എം.എം. മണിയുടെ പരാമർശത്തിനെതിരേ ഐഎഎസ് അസോസിയേഷൻ
Thursday, October 20, 2022 11:22 PM IST
തിരുവനന്തപുരം: ദേവികുളം സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമയെ തെമ്മാടിയെന്നു പരസ്യമായി വിളിച്ച മുൻ മന്ത്രി എം.എം. മണിയുടെ പരാമർശത്തിനെതിരേ ഐഎഎസ് അസോസിയേഷൻ രംഗത്ത്.
പൊതുവേദിയിൽ ഐഎഎസ് ഉദ്യോഗസ്ഥനെ തരംതാഴ്ന്ന ഭാഷയിൽ അവഹേളിച്ച എം.എം. മണി എംഎൽഎയെ നിലയ്ക്കു നിർത്താൻ ഇടപെടണമെന്ന് അഭ്യർഥിച്ചു മുഖ്യമന്ത്രി പിണറായി വിജയന് ഐഎഎസ് അസോസിയേഷൻ കത്തു നൽകി.
പരാമർശം പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടലുണ്ടാകണം. പൊതുവേദിയിൽ ഐഎഎസ് ഉദ്യോഗസ്ഥരെ തരംതാഴ്ന്ന ഭാഷ ഉപയോഗിച്ച് വിമർശിക്കുന്ന നടപടി അവസാനിപ്പിക്കാൻ ആവശ്യമായ നിർദേശം നൽകണം.
ജനപ്രതിനിധികളുടെ ഭാഗത്തു നിന്ന് ഉദ്യോഗസ്ഥർക്കെതിരേ വിമർശനം ആകാം. എന്നാൽ അന്തസുള്ള ഭാഷയാകണം ഉപയോഗിക്കേണ്ടതെന്നും ഐഎഎസ് അസോസിയേഷൻ നൽകിയ കത്തിൽ ആവശ്യപ്പെട്ടു.