ബിരുദാനന്തരബിരുദ പ്രവേശനം; ഓണ്‍ലൈൻ രജിസ്ട്രേഷൻ 27 നകം നടത്തണം
കേരളസർവകലാശാലയുടെ ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുളള ഓണ്‍ലൈൻ രജിസ്ട്രേഷൻ 27 ന് വൈകിട്ട് അഞ്ചിന് അവസാനിക്കും. ഓണ്‍ലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയവർ അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് തുടർ ആവശ്യത്തിനായി സൂക്ഷിക്കണം.
സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് താൽപര്യമുള്ളവർ സ്പോർട്സ് സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്ത ശേഷം പ്രൊഫൈലിൽ ലഭ്യമാകുന്ന പ്രൊഫോമ തങ്ങൾ ഓപ്ഷൻ നൽകിയിട്ടുളള കോളജുകളിൽ (സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് താൽപര്യമുളള കോളജുകളിൽ മാത്രം) നേരിട്ടോ ഇമെയിൽ മുഖാന്തിരമോ 27 ന് മുൻപായി സമർപ്പിക്കണം.
എയ്ഡഡ് കോളജുകളിലെ കമ്യൂണിറ്റി ക്വാട്ട സീറ്റുകളിലേക്ക് ബന്ധപ്പെട്ട വിഭാഗത്തിലെ വിദ്യാർഥികൾക്കും ഓണ്‍ലൈനായി 27ന് അഞ്ചു വരെ അപേക്ഷിക്കാം. കേന്ദ്രീകൃത അലോട്ട്മെന്റിനായി ഓണ്‍ലൈൻ അപേക്ഷ പൂർത്തിയാക്കിയവർക്ക് വീണ്ടും ലോഗിൻ ചെയ്ത ശേഷം പ്രൊഫൈലിലെ കമ്യൂണിറ്റി ക്വാട്ട ലിങ്ക് ഉപയോഗിച്ച് താൽപര്യമുളള വിഷയങ്ങൾ/കോളജുകൾ പ്രത്യേക ഓപ്ഷനായി നൽകാം. വിദ്യാർഥിയുടെ കമ്യൂണിറ്റി അടിസ്ഥാനമാക്കി അവർക്ക് അപേക്ഷിക്കാൻ സാധിക്കുന്ന കോളജുകൾ മാത്രമേ ഇവിടെ ഓപ്ഷനായി കാണിക്കുകയുളളൂ. ഓപ്ഷനുകൾ നൽകിയതിന് ശേഷം സേവ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് എടുത്ത് തുടർ ആവശ്യങ്ങൾക്കായി സൂക്ഷിക്കുക.
ഓണ്‍ലൈൻ അപേക്ഷ പ്രിന്റൗട്ടിന്റെ പകർപ്പുകൾ ഒന്നും തന്നെ കോളജിലേക്കോ സർവകലാശാലയിലേക്കോ അയയ്ക്കേണ്ട. അഡ്മിഷൻ സമയത്ത് കോളജിൽ ഹാജരാക്കിയാൽ മതി.
ഓണ്‍ലൈൻ രജിസ്ട്രേഷൻ സംബന്ധിച്ച വിശദവിവരങ്ങൾക്ക് 8281883052, 82281883053 എന്നീ ഫോണ്‍ നന്പറുകളിൽ സർവകലാശാലയുമായി ബന്ധപ്പെടുക.
പരീക്ഷാഫീസ്
വിദൂരവിദ്യാഭ്യാസകേന്ദ്രം നടത്തുന്ന ഒന്നാം സെമസ്റ്റർ എംബിഎ (2019 അഡ്മിഷൻ റെഗുലർ ആന്‍ഡ് 2018 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയ്ക്ക് 23 മുതൽ അപേക്ഷിക്കാം. നവംബർ നാലു വരെയും 150 രൂപ പിഴയോടെ ഒമ്പതു വരെയും 400 രൂപ പിഴയോടെ നവംബർ 11 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
എംഎസ്ഡബ്ല്യൂ ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ
കൊട്ടിയം ഡോണ്‍ ബോസ്കോ കോളജ് അഡ്മിഷനു വേണ്ടിയുളള എംഎസ്ഡബ്ല്യൂ ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്സണൽ ഇന്റർവ്യൂ എന്നിവ രണ്ടിന് .
പരീക്ഷാഫലം
2019 നവംബറിൽ നടന്ന സിബിസിഎസ് ബികോം. ഒന്നാം സെമസ്റ്റർ 2019 അഡ്മിഷൻ (റെഗുലർ), 2017 അഡ്മിഷൻ (ഇംപ്രൂവ്മെന്റ്), 2014, 2015, 2016 & 2017 അഡ്മിഷൻ (സപ്ലിമെന്ററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും നവംബർ മൂന്നുവരെ അപേക്ഷിക്കാം. അതിനായി വെബ്സൈറ്റിൽ നിന്നും ലഭ്യമാകുന്ന കരട് മാർക്ക്ലിസ്റ്റ് ഉപയോഗിക്കാം.
2020 ജൂണിൽ നടത്തിയ അവസാന വർഷ (ആന്വൽ സ്കീം) ബിഎ മലയാളം (ഓഫ്ലൈൻ ആന്‍ഡ് സപ്ലിമെന്ററി), സോഷ്യോളജി (ഓഫ്ലൈൻ), പൊളിറ്റിക്കൽ സയൻസ് മെയിൻ (ഗവ.സംസ്കൃത കോളജ് ഓണ്‍ലൈൻ) സബ്സിഡിയറി, സൈക്കോളജിക്കൽ സ്റ്റാറ്റിസ്റ്റിക്സ്, ജേർണലിസം എന്നീ പരീക്ഷകളുടെ ഫലം വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കുന്നതിനുളള തീയതി പിന്നീട്.