അരി"ക്കമ്പം'..! ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് തമിഴ്നാട് പോലീസ്
സ്വന്തം ലേഖകൻ
Saturday, May 27, 2023 3:34 PM IST
കമ്പം: അരിക്കൊമ്പൻ ഇറങ്ങിയതിനെ തുടർന്ന് കമ്പം മേഖലയിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന നിർദേശവുമായി പോലീസ്. ആനയെ പ്രകോപിപ്പിക്കുന്ന രീതിയിൽ ജനങ്ങൾ ഒന്നും ചെയ്യരുത്, ആളുകൾ വീട്ടിൽ തന്നെ തുടരണമെന്നും പോലീസ് നിർദേശത്തിൽ പറയുന്നു.
കമ്പം ടൗണിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, അരിക്കൊമ്പനെ ജനവാസ മേഖലയിൽനിന്ന് തുരത്താനുള്ള ശ്രമത്തിലാണ് തമിഴ്നാട് വനംവകുപ്പ്. ആകാശത്തേക്ക് വെടിവച്ച് ആനയെ കാടുകയറ്റാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.
ശനിയാഴ്ച രാവിലെ അരിക്കൊമ്പൻ കമ്പത്തെ ജനവാസമേഖലയിലൂടെ പാഞ്ഞോടി ഏറെ നേരം പരിഭ്രാന്തി സൃഷ്ടിച്ചു. കമ്പം ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷകള്‍ ആന തകര്‍ത്തു. ലോവര്‍ ക്യാമ്പിലെ വനാതിര്‍ത്തിയിലൂടെ ആന ഇവിടെയെത്തിയെന്നാണ് നിഗമനം.
ഇപ്പോള്‍ ചിന്നക്കനാല്‍ ദിശയിലാണ് അരിക്കൊമ്പനുള്ളത്. കമ്പത്ത് നിന്ന് ബോഡിമേട്ടിലേക്ക് പോയാല്‍ ആനയ്ക്ക് ചിന്നക്കനാലിലേക്ക് പോകാനാവും.