കവിയൂർ പൊന്നമ്മയുടെ അരങ്ങ് ഓർമകളിൽ കാളിദാസ കലാകേന്ദ്രം
1454958
Saturday, September 21, 2024 5:54 AM IST
സന്തോഷ് പ്രിയൻ
കൊല്ലം: കവിയൂർ പൊന്നമ്മയുടെ അരങ്ങ് ഓർമകളിൽ ഊളിയിട്ട് കൊല്ലം കാളിദാസകലാ കേന്ദ്രവും മുതിർന്ന നടിയുമായ വിജയകുമാരി ഒ. മാധവനും.
ഒ. മാധവനും ഒഎൻവി കുറുപ്പും ദേവരാജൻ മാഷും എന്നെന്നേക്കുമായി കെപിഎസിയിൽ നിന്ന് പടിയിറങ്ങി കാളിദാസകലാകേന്ദ്രം 1956-ൽ തുടങ്ങി ഡോക്ടർ നാടകം അവതരിപ്പിച്ചപ്പോൾ നഴ്സായി വേഷമിട്ടത് കവിയൂർ പൊന്നമ്മയാണ്.
കാളിദാസ കലാകേന്ദ്രത്തിന്റെ അമരക്കാരനായ ഒ. മാധവനാണ് ഗായിക കൂടിയായ കവിയൂർ പൊന്നമ്മയെ അഭിനയിക്കാൻ കൂട്ടിക്കൊണ്ടുവന്നത്. ഡോക്ടർ നാടകം ഹിറ്റായപ്പോൾ കവിയൂർ പൊന്നമ്മ അറിയപ്പെടുന്ന നാടക നടിയായി മാറി. തുടർന്ന് കാളിദാസ കലാകേന്ദ്രത്തിന്റെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തു. ഒ. മാധവന്റെ ഭാര്യ വിജയകുമാരിയും കവിയൂർ പൊന്നമ്മയും മത്സരിച്ച് അഭിനയിച്ച് നാടകാസ്വാദകരുടെ ഹൃദയം കീഴടക്കിയ ഒട്ടേറെ നാടകങ്ങൾ സമിതി അവതരിപ്പിച്ചിട്ടുണ്ട്.
അക്കാലത്ത് നാടകത്തിൽ അഭിനയിക്കവേ സംഗീത കച്ചേരി അവതരിപ്പിക്കാനും കവിയൂർ പൊന്നമ്മ പോകുമായിരുന്നു. ഒരിയ്ക്കൽ നെയ്യാറ്റിൻകരയ്ക്കടുത്ത് കാളിദാസ കലാകേന്ദ്രത്തിന്റെ നാടകം തുടങ്ങാറായിട്ടും പ്രധാന വേഷം ചെയ്യുന്ന കവിയൂർ പൊന്നമ്മ എത്തിയിട്ടില്ല. ദൂരെ ഏതോ സ്ഥലത്ത് കച്ചേരി അവതരിപ്പിച്ചിട്ട് നാടക സ്ഥലത്ത് എത്തുമെന്നായിരുന്നു കവിയൂർ പൊന്നമ്മ അറിയിച്ചിരുന്നത്.
എന്നാൽ നാടകം തുടങ്ങാൻ സമയം കഴിഞ്ഞിട്ടും അവർ എത്താത്തതിനാൽ കാണികൾ ബഹളം ഉണ്ടാക്കാൻ തുടങ്ങി. നിറഞ്ഞ സദസിൽ നിന്ന് ആളുകൾ അക്ഷമരായി നാടകം തുടങ്ങാൻ കാത്തിരുന്നു. സംഘാടകർ ഇടയ്ക്ക് ഗ്രീൻ റൂമിൽ വന്ന് ഒ. മാധവനോട് കയർക്കാനും തുടങ്ങി.
കവിയൂർ പൊന്നമ്മ എത്തിയില്ലെന്ന കാര്യം ഒ. മാധവൻ സംഘാടകരോട് പറഞ്ഞതുമില്ല.
അഭിനേതാക്കളെല്ലാം കവിയൂർ പൊന്നമ്മ എത്താത്തതിനാൽ പരിഭ്രമത്തിലാവുകയും ചെയ്തു. നാടകം തുടങ്ങേണ്ട സമയം കഴിഞ്ഞ് കുറേ നേരമായതിനാൽ കാണികൾ അക്രമാസക്തരാകാൻ തുടങ്ങി. കവിയൂർ പൊന്നമ്മ ഇനി എത്തില്ല എന്നു കരുതി ഒ. മാധവൻ ഒരു സൂത്രം പ്രയോഗിക്കാൻ തീരുമാനിച്ചു.
നാടകത്തിന്റെ സെറ്റ് ഒരുക്കുന്ന ആളോട് ഒ. മാധവൻ രഹസ്യമായി കുറച്ചു മണ്ണെണ്ണ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. എന്നിട്ട് ഓല കൊണ്ട് കെട്ടിയ ഗ്രീന് റൂമിന്റെ ഒരു ഭാഗത്ത് ഒഴിച്ച് ആരും കാണാതെ തീ കൊളുത്താൻ പറഞ്ഞു.
ഗ്രീൻ റൂമിന്റെ ഒരു ഭാഗം കത്തുന്പോൾ സ്റ്റേജിന് തീ പിടിച്ചു എന്നു വരുത്തി തീർത്ത് നാടകം മുടക്കാനായിരുന്നു ഒ. മാധവന്റെ പദ്ധതി. അങ്ങനെ രക്ഷപെടാമല്ലോ എന്ന് അദ്ദേഹം ആശ്വസിച്ചു. മനസില്ലാമനസോടെ സഹായി സ്റ്റേജിന് ആരും കാണാതെ തീകൊളുത്തവേ സ്റ്റേജിന് സമീപം ഒരു അംബാസിഡർ കാർ വന്നു നിൽക്കുന്നു. അതിൽ നിന്നിറങ്ങി വന്നത് കവിയൂർ പൊന്നമ്മ ആയിരുന്നു. മേക്കപ്പോടു കൂടിയാണ് അവർ വന്നത്.
പിന്നെ ഒട്ടും വൈകിയില്ല, നാടകം തുടങ്ങി. തീർന്നപ്പോൾ ബഹളം ഉണ്ടാക്കിയവർ തന്നെ ഒ. മാധവനെ കണ്ട് മാപ്പപേക്ഷിച്ച് അഭിനന്ദിക്കുകയാണ് ചെയ്തത്.
ഇങ്ങനെ ഒട്ടേറെ അരങ്ങ് അനുഭവങ്ങൾ പങ്കുവയ്ക്കാനുണ്ടെന്ന് പറയുകയാണ് കാളിദാസ കലാകേന്ദ്രത്തിന്റെ ഇപ്പോഴത്തെ അമരക്കാരിയും ഒ. മാധവന്റെ ഭാര്യയുമായ വിജയകുമാരി.