ക്രൂരത അവസാനിക്കുന്നില്ല; മണിപ്പുരിൽ യുവതിയെ പരസ്യമായി അപമാനിച്ച് സൈനികൻ
Tuesday, July 25, 2023 8:03 PM IST
ഇംഫാൽ: മണിപ്പുരിലെ വ്യാപാരസ്ഥാപനത്തിലുള്ളിൽ വച്ച് യുവതിയെ പരസ്യമായി ലൈംഗികാതിക്രമത്തിന് ഇരയാക്കി ബിഎസ്എഫ് ജവാൻ. ബിഎസ്എഫിൽ ഹെഡ് കോൺസ്റ്റബിളായ സതീഷ് കുമാർ എന്നയാളാണ് ഈ ക്രൂരകൃത്യം നടത്തിയത്.
സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ, ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തതായി ബിഎസ്എഫ് അറിയിച്ചു.
ജൂലൈ 20-ന് ഇംഫാലിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഒരു പെട്രോൾ പമ്പിന് സമീപത്തുള്ള സൂപ്പർമാർക്കറ്റിനുള്ളിൽ വച്ചാണ് പ്രതി അതിക്രമം നടത്തിയത്. സൈനികവേഷം ധരിച്ച് യന്ത്രത്തോക്ക് കൈയിലേന്തി നിൽക്കുന്ന വേളയിലാണ് ഇയാൾ യുവതിയെ കടന്നുപിടിച്ചത്.
സംഭവത്തിൽ പരാതി ലഭിച്ചെന്നും വകുപ്പുതല അന്വേഷണം നടത്തിയ ശേഷം കുമാറിനെ ബിഎസ്എഫ് കസ്റ്റഡിയിൽ പാർപ്പിച്ചിരിക്കുകയാണെന്നും അധികൃതർ അറിയിച്ചു.