University News
സ്പോർട്സ് കോൺവൊക്കേഷൻ പത്തിന്
കാലിക്കട്ട് സർവകലാശാലയുടെ സ്പോർട്സ് കോൺവൊക്കേഷൻ പത്തിന് നടക്കും. അഖിലേന്ത്യാ അന്തർ സർവകലാശാല മത്സര വിജയികൾ, പരിശീലകർ എന്നിവർക്കുള്ള കാഷ് അവാർഡ്, സ്കോളർഷിപ്പ്, സ്പോർട്സ് കിറ്റ്, കായിക രംഗത്ത് മികച്ച പ്രകടനം നടത്തിയ കോളജുകൾക്കുള്ള ട്രോഫി, സർട്ടിഫിക്കറ്റ്, കാഷ് അവാർഡ് എന്നിവ ചടങ്ങിൽ വിതരണം ചെയ്യും. അന്താരാഷ്ട്ര തലത്തിൽ മികവുപുലർത്തിയ നിരവധി കായിക താരങ്ങളും ഒളിമ്പ്യന്മാരും പങ്കെടുക്കുന്ന പരിപാടി സർവകലാശാല സെമിനാർ കോംപ്ലക്സിൽ രാവിലെ 10.30ന് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. വൈസ് ചാൻസിലർ ഡോ. പി. രവീന്ദ്രൻ അധ്യക്ഷത വഹിക്കും. 270 കായിക താരങ്ങൾക്കാണ് കാഷ് അവാർഡും കിറ്റുകളും വിതരണം ചെയ്യുക. മുപ്പത്താറ് ലക്ഷത്തോളം രൂപ ഇതിനായി സർവകലാശാല ചെലവഴിക്കുന്നുണ്ടെന്ന് കായിക വകുപ്പ് മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ അറിയിച്ചു.

പിജി ക്യാപ് 2024; 13ന് മുൻപായി പ്രവേശനം നേടണം

കാലിക്കട്ട് സർവകലാശാലയുടെ 2024 2025 അധ്യായന വർഷത്തെ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ രണ്ടാം അലോട്ട്മെന്‍റിന് ശേഷം നിലനിൽക്കുന്ന ഒഴിവുകൾ നികത്തുന്നതിനായുള്ള വിദ്യാർഥികളുടെ പരിഷ്കരിച്ച റാങ്ക് ലിസ്റ്റിൽ നിന്നും പ്രവേശനം ആഗ്രഹിക്കുന്നവർ തങ്ങളുടെ റാങ്ക്, വെബ്‌സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള സീറ്റൊഴിവ് എന്നിവ പരിശോധിച്ച് കോളജ് / സെന്‍ററുമായി ബന്ധപ്പെട്ട് അവർ നിർദ്ദേശിക്കുന്ന സമയക്രമ പ്രകാരം 13ന് മുൻപായി പ്രവേശനം നേടേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/.

പേരാമ്പ്ര റീജണൽ സെന്‍ററിൽ എംസിഎ സീറ്റൊഴിവ്

കോഴിക്കോട്: പേരാമ്പ്ര ചാലിക്കരയിലുള്ള കാലിക്കട്ട് സർവകലാശാല റീജണൽ സെന്‍ററിൽ എംസിഎ പ്രോഗ്രാമിന് ജനറൽ / സംവരണ സീറ്റുകളിൽ ഒഴിവുണ്ട്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്റ്റംബർ ഒൻപതിന് സെന്‍ററിൽ നേരിട്ട് ഹാജരാകണം. ഇതുവരെ അപേക്ഷിക്കാത്തവർക്കും പ്രവേശനം നേടാം. എസ്‌സി / എസ്ടി / ഒഇസി വിഭാഗത്തിൽപ്പെട്ടവർക്ക് മുഴുവൻ ഫീസും ഇളവ് ലഭിക്കും. ഫോൺ: 9961039127, 0496 2991119.

വടകര സിസിഎസ്ഐടിയിൽ എംസിഎ / എംഎസ്‌സി സീറ്റൊഴിവ്

വടകരയിലുള്ള കാലിക്കട്ട് സർവകലാശാല സെന്‍റർ ഫോർ കംപ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജിയിൽ എംസിഎ, എംഎസ്‌സി കംപ്യൂട്ടർ സയൻസ് എന്നീ കോഴ്‌സുകളിൽ സീറ്റൊഴിവുണ്ട്. യോഗ്യരായവർ സെപ്റ്റംബർ 11ന് രാവിലെ 11ന് സെന്‍ററിൽ ഹാജരാകണം. എസ്‌സി / എസ്ടി / ഒഇസി വിഭാഗക്കാർക്ക് ഫീസിളവ് ലഭിക്കും. ഫോൺ: 9446993188, 9447150936.

യുജി ഫൗണ്ടേഷന്‍ കോഴ്സ് രജിസ്‌ട്രേഷൻ 12 വരെ

അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റർ നാലുവർഷ ബിരുദ വിദ്യാർഥികൾക്ക് ( CUFYUGP 2024 പ്രവേശനം ) ജനറൽ ഫൗണ്ടേഷൻ കോഴ്‌സിനും ഡിസിപ്ലിൻ ഫൗണ്ടേഷൻ കോഴ്‌സിനും ഓൺലൈനായി രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് സെപ്റ്റംബർ 12 വരേക്ക് നീട്ടി. ഒന്നാം സെമസ്റ്റർ നവംബർ 2024 റഗുലർ പരീക്ഷകൾക്ക് രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് പിന്നീട് ലഭ്യമാക്കും.

പരീക്ഷാഫലം

വിദൂര വിഭാഗം രണ്ടാം സെമസ്റ്റർ ബികോം, ബിബിഎ ( സിബിസിഎസ്എസ് ആൻഡ് സിയുസിബിസിഎസ്എസ്) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 24 വരെ അപേക്ഷിക്കാം.
More News