പന്ത്രണ്ടാം ക്ലാസ് സയന്‍സ് സ്ട്രീമില്‍ പഠനം പൂര്‍ത്തിയാക്കിയ എനിക്ക് കൊമേഴ്സ്യല്‍ പൈലറ്റ് ആകാനാണ് ആഗ്രഹം. ഇതിനു വലിയ തുക ചെലവാകുമെന്നാണ് മനസിലാക്കുന്നത്. കൊമേഴ്സ്യല്‍ പൈലറ്റ് പ്രോഗ്രാം പഠിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ ഏതെങ്കിലും സ്കോളര്‍ഷിപ്പ് ലഭിക്കുമോ?
വര്‍ഗീസ് മാത്യു, എടത്വ.
കൊമേഴ്സ്യല്‍ പൈലറ്റ് ആകുന്നതിന് രാജ്യത്തെ പ്രധാനപ്പെട്ട ചില സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇന്‍സ്റ്റിറ്റ്യൂട്ടുകളും സ്കോളര്‍ഷിപ്പുകള്‍ പഠിതാക്കള്‍ക്ക് നല്‍കാറുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഉത്തരപ്രദേശിലെ റായിബറേലിയിലെ ഇന്ദിര ഗാന്ധി രാഷ്ട്രീയ ഉഠാന്‍ അക്കാദമിയാണ്. കൊമേഴ്സ്യല്‍ പൈലറ്റ് ആകുന്നതിന് ഈ അക്കാദമി നല്കുന്ന സ്കോളര്‍ഷിപ് അവര്‍ നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയിലെ പഠിതാവിന്റെ സ്കോറിന്റെ അടിസ്ഥാനത്തിലാണ്. ഇതുകൂടാതെ രാജീവ് ഗാന്ധി ഫൗണ്ടേഷന് സ്കോളര്‍ഷിപ് കൊമേഴ്സ്യല്‍ പൈലറ്റ് പരിശീലനത്തിന് തയാറാകുന്ന വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുണ്ട്.
ഇതുകൂടാതെ ഇന്ത്യയിലെ പ്രധാനപ്പെട്ട വ്യോമ ഗതാഗത കമ്പനികളായ ഇന്‍ഡിഗോ/സ്പൈസ് ജെറ്റ് തുടങ്ങിയ സ്ഥാപനങ്ങള്‍ പൈലറ്റ് പരിശീലനത്തിന് പഠിക്കുന്നവർക്ക് സാമ്പത്തിക സഹായം നല്‍കാറുണ്ട്. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ നല്കുന്ന സാമ്പത്തിക സഹായത്തിന് സ്കോളര്‍ഷിപ്പ് ലഭിക്കുന്ന പഠിതാവ് പഠനത്തിനുശേഷം ഒരു നിശ്ചിതകാലം അവര്‍ ഈ കമ്പനിയില്‍ ജോലി ചെയ്യണമെന്ന എഗ്രിമെന്റ്ന്റെ അടിസ്ഥാനത്തിലാണ്.
കൊമേഴ്സില്‍ പൈലറ്റ് ആകുന്നതിന് സാമ്പത്തിക സഹായം ലഭിക്കുന്നതിന് മുകളില്‍ പറഞ്ഞിട്ടുള്ള സ്ഥാപനങ്ങളിലെയും താരതമ്യേന ശ്രമകരമായ പരീക്ഷകള്‍ ഉയര്‍ന്ന സ്കോറോടെ വിജയിക്കേണ്ടതുണ്ട്. ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ മിനിസ്ട്രി ഓഫ് സോഷ്യല്‍ ജസ്റ്റീസ് ആന്‍ഡ് എംപവർമെന്റ് ഒബിസി വിഭാഗത്തില്‍പ്പെട്ട കൊമേഴ്സ്യല്‍ പൈലറ്റ് ആകുന്നതിന് താത്പര്യം കാണിക്കുന്ന കുട്ടികള്‍ക്ക് പഠനത്തിനുള്ള സ്കോളര്‍ഷിപ്പോ സാമ്പത്തിക സഹായമോ അനുവദിക്കാറുണ്ട്. കൂടാതെ മിക്ക സംസ്ഥാനങ്ങളിലെയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഏവിയേഷന്‍ അനുബന്ധമായ പ്രോഗ്രാമുകള്‍ പഠിക്കുന്നതിന് കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാറുണ്ട്.
രാജ്യത്തെ ചില സ്വകാര്യ സ്ഥാപനങ്ങളും ഏജന്‍സികളും അതുപോലെ ട്രസ്റ്റുകളും കുട്ടികള്‍ക്ക് ഇത്തരം പഠനത്തിന് സ്കോളര്‍ഷിപ്പ് നല്‍കാറുണ്ട്. താഴെപ്പറയുന്ന വെബ്സൈറ്റുകള്‍ പരിശോധിച്ചാല്‍ ഈ വിധം സ്കോളര്‍ഷിപ്പ് നല്കുന്ന സ്ഥാപനങ്ങളെക്കുറിച്ച് ലഘുചിത്രം കിട്ടും.
Buddy4Study/WeMakeScholarships.
പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ എനിക്ക് ഈ വര്‍ഷം പോളിടെക്നിക്കിന് ചേരണമെന്നുണ്ട്. പരമ്പരാഗതമായി പോളിടെക്നിക് കോളജുകള്‍ പഠിപ്പിച്ചിരുന്ന ട്രേഡുകളില്‍ നിന്ന് വ്യത്യസ്തമായി പുതിയ ട്രേഡുകള്‍ എന്തെങ്കിലും ഇപ്പോള്‍ പഠിപ്പിക്കുന്നുണ്ടോ?
മുഹമ്മദ് ഇര്ഫാന്, നെടുങ്കണ്ടം.
പരമ്പരാഗതമായി പോളിടെക്നിക് കോളജുകളില്‍ നല്‍കിയിരുന്ന ട്രേഡുകള്‍ അല്ലാതെ 2021 22 അക്കാദമിക വര്‍ഷം പുതിയ ചില ഡിപ്ലോമ ബ്രാഞ്ചുകള്‍ കൂടി കേരളത്തിലെ പോളിടെക്നിക് സ്ഥാപനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട പ്രോഗ്രാമുകള്‍.
1. ഓട്ടോമേഷന്‍ ആന്‍ഡ് റോബോട്ടിക്സ് 2. ക്ലൗഡ് കമ്പ്യൂട്ടിംഗ് ആന്‍ഡ് ബിഗ് ഡാറ്റ 3. കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് കമ്പ്യൂട്ടര്‍ നെറ്റ്്വര്ക്കിംഗ് 4. സൈബര്‍ ഫോറന്‍സിക് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി. 5. റിന്യൂവബിള്‍ എനര്‍ജി 6. റോബോട്ടിക് പ്രോസസ് ഓട്ടോമേഷന്‍.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.polyadmission.org വെബ്സൈറ്റ് സന്ദര്‍ശിക്കുക.
അഡ്വ. ബാബു പള്ളിപ്പാട്ട് കരിയർ ഗൈഡ്
(
[email protected])