ഞാൻ 2025ലെ കീം പരീക്ഷയിൽ റാങ്ക് ലഭിച്ച ഒരു വ്യക്തിയാണ്. ഏതു കോളജുകളിലേക്ക് ആണ് അഡ്മിഷനുവേണ്ടി അപേക്ഷകൾ അയയ്ക്കേണ്ടത് എന്ന് പരിശോധിക്കുന്പോൾ ചില കോളേജുകളിൽ എഐസിടിഇ അംഗീകാരത്തോടൊപ്പം എൻബിഎ അക്രഡിറ്റേഷൻ ഉണ്ടെന്നുകൂടി കാണിക്കുന്നു. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം? എൻബി എ അക്രഡിറ്റേഷൻ കൊണ്ട് പ്രത്യേകമായ എന്തെങ്കിലും ഗുണം കൂടുതലുണ്ടോ?
പ്രവീണ മോഹനൻ, രാജാക്കാട്, ഇടുക്കി. നമ്മുടെ രാജ്യത്തെ എൻജിനിയറിംഗ് പഠനത്തെ റെഗുലേറ്റ് ചെയ്യുന്ന മാൻഡേറ്ററി അഥോറിറ്റിയുടെ പേരാണ് ഓൾ ഇന്ത്യ കൗണ്സിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ (എഐസിടിഇ). ഈ സ്റ്റാറ്റ്യൂട്ടറി ബോഡിയുടെ അംഗീകാരം ഉണ്ടെങ്കിൽ മാത്രമേ ഇന്ത്യയിലെ ടെക്നിക്കൽ എൻജിനിയറിംഗ് കോളജുകൾക്ക് ബിടെക് പഠിപ്പിക്കുന്നതിന് അനുവാദം ലഭിക്കൂ.
ഈ അംഗീകാരത്തോടെ ബിടെക് പഠനം പൂർത്തീകരിച്ചാൽ മാത്രമേ രാജ്യത്ത് എൻജിനിയർ ആയി ജോലി ചെയ്യാൻ കഴിയൂ. എന്നാൽ, എൻബിഎ സർട്ടിഫിക്കേഷൻ എന്നു പറയുന്നത് ബിടെക് പഠിപ്പിക്കുന്നതിന് മാൻഡേറ്ററി ആയി അംഗീകാരം നൽകുന്ന ഒരു ബോഡി അല്ല. മറിച്ച് ടെക്നിക്കൽ വിഷയങ്ങളുടെ പഠനകേന്ദ്രങ്ങളുടെ മികവ് നിശ്ചയിച്ച് അവയ്ക്ക് ലഭിക്കുന്ന ഒരു പുതിയ അംഗീകാരം മാത്രമാണ്. നമ്മുടെ രാജ്യത്തെ എൻജിനിയറിംഗ് മാനേജ്മെന്റ് പഠന/ഫാർമസി ട്രാവൽ ആൻഡ് ടൂറിസം തുടങ്ങിയ പ്രോഗ്രാമുകൾക്ക് ആ അക്രഡിറ്റേഷൻ നൽകുന്ന രാജ്യത്തെ ഏറ്റവും വലിയ സ്ഥാപനമാണ് എൻബിഎ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ദ നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ.
രാജ്യത്തെ എൻജിനിയറിംഗ്/ മാനേജ്മെന്റ് പഠനങ്ങളുടെ റെഗുലേറ്ററി സമിതി ആയ എഐസിടിഇ 1994ൽ ആരംഭിച്ചതാണ് ഈ എൻബിഎ. 2010ൽ എൻബിഎ സ്വയംഭരണ അധികാരമുള്ള ഒന്നായി മാറ്റപ്പെട്ടു.
എൻബിഎയുടെ പ്രധാന ഉദ്ദേശ്യം, ലക്ഷ്യങ്ങൾ
=രാജ്യത്തെ ടെക്നിക്കൽ എഡ്യൂക്കേഷനുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളുടെ നിലവാരം നിശ്ചയിക്കുക. ഇത്തരം നിലവാരം നിശ്ചയിക്കുന്നതിന് കൃത്യവും ശാസ്ത്രീയവുമായ ടൂളുകളും മറ്റ് അനുബന്ധ വിലയിരുത്തൽ നിയമങ്ങളും രൂപീകരിക്കുക.
=ടെക്നിക്കൽ മാനേജ്മെന്റ് സ്ഥാപനങ്ങളുടെ എക്സലൻസ് തിട്ടപ്പെടുത്തി വിദേശത്തും സ്വദേശത്തും ഇത്തരം കോഴ്സുകളുടെ പ്രാധാന്യത്തെ മനസിലാക്കി കൊടുക്കൽ.
=ടെക്നിക്കൽ സ്ഥാപനങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്താൻ ഇൻഡസ്ട്രിയുമായി ബന്ധമുള്ള ടെക്നിക്കൽ പഠനത്തിന് ഗുണഭോക്താക്കളായി മാറുന്ന ആളുകളുടെയും സ്ഥാപനങ്ങളുടെയും അഭിപ്രായങ്ങൾ കൂടി ആരാഞ്ഞ് അവയെ മികവുള്ളതാക്കുക.
പൊതുവേ പറഞ്ഞാൽ സാങ്കേതിക വിദ്യയുടെ പഠനരംഗത്തും മാനേജ്മെന്റ് പഠന മേഖലയിലും സംഭവിച്ചിട്ടുള്ള ഗുണനിലവാര തകർച്ച മനസിലാക്കി പൊതുജനങ്ങളെ അത് ബോധ്യപ്പെടുത്താൻ കഴിയുംവിധം ഇത്തരം കോഴ്സുകൾ പഠിപ്പിക്കുന്ന ഏത് സ്ഥാപനങ്ങളാണ് നിലവാരം ഉള്ളത് എന്ന് നിശ്ചയിച്ചുകൊടുക്കലാണ്.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം എൻബിഎ അക്രഡിറ്റേഷൻ എന്നു പറയുന്നത് ഒരു സ്ഥാപനത്തിന് കിട്ടുന്ന അക്രഡിറ്റേഷൻ അല്ല. മറിച്ച് ആ സ്ഥാപനത്തിൽ ഓഫർ ചെയ്യുന്ന എൻജിനിയറിംഗ്, മാനേജ്മെന്റ്, ഫാർമസി, ആർക്കിടെക്ചർ, അപ്ലൈഡ് ആർട്സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മാനേജ്മെന്റ് പോലുള്ള പ്രോഗ്രാമുകളിൽ ഡിപ്ലോമ, ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഒറ്റയ്ക്കൊറ്റയ്ക്കായി ലഭിക്കുന്ന അക്രഡിറ്റേഷൻ ആണ്. ഈ അക്രഡിറ്റേഷൻ ലഭിക്കുന്നതോടെ സ്ഥാപനം ഓഫർ ചെയ്യുന്ന പ്രോഗ്രാമിന് ഉയർന്ന നിലവാരവും മേന്മയും ഉണ്ട് എന്നാണ് സൂചന. ഒരു സ്ഥാപനത്തിലെ ഏതെങ്കിലും മുകളിൽ സൂചിപ്പിച്ച പ്രോഗ്രാമുകൾക്ക് എൻബിഎ അക്രഡിറ്റേഷൻ ഉണ്ട് എന്ന് പരസ്യം കണ്ടാൽ പ്രസ്തുത പ്രോഗ്രാം അന്തർദേശീയ നിലവാരത്തിലുള്ളതാണെന്ന കാര്യം ബോധ്യമാകും. ഈ ഗ്രേഡിംഗ് പ്രസ്തുത കോഴ്സിനെ കൂടുതൽ സ്വീകാര്യത ഉള്ളതാക്കും.
ഇത്തരം അക്രെഡിറ്റേഷൻ നേടിയിട്ടുള്ള പ്രോഗ്രാമുകളാണ് ഒരാൾ പഠിച്ചു പാസായിട്ടുള്ളതെങ്കിൽ ലോകത്തിലെ വിവിധങ്ങളായ രാജ്യങ്ങളിൽ ഉപരിപഠനത്തിനും തൊഴിലിനുമായി ശ്രമം നടത്തുന്പോൾ പലപ്പോഴും ഇവർക്ക് കൂടിയ മുൻഗണനയും പ്രവേശനവും ലഭിക്കും.
2030 ആകുന്പോഴേക്കും രാജ്യത്തെ എല്ലാ സാങ്കേതികവിദ്യ, മാനേജ്മെന്റ് പഠന പ്രോഗ്രാമുകൾക്ക് എൻബിഎ അക്രഡിറ്റേഷൻ നേടുന്നതിനുള്ള നിർദേശങ്ങളും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും ആരംഭിക്കാൻ എൻജിനിയറിംഗ്, മാനേജ്മെന്റ് കോളജുകൾക്ക് കേന്ദ്രസർക്കാർ വാക്കാൽ നിർദേശം നൽകിക്കഴിഞ്ഞു.
ഇത്തരത്തിൽ എൻബിഎ അക്രഡിറ്റേഷൻ നേടിയിട്ടുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ വിദ്യാർഥി നേടുന്പോൾ അവർക്കു ലഭിക്കുന്ന സർട്ടിഫിക്കറ്റ് എൻബിഎ അക്രഡിറ്റേഷൻ ഉള്ള സർട്ടിഫിക്കറ്റ് ആയിരിക്കും. ഇതാണ് എൻബിഎ അക്രെഡിറ്റഡ് ഡിഗ്രി എന്നതുകൊണ്ട്അർഥമാക്കുന്നത്.
ഞാൻ വിദ്യാഭ്യാസ വകുപ്പിൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്നിക്കൽ വിഭാഗത്തിൽ ജോലി ചെയ്യുന്ന ആളാണ്. ബിഎസ്സി കെമിസ്ട്രി പഠിച്ചതിനുശേഷം ബിഎഡ് ബിരുദവും നേടിയിട്ടുണ്ട്. തസ്തിക മാറ്റത്തിലൂടെ എനിക്ക് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നോണ് വോക്കേഷണൽ വിഷയമായ കെമിസ്ട്രി പഠിപ്പിക്കാൻ അവസരം ലഭിക്കാൻ സാധ്യതയുണ്ട്. ആയതിനാൽ ഭാരതീദാസൻ യൂണിവേഴ്സിറ്റി തമിഴ്നാട്ടിൽനിന്ന് എംഎസ്സി കെമിസ്ട്രി ഡിസ്റ്റൻസ് ആയി പഠിക്കാൻ ആഗ്രഹിക്കുന്നു. ഈ പ്രോഗ്രാമിന് കേരളത്തിലെ സർവകലാശാകൾ തുല്യത സർട്ടിഫിക്കറ്റ് നൽകുമോ?
അനിതാകുമാരി, ഒറ്റപ്പാലം. കേരളത്തിലെ സർവകലാശാലകൾ പൊതുവേ കേരളത്തിന് പുറത്തുള്ള സർവകലാശാലകൾ വിദൂര വിദ്യാഭ്യാസം വഴി നൽകുന്ന പ്രോഗ്രാമുകൾക്ക് ബ്ലാങ്കറ്റ് അപ്രൂവൽ നൽകാറില്ല. എന്നാൽ, പുറത്തുനിന്നുള്ള സർവകലാശാലകൾ നൽകുന്ന ഹ്യുമാനിറ്റീസ്, കൊമേഴ്സ് വിഷയങ്ങളിലാണ് ബിരുദമോ ബിരുദാനന്തര ബിരുദമോ നേടുന്നതെങ്കിൽ കേരളത്തിലെ ഓരോ സർവകലാശാലകളും നിശ്ചയിച്ചിട്ടുള്ള കോഴ്സ് റെക്കഗ്നൈസേഷൻ വഴി അംഗീകാരം നേടി തുല്യതാ സർട്ടിഫിക്കറ്റ് നല്കാനുള്ള സാധ്യതയുണ്ട്.
എന്നാൽ, അടിസ്ഥാന ശാസ്ത്ര വിഷയങ്ങളുടെ സിലബസിൽ ലാബ് പരീക്ഷണങ്ങളും അതുമായി ബന്ധപ്പെട്ട പഠന പരിശീലന പ്രവർത്തനങ്ങളുമുള്ളതിനാൽ സയൻസ് വിഷയങ്ങളിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ വിദൂര വിദ്യാഭ്യാസം വഴി നേടിയാൽ അത്തരം ബിരുദങ്ങൾക്ക് കേരളത്തിലെ സർവകലാശാലകളിൽനിന്ന് തുല്യത സർട്ടിഫിക്കറ്റ് ലഭിക്കാൻ സാധ്യതയില്ല.
സിലബസിൽ ലാബ് പരീക്ഷണ പരിശീലന പഠന പ്രവർത്തനങ്ങൾ ഇല്ലാത്ത മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിൽ വിദൂര വിദ്യാഭ്യാസം വഴി ബിരുദമോ ബിരുദാനന്തര ബിരുദമോ നേടിയാൽ കേരളത്തിലെ സർവകലാശാലകളിൽ നിന്ന് തുല്യത സർട്ടിഫിക്കറ്റ് ലഭിക്കും.
അഡ്വ. ബാബു പള്ളിപ്പാട്ട് കരിയർ ഗൈഡ് (
[email protected])