പീഡന പരാതി; ശ്രീലങ്കൻ ക്രിക്കറ്റർ ഗുണതിലകയെ കുറ്റവിമുക്തനാക്കി ഓസീസ് കോടതി
Thursday, September 28, 2023 11:14 AM IST
മെൽബൺ: ഓസ്ട്രേലിയൻ യുവതി ഉന്നയിച്ച ലൈംഗികാതിക്രമ പരാതിയിൽ ശ്രീലങ്കൻ ക്രിക്കറ്റ് താരം ധനുഷ്ക ഗുണതിലകയെ കുറ്റവിമുക്തനാക്കി സിഡ്നി കോടതി.
കേസിൽ ഗുണതിലകെ കുറ്റക്കാരനല്ലെന്ന് വിധിച്ച കോടതി, അദ്ദേഹത്തിന്റെ പാസ്പോർട്ട് വിട്ടുനൽകണമെന്നും രാജ്യംവിടാൻ അനുവദിക്കണമെന്നും ഉത്തരവിട്ടു.
2022 ട്വന്റി -20 ലോകകപ്പിനായി ഓസ്ട്രേലിയയിൽ എത്തിയ വേളയിലാണ് ഗുണതിലകയ്ക്കെതിരെ 29 വയസുകാരിയായ യുവതി പരാതി ഉന്നയിച്ചത്. ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട ഗുണതിലക തന്നെ പീഡിപ്പിച്ചുവെന്നാണ് യുവതി പരാതിപ്പെട്ടത്.
എന്നാൽ, യുവതിയുടെ പരാതിയിൽ കഴമ്പില്ലെന്നും പരസ്പരസമ്മതത്തോടെയുള്ള ബന്ധമാണിതെന്ന് ഡേറ്റിംഗ് ആപ്പിലെ ചാറ്റ് രേഖകളിലൂടെ വ്യക്തമാണെന്നും കോടതി അറിയിച്ചു. ഗുണതിലകയ്ക്കെതിരെ ചുമത്തിയിരുന്ന നാല് കുറ്റങ്ങളിൽ മൂന്നെണ്ണവും 2023 മേയിൽ കോടതി പിൻവലിച്ചിരുന്നു.
കേസിലെ അവസാന ആരോപണത്തിലും താരം കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ കോടതി, പരാതിക്കാരിയും ഗുണതിലകയും തമ്മിലുള്ള ഭാഷാ അന്തരവും തെറ്റിധാരണയുമാകാം ആരോപണത്തിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കി.
കേസിൽ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളെ കണ്ട ഗുണതിലക, കോടതിവിധിയിൽ ആശ്വാസം പ്രകടിപ്പിച്ചു. ആരോപണം ഉയർന്നതിന് പിന്നാലെയുള്ള11 മാസങ്ങൾ കഠിനമായിരുന്നുവെന്നും തനിക്ക് പിന്തുണ നൽകിയ ഏവർക്കും നന്ദി അറിയിക്കുന്നതായും താരം പറഞ്ഞു.
യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് അധികൃതർ ഗുണതിലകയെ സസ്പെൻഡ് ചെയ്തിരുന്നു.