വനിതാ ഹോസ്റ്റൽ പ്രവൃത്തി ഉദ്ഘാടനം
തേഞ്ഞിപ്പലം: തൃശ്ശൂർ അരണാട്ടുകരയിലുള്ള കാലിക്കട്ട് സർവകലാശാലാ ഡോ. ജോൺ മത്തായി സെന്ററിലെ വനിതാ ഹോസ്റ്റലിന്റെ ഒന്ന്, രണ്ട് നിലകളുടെ പ്രവൃത്തി ഉദ്ഘാടനം 28ന് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിക്കും. ഇക്കണോമിക്സ് പഠനവകുപ്പ് സെമിനാർ ഹാളിൽ വൈകുന്നേരം മൂന്നിനാണ് ചടങ്ങ്. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. തൃശ്ശൂർ എംഎൽഎ പി. ബാലചന്ദ്രൻ മുഖ്യാതിഥിയാകും. രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ്, സിൻഡിക്കേറ്റംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും.
കാലിക്കട്ടിലെ അഖിലേന്ത്യാ മത്സരങ്ങൾക്ക് സംഘാടക സമിതിയായി
തേഞ്ഞിപ്പലം: ഫെബ്രുവരി അവസാന വാരം നടക്കുന്ന അഖിലേന്ത്യ വനിതാ ഖൊ ഖൊ, പുരുഷ വാട്ടര് പോളോ ചാമ്പ്യന്ഷിപ്പുകൾക്കും ഡിസംബർ അവസാനം നടക്കുന്ന ദക്ഷിണ മേഖലാ വനിതാ ഖൊ ഖൊ, പുരുഷ ഫുട്ബോള് ചാമ്പ്യന്ഷിപ്പുകൾക്കുമുള്ള സംഘാടക സമിതി രൂപീകരിച്ചു. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ ചെയർമാനും അഡ്വ. എം.ബി. ഫൈസൽ വർക്കിംഗ് ചെയർമാനും രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് ജനറൽ കൺവീനറുമായതാണ് സമിതി. കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ സംഘാടക സമിതി സെക്രട്ടറിയാണ്. യോഗത്തിൽ വൈസ് ചാൻസിലർ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റംഗങ്ങളായ ഡോ. പി. റഷീദ് അഹമ്മദ്, പി. മധു വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ പങ്കെടുത്തു.
കോഫീ ഷോപ്പ് ക്വട്ടേഷൻ
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ടാഗോർ നികേതൻ കെട്ടിടത്തിൽ അധികാരപ്പെടുത്തുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് കോഫീ ഷോപ്പ് നടത്തുവാനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. നിശ്ചിത ഫോറം (135/ രൂപ) സർവകലാശാലാ ആസൂത്രണവികസന വിഭാഗത്തിൽ നവംബർ 28 മുതൽ ഡിസംബർ ഒഒൻപത് വരെ ലഭ്യമാകും. ഓരോ ക്വട്ടേഷന്റെയും കൂടെ രജിസ്ട്രാറുടെ പേരിൽ 945/ രൂപ നിരതദ്രവ്യം അടച്ചതിനുള്ള ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കണം. ക്വട്ടേഷനുകൾ ഡിസംബർ ഒൻപതിന് വൈകുന്നേരം നാലിന് മുൻപായി ആസൂത്രണവികസന വിഭാഗത്തിൽ ലഭ്യമാക്കേണ്ടതാണ്. ക്വട്ടേഷനുകൾ ഡിസംബർ 11ന് രാവിലെ 11 ന് തുറക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ ആസൂത്രണവികസന വിഭാഗത്തിൽ ലഭ്യമാകും.
ലേഡീസ് ഹോസ്റ്റൽ സ്റ്റോർ ക്വട്ടേഷൻ
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലാ ക്യാമ്പസിലെ ലേഡീസ് ഹോസ്റ്റലിൽ അധികാരപ്പെടുത്തുന്ന തീയതി മുതൽ ഒരു വർഷത്തേക്ക് ഫോട്ടോസ്റ്റാറ്റ് സൗകര്യമുൾപ്പെടെ സ്റ്റോർ നടത്തുവാനുള്ള ക്വട്ടേഷൻ വനിതകളിൽ നിന്നും ക്ഷണിച്ചു. നിശ്ചിത ഫോറം (100/ രൂപ) സർവകലാശാലാ ആസൂത്രണവികസന വിഭാഗത്തിൽ നവംബർ 30 മുതൽ ഡിസംബർ പത്തു വരെ ലഭ്യമാകും. ഓരോ ക്വട്ടേഷന്റെയും കൂടെ രജിസ്ട്രാറുടെ പേരിൽ 615/ രൂപ നിരതദ്രവ്യം അടച്ചതിനുള്ള ഡ്രാഫ്റ്റ് അടക്കം ചെയ്തിരിക്കണം. ക്വട്ടേഷനുകൾ ഡിസംബർ പത്തിന് വൈകുന്നേരം അഞ്ചിന് മുൻപായി ആസൂത്രണവികസന വിഭാഗത്തിൽ ലഭ്യമാക്കേണ്ടതാണ്, കവറിന് പുറത്ത് ‘ലേഡീസ് ഹോസ്റ്റൽ സ്റ്റോർ നടത്തിപ്പിനുള്ള അപേക്ഷ’ എന്ന് രേഖപ്പെടുത്തണം. ക്വട്ടേഷനുകൾ ഡിസംബർ 12ന് രാവിലെ 11 ന് തുറക്കും. കൂടുതൽ വിവരങ്ങൾ സർവകലാശാലാ ആസൂത്രണവികസന വിഭാഗത്തിൽ ലഭ്യമാകും.
പരീക്ഷ
പിജി ഡിപ്ലോമ ഇൻ ട്രാൻസിലേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് ഇൻ അറബിക് (ഫുൾ ടൈം റഗുലർ), പിജി ഡിപ്ലോമ ഇൻ കോമേഴ്സ് ആൻഡ് മാനേജ്മെന്റ് ഇൻ അറബിക് (പാർട്ട് ടൈം), സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ സ്പോക്കൺ അറബിക് മാർച്ച് 2024 (2023 പ്രവേശനം) പരീക്ഷകൾ ഡിസംബർ 16ന് തുടങ്ങും. കേന്ദ്രം: അറബിക് പഠനവകുപ്പ് കാലിക്കട്ട് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാ ഫലം
ആറാം സെമസ്റ്റർ എൽഎൽബി യൂണിറ്ററി ഡിഗ്രി (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി, (2018 പ്രവേശനം മാത്രം) നവംബർ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഡിസംബർ 10 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
രണ്ടാം സെമസ്റ്റർ ( സിബിസിഎസ്എസ് പിജി ) എംഎസ്സി സുവോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.