University News
കാലിക്കട്ടില്‍ പി.എം. ഉഷ പദ്ധതി പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം ചേരും
കാലിക്കട്ട് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍...

കേന്ദ്രസര്‍ക്കാരിന്റെ പ്രധാന്‍ മന്ത്രി ഉച്ചതാര്‍ ശിക്ഷാ അഭിയാന്‍ (പി.എം. ഉഷ) പ്രകാരം കാലിക്കട്ട് സര്‍വകലാശാലക്ക് അനുവദിച്ച പദ്ധതികള്‍ നടപ്പാക്കുന്നതിന് പ്രത്യേകം സിന്‍ഡിക്കേറ്റ് യോഗം ചേരുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അറിയിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യുന്നതിനായി സിന്‍ഡിക്കേറ്റ് പ്രതിനിധികളെ ഉള്‍പ്പെടുത്തി തിങ്കളാഴ്ച യോഗം ചേര്‍ന്നിരുന്നു. സര്‍വകലാശാലയുടെ അക്കാദമിക ഗവേഷണ വികസനത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ വിപുലപ്പെടുത്താനുമായി നൂറ് കോടി രൂപയാണ് പദ്ധതിപ്രകാരം ലഭിക്കുക. 2026 മാര്‍ച്ച് 31നകം ഇവ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. പദ്ധതി പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും മേല്‍നോട്ടം വഹിക്കുന്നതിനും ഉന്നതാധികാര സമിതിയെ സിന്‍ഡിക്കേറ്റ് യോഗത്തില്‍ ശിപാര്‍ശ ചെയ്യാനും യോഗം തീരമാനിച്ചു. വിശദമായ പദ്ധതിരേഖയും തയ്യാറാക്കും. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. പി.കെ. ഖലീമുദ്ധീന്‍, അഡ്വ. എല്‍.ജി. ലിജീഷ്, എ.കെ. അനുരാജ്, ടി.ജെ. മാര്‍ട്ടിന്‍, ഡോ. ടി. മുഹമ്മദ് സലീം തുടങ്ങിയവര്‍ പങ്കെടുത്തു.

കാലിക്കട്ടിലെ കെമിസ്ട്രി പഠനവകുപ്പിന് രണ്ടര കോടി രൂപയുടെ കേന്ദ്ര സഹായം

കാലിക്കട്ട് സര്‍വകലാശാലാ കെമിസ്ട്രി പഠന വകുപ്പിന് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ രണ്ടര കോടി രൂപ ധനസഹായം. ശാസ്ത്ര സാങ്കേതിക മേഖലയിലെ അടിസ്ഥാന സൗകാര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള എഫ്.ഐ.എസ്.ടി. പദ്ധതി പ്രകാരമാണ് തുക ലഭിക്കുക. ഇത് പ്രകാരം ഗ്യാസ് ക്രോമാറ്റോഗ്രാഫ് വിത്ത് എം.എസ്. അറ്റാച്ച്‌മെന്റ് 80 ലക്ഷം രൂപ, യൂണിവേഴ്‌സല്‍ ടെസ്റ്റിംഗ് മെഷീന്‍ 45 ലക്ഷം രൂപ, ഇലക്ട്രോ കെമിക്കല്‍ വര്‍ക്ക് സ്റ്റേഷന്‍ വിത്ത് യു.വി. സ്‌പെക്ട്രോമീറ്റര്‍ 45 ലക്ഷം രൂപ, ഫ്‌ളൂറസെന്‍സ് സ്‌പെക്ട്രോഫോട്ടോമീറ്റര്‍ 80 ലക്ഷം രൂപ എന്നിവ സജ്ജമാക്കുന്നതിന് ഉള്‍പ്പെടെയാണ് തുക. ആധുനിക സാങ്കേതിക ഉപകരണങ്ങള്‍ വാങ്ങിക്കുന്നതിനും സര്‍വകലാശാലയിലെ ഗവേഷണ നിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത് വളരെയേറെ ഉപകാരപ്പെടുമെന്ന് വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന്‍ പറഞ്ഞു.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റര്‍ മൂന്ന് വര്‍ഷ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി (2019 മുതല്‍ 2023 വരെ പ്രവേശനം) ഏപ്രില്‍ 2024, (2016 മുതല്‍ 2018 വരെ പ്രവേശനം) നവംബര്‍ 2024 റഗുലര്‍/ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി എട്ട് വരെ അപേക്ഷിക്കാം.

ഒന്നാം സെമസ്റ്റര്‍ (2022 പ്രവേശനം) ബി.വോക്. സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് നവംബര്‍ 2022 സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജനുവരി മൂന്ന് വരെ അപേക്ഷിക്കാം.
More News