ഗോഡ്, കിംഗ്, പ്രിന്‍സ്
Sunday, June 22, 2025 12:41 AM IST
ലീഡ്സ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ എംആര്‍എഫ് ബാറ്റ് കൈയിലേന്തുക എന്നത് ഏതൊരു താരത്തിന്റെയും സ്വപ്നമാണ്. കാരണം, ടീമിലെ ഏറ്റവും താരമൂല്യമുള്ള കളിക്കാരനു മാത്രമാണ് അതിനുള്ള നറുക്കു വീഴുക. സച്ചിന് തെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി, ഇപ്പോള്‍ ശുഭ്മാന്‍ ഗില്‍.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ ദൈവമായാണ് സച്ചിന് തെണ്ടുല്‍ക്കറിനെ ആരാധകര്‍ കരുതുന്നത്. കിംഗ് എന്ന വിശേഷണം കോഹ്ലിക്കും അവര്‍ നല്കി. പ്രിന്‍സ് എന്നാണ് ശുഭ്മാന്‍ ഗില്ലിനെ വിശേഷിപ്പിക്കുന്നത്.
സച്ചിന് തെണ്ടുല്‍ക്കര്‍ വിരമിച്ചതിനു ശേഷമാണ് വിരാട് കോഹ്ലിക്ക് ഇന്ത്യയുടെ ബാറ്റിംഗ് ലൈനപ്പിലെ നാലാം സ്ഥാനം ലഭിച്ചത്. കോഹ്ലിയുടെ വിരമിക്കലിനുശേഷം ആ ബാറ്റിംഗ് സ്ഥാനം ശുഭ്മാന്‍ ഗില്ലിനും. ഈ മൂന്നു താരങ്ങളും തമ്മില്‍ മറ്റൊരു അപൂര്‍വതയുമുണ്ട്.
2013ല്‍ സച്ചിന്റെ വിരമിക്കലിനു ശേഷമുള്ള ആദ്യടെസ്റ്റില്‍ നാലാം നമ്പറിലെത്തി കോഹ്ലി സെഞ്ചുറി നേടി. ജോഹന്നാസ്ബര്‍ഗില്‍ ദക്ഷിണാഫ്രിക്കയ്ക്ക് എതിരേയായിരുന്നു ആ സെഞ്ചുറി.
നാലാം നമ്പറില്‍ കോഹ്ലിയുടെ ആദ്യ ഇന്നിംഗ്സായിരുന്നു അത്. ഇതാ ഇപ്പോള്‍, കോഹ്ലിയുടെ വിരമിക്കലിനുശേഷമുള്ള ആദ്യ ഇന്നിംഗ്സില്‍ ശുഭ്മാന്‍ ഗില്ലും സെഞ്ചുറി നേടിയിരിക്കുന്നു. അതും നാലാം നമ്പറിലെ ആദ്യ ഇന്നിംഗ്സില്‍!!!
ടെസ്റ്റ് കരിയറില്‍ ഗില്ലിന്റെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറാണ് ലീഡ്സ് പോരാട്ടത്തിന്റെ ഒന്നാം ഇന്നിംഗ്സില്‍ നേടിയ 147 റണ്‍സ്. ഇന്ത്യന്‍ ക്യാപ്റ്റനായുള്ള അരങ്ങേറ്റ ഇന്നിംഗ്സില്‍ സെഞ്ചുറി നേടുന്ന അഞ്ചാമനാണ് 25കാരനായ ഗില്‍ എന്നതും ശ്രദ്ധേയം.
1951ല്‍ ഇംണ്ടിന് എതിരേ വിജയ് ഹസാരെ, 1976ല്‍ ന്യൂസിലന്‍ഡിന് എതിരേ സുനില്‍ ഗാവസ്കര്‍, 1987ല്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരേ ദിലീപ് വെങ്സാര്‍ക്കര്‍, 2014ല്‍ ഓസ്ട്രേലിയയ്ക്ക് എതിരേ വിരാട് കോഹ്ലി എന്നിവരാണ് ക്യാപ്റ്റനായുള്ള അരങ്ങേറ്റ ടെസ്റ്റില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്മാര്.