എൽഎൽഎം കോഴ്സിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: കോഴിക്കോട് ലോ കോളജിൽ എൽഎൽഎം കോഴ്സിൽ 202526 അധ്യയനവർഷത്തിൽ ഒഴിവുള്ള സീറ്റിലേക്ക് ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുനഃപ്രവേശനത്തിനും ഇപ്പോൾ തൃശൂർ ഗവ. ലോ കോളജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളജ് മാറ്റത്തിനും എട്ടിന് ഉച്ചകഴിഞ്ഞ് മൂന്നുവരെ അപേക്ഷിക്കാം.
അപേക്ഷാഫോമും മറ്റുവിവരങ്ങളും കോളജ് ലൈബ്രറിയിൽനിന്നും ലഭിക്കും. അപേക്ഷയോടൊപ്പം എൽഎൽബി ഡിഗ്രി മാർക്ക് ലിസ്റ്റ്, പ്രവേശനസമയത്തു ലഭിച്ച അലോട്ട്മെന്റ് മെമ്മോ, അവസാനം എഴുതിയ പരീക്ഷയുടെ ഹാൾടിക്കറ്റ് എന്നിവയുടെ ശരിപ്പകർപ്പുകൾ ഉണ്ടായിരിക്കണം. പുനഃപ്രവേശനത്തിനു ശിപാർശ ചെയ്യപ്പെടുന്നവരും കോളജ് മാറ്റത്തിന് അപേക്ഷിക്കുന്നവരും യൂണിവേഴ്സിറ്റിയിൽ ആവശ്യമായ ഫീസടച്ചു ഉത്തരവ് കരസ്ഥമാക്കിയ ശേഷം കോളജിൽ പ്രവേശനം നേടണം.
കോളജ് മാറ്റത്തിന് അപേക്ഷിക്കുന്നവർ തൃശൂർ ഗവ. കോളജ് പ്രിൻസിപ്പൽ സാക്ഷ്യപ്പെടുത്തിയ കോളജ് മാറ്റത്തിനുള്ള അപേക്ഷ ഉൾപ്പെടുത്തണം. പുനഃപ്രവേശനത്തിനുള്ള അപേക്ഷകൾ പരിഗണിച്ച ശേഷം ഒഴിവ് വരുന്ന സീറ്റുകളിലേക്ക് മാത്രമേ കോളജ് മാറ്റത്തിനുള്ള അപേക്ഷകൾ പരിഗണിക്കുകയുള്ളു.