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ച് പ്രചരണങ്ങൾക്ക് തുടക്കം കുറിച്ച കോണ്‍ഗ്രസിന് നിബുവിന്റെ നീക്കം വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്.