കണക്കായിപ്പോയി! സെൻസസ് 2024-ന് ശേഷമെന്ന് സൂചന
Sunday, July 2, 2023 5:32 PM IST
ന്യൂഡൽഹി: 10 വർഷത്തിലൊരിക്കൽ നടക്കേണ്ട സെൻസസ് രാജ്യത്ത് ഇക്കൊല്ലവും നടക്കില്ലെന്ന് ഉറപ്പായി. സെൻസസിന് മുന്നോടിയായുള്ള അതിർത്തി പുനർനിർണയ മരവിപ്പിക്കൽ പ്രക്രിയയ്ക്കുള്ള സമയപരിധി 2024 ജനുവരി ഒന്ന് വരെ നീട്ടിയതോടെയാണ് ഇത് വ്യക്തമായത്.
സെൻസസ് ആരംഭിക്കുന്നതിന് മൂന്ന് മാസം മുമ്പെങ്കിലും എല്ലാ സംസ്ഥാനങ്ങളിലെയും ജില്ലാ, താലൂക്ക് അതിർത്തികൾ മാറ്റിവരയ്ക്കുന്ന നടപടികൾ നിർത്തിവയ്ക്കേണ്ടതുണ്ട്. സെൻസസ് പ്രക്രിയ തടസം കൂടാതെ നടത്താനാണിത്.
ഈ തീയതിയാണ് 2024 ജനുവരിയിലേക്ക് നീട്ടിവച്ചത്. ഇതിന് തൊട്ടുപിന്നാലെ ലോക്സഭാ തെരഞ്ഞെടുപ്പും വരുമെന്നതിനാൽ 2024-ന്റെ പകുതിയോടെ മാത്രമേ സെൻസസ് ആരംഭിക്കാൻ സാധ്യതയുള്ളു.
1881-ൽ ബ്രിട്ടീഷുകാർ തുടങ്ങിവച്ച സെൻസസ് നടപടി എല്ലാ ദശകത്തിലും നടത്തേണ്ടതുണ്ട്. 2021-ലെ സെൻസസിനായുള്ള ഒരുക്കങ്ങൾ കോവിഡ് മഹാമാരിയുടെ ഒന്നാം ഘട്ടത്തിൽ തന്നെ മുടങ്ങിപ്പോയിരുന്നു.
തുടർന്ന് ജാതി സെൻസസ് നടത്തി വിവരങ്ങൾ പുറത്തുവിടണമെന്ന ആവശ്യം ചില പാർട്ടികൾ ഉന്നയിച്ചതോടെ ഇത് രാഷ്ട്രീയ തിരിച്ചടിയാകുമെന്നു കണ്ട് ബിജെപി സർക്കാർ നടപടികൾ വീണ്ടും വൈകിപ്പിക്കുകയായിരുന്നു.