മണിപ്പുർ കലാപം: ജസ്റ്റീസ് ഗീത മിത്തൽ കമ്മിറ്റിയുടെ കാലാവധി നീട്ടി
Tuesday, August 6, 2024 2:29 AM IST
ന്യൂഡൽഹി: മണിപ്പുരിലെ കലാപബാധിതരുടെ പുനരധിവാസത്തിനു മേൽനോട്ടം വഹിക്കുന്ന ജസ്റ്റീസ് ഗീത മിത്തൽ കമ്മിറ്റിയുടെ കാലാവധി സുപ്രീംകോടതി ആറുമാസംകൂടി നീട്ടി.
ജൂലൈ 15ന് കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റീസ് ജെ.ബി. പർദിവാല, ജസ്റ്റീസ് മനോജ് മിശ്ര എന്നിവരടങ്ങുന്ന ബെഞ്ചിന്റെ നടപടി.
ഹൈക്കോടതിയിൽനിന്ന് വിരമിച്ച മൂന്ന് വനിതാ ജഡ്ജിമാരുടെ മേൽനോട്ടത്തിലാകണം പുനരധിവാസ പ്രവർത്തനങ്ങളെന്ന് കഴിഞ്ഞവർഷം ഓഗസ്റ്റ് ഏഴിനാണ് സുപ്രീംകോടതി നിർദേശിച്ചത്.
ജമ്മു കാഷ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റീസായി വിരമിച്ച ഗീത മിത്തലിനു പുറമേ ബോംബെ ഹൈക്കോടതി മുൻ ജഡ്ജി ശാലിനി പി. ജോഷി, ഡൽഹി ഹൈക്കോടതിയിൽനിന്നു വിരമിച്ച ജസ്റ്റീസ് ആശ മേനോൻ എന്നിവരായിരുന്നു അംഗങ്ങൾ.
ക്രിമിനൽകേസുകളുടെ മേൽനോട്ടച്ചുമതല മുൻ മഹാരാഷ്ട്ര പോലീസ് തലവൻ ദത്താത്രേയ പദ്സാൽജിഗറിനും നൽകി. ഇരു കമ്മിറ്റികളും സുപ്രീംകോടതിക്കു നേരിട്ടു റിപ്പോർട്ട് നൽകാനും ഉത്തരവുണ്ടായിരുന്നു.