കേരളസർവകലാശാലയിലെ പഠന വകുപ്പുകളിൽ നാല് വർഷ ബിരുദ പ്രവേശന പരീക്ഷയ്ക്ക് 10 വരെ അപേക്ഷിക്കാം. 202526 അക്കാദമിക വർഷത്തിൽ 16 മേജർ വിഷയങ്ങളിൽ നാല് വർഷ ഓണേഴ്സ് വിത്ത് റിസർച്ച് പ്രോഗ്രാമുകളാണ് ഉള്ളത്. മേജർ വിഷയങ്ങളായി മലയാളവും കേരളപഠനവും, ഇംഗ്ലീഷ്, ഹിന്ദി, സംസ്കൃതം, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്സ് & ഇന്റർനാഷണൽ റിലേഷൻസ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ജിയോളജി, കമ്പ്യൂട്ടർ സയൻസ്, സൈക്കോളജി, മാത്തമാറ്റിക്സ്, ബിബിഎ, ബികോം എന്നിവയാണ് ഉള്ളത്. ഇതോടൊപ്പം ലോകത്താകമാനം സ്വീകാര്യതയുള്ള നൂതനമായ വിഷയങ്ങളുൾപ്പെടെ മൈനർ ആയും പഠിക്കാം. ഡാറ്റാസയൻസ്, ഡാറ്റാ അനലിറ്റിക്സ്, അപ്ലൈഡ് ലിംഗ്വിസ്റ്റിക്സ്, സൈബർ സെക്യൂരിറ്റി, സപ്ലൈചെയിൻ, നാനോസയൻസ്, ബയോടെക്നോളജി, ബയോകെമിസ്ട്രി, ക്ലൈമറ്റ് ചേഞ്ച്, ഫംഗ്ഷണൽ മെറ്റീരിയൽസ്, മെഷീൻ ലേർണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങി അൻപതിലധികം വിഷയങ്ങൾ മൈനർ ആയി ഉൾപ്പെടുത്തിയിട്ടുണ്ട്.
ഒരു നിശ്ചിത ക്രെഡിറ്റ് മൈനർ വിഷയത്തിൽ വിദ്യാർത്ഥി കരസ്ഥമാക്കിയാൽ ആ വിഷയത്തിന്റെ തന്നെ ബിരുദാനന്തര ബിരുദവും ഗവേഷണവും തുടരുന്നതിനുള്ള അവസരമുണ്ടെന്നതും പ്രത്യേകതയാണ്. മൂന്ന് വർഷത്തിൽ ഒരു നിശ്ചിത ക്രെഡിറ്റ് കരസ്ഥമാക്കി പഠനം അവസാനിപ്പിക്കുന്നവർക്ക് ആവശ്യമെങ്കിൽ ബിഎ, ബിബിഎ, ബികോം ഡിഗ്രി നേടി പുറത്തുപോകാനും അവസരമുണ്ട്. ബിരുദപഠനത്തിന്റെ മൂന്ന് വർഷത്തിൽ എഴുപത്തഞ്ചുശതമാനം കരസ്ഥമാക്കുന്ന വിദ്യാർഥികൾക്ക് നാലാം വർഷം തുടർന്നു പഠിക്കാം. നാല് വർഷ ഡിഗ്രി വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർഥിക്ക് “ഓണേഴ്സ് വിത്ത് റിസർച്ച്” ബിരുദമാണ് ലഭിക്കുന്നത്. സർവകലാശാലയുടെ പഠനഗവേഷണ വകുപ്പുകളിൽ ബിരുദാനന്തര ബിരുദം, പിഎഛ്.ഡി എന്നിവയ്ക്ക് ഇത് ആദ്യകാൽവയ്പ്പ് ആകും. തൊഴിൽ തത്പ്പരരേയും ഗവേഷണ അഭിരുചിയുള്ളവരേയും കണ്ടെത്തി അവർക്ക് കൃത്യമായ ദിശാബോധം നൽകുന്നതിന് പഠന ഗവേഷണ വകുപ്പുകൾ രൂപകല്പന ചെയ്ത ഈ പ്രോഗ്രാമുകൾക്ക് കഴിയുമെന്നുറപ്പാണ്. ഓൺലൈൻ ആയിട്ടാണ്അപേക്ഷകൾ സമർപ്പിക്കേണ്ടത്.
പ്രവേശന പരീക്ഷയുടെ ഘടന: 16 മേജർ വിഷയങ്ങളിൽ ഒരുമണിക്കൂർ വീതമുള്ള ഒബ്ജെക്റ്റീവ് ടൈപ്പ് പരീക്ഷയാണ് നടത്തുക. ഹയർസെക്കണ്ടറി തലത്തിലുള്ള അതാത് വിഷയങ്ങളുടെ സിലബസ് ആധാരമാക്കിയായിരിക്കും ചോദ്യങ്ങൾ. ഒരുശരിയുത്തരത്തിന് നാല് മാർക്ക് ലഭിക്കും. ഒരു തെറ്റ് ഉത്തരത്തിന്ന് ഒരുമാർക്ക് കുറയും. ഒരുവിദ്യാർഥിക്ക് അഞ്ച് വിഷയങ്ങളിൽ വരെ പരീക്ഷ എഴുതാം. ഈ വിഷയങ്ങളിൽ ഏതിൽ വേണമെങ്കിലും മേജർ എടുക്കാം. കേരളത്തിലെ എല്ലാ ജില്ലകളിലും പരീക്ഷ സെന്ററുകൾ ഉണ്ട്. മൂന്നു ജില്ലകൾ വരെ സെന്ററായി നൽകുവാനുള്ള ഓപ്ഷൻ ഉണ്ട്. യോഗ്യത: ഹയർസെക്കണ്ടറി/തത്തുല്യം. പരീക്ഷ എഴുതി റിസൾട്ട് കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. admissions.keralauniversity.ac.in ൽ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. വിശദവിവരങ്ങൾക്ക്
email:
[email protected], ഫോൺ: 04712308328, മൊബൈൽ: 9188524612.