കരിയർ കൗണ്‍സലിംഗ് മാത്രം പഠിപ്പിക്കുന്ന ഗവണ്മെന്റ് നിയന്ത്രണത്തിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഏതാണ്്?
രാജൻ മാത്യു, പാലാ
കരിയർ കൗണ്‍സലിംഗ് ഡിപ്ലോമയുമായി എൻസിഇആർടി പ്രോഗ്രാമുകൾ നടത്തുന്നുണ്ട്. കൗണ്‍സലിംഗിനും കൗണ്‍സിലേഴ്സിനും നമ്മുടെ നാട്ടിൽ ആവശ്യം കൂടിവരുന്ന കാലമാണ്. തിരക്കു നിറഞ്ഞതും മറ്റൊരാളെ കേൾക്കാനും പറയാനും സമയമില്ലാത്തതുമായ കാലത്ത്് മറ്റൊരാളുടെ മനസിലെ പ്രശ്നങ്ങൾ കേട്ട് അവരെത്തന്നെ അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിന് പ്രാപ്തമാക്കുന്ന മാനസിക പ്രവൃത്തിയാണല്ലോ കൗണ്‍സലിംഗ്.
ഡിപ്ലോമ ഇൻ കൗണ്‍സലിംഗ്/പിജി ഡിപ്ലോമ ഇൻ കൗണ്‍സലിംഗ്/എംഎ/എംഎസ്സി ഇൻ കൗണ്‍സിലിംഗ് എന്നൊക്കെ പേരുകളിൽ ഇന്ത്യയിലെ വിവിധ സർവകലാശാലകൾ റെഗുലറായും വിദൂര വിദ്യാഭ്യാസം വഴിയും പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നുണ്ട്. എന്നാൽ കരിയർ കൗണ്‍സലിംഗ് പ്രോഗ്രാമുകൾ നൽകുന്ന സർവകലാശാലകൾ രാജ്യത്ത് വളരെക്കുറവാണ്.
എന്നാൽ ഈ രംഗത്ത് വളരെ ശാസ്ത്രീയമായ രീതിയിൽ കരിയർ ഗൈഡൻസ് കൗണ്‍സലിംഗിൽ ഡിപ്ലോമ നൽകുന്ന പ്രോഗ്രാം ഡിപ്ലോമ കോഴ്സി ഇൻ ഗൈഡൻസ് ആൻഡ് കൗണ്‍സലിംഗ് എന്ന എൻസിഇആർടിയുടെ പ്രോഗ്രാമാണ്. ഡൽഹി, മൈസൂർ, അജ്മീർ, ഭോപ്പാൽ, ഭുവനേശ്വർ, ഷില്ലോംങ് എന്നിവിടങ്ങളിലെ എൻസിഇആർടിയുടെ റീജണൽ സെന്ററുകളിൽ പ്രോഗ്രാം ലഭ്യമാണ്. ഏതു റീജണൽ സെന്ററിന്റെ കീഴിലാണ് അപേക്ഷകന്റെ സംസ്ഥാനം വരുന്നത് എന്നുനോക്കി വേണം പ്രവേശനത്തിനായി അപേക്ഷ നൽകാൻ. കേരളം ഉൾപ്പെടുന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അപേക്ഷകർ എൻസിഇആർടിയുടെ മൈസൂറിലെ സെന്ററിലേക്കാണ് പ്രവേശനത്തിനായി അപേക്ഷ സമർപ്പിക്കേണ്ടത്.
ഒരു വർഷക്കാലം പഠന ദൈർഘ്യമുള്ള ഈ പ്രോഗ്രാമിലെ ആറു മാസക്കാലം വിദൂരവിദ്യാഭ്യാസരീതിയിലും തുടർന്നുള്ള മൂന്നു മാസം പഠനകേന്ദ്രത്തിൽ മുഖാമുഖം പഠനവുമായിരിക്കും.
അവശേഷിക്കുന്ന മൂന്നു മാസക്കാലം സ്വദേശത്ത് ഇന്റേൻഷിപ്പ് എന്നിങ്ങനെയാണ് പ്രോഗ്രാമിന്റെ ഉള്ളടക്കം ക്രമീകരിച്ചിട്ടുള്ളത്. ഓരോ കേന്ദ്രത്തിലെയും സീറ്റുകളുടെ എണ്ണം 50 വീതമാണ്.
അധ്യാപകർ/ടീച്ചർ എഡ്യൂക്കേറ്റേഴ്സ്/വിദ്യാഭ്യാസ ഓഫീസർമാർ/കരിയർ മേഖലയുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവർ/ സൈക്കോളജിയിൽ എംഎസ്സി/എംഎ ബിരുദാനന്തര ബിരുദങ്ങൾ നേടിയിട്ടുള്ളവർക്ക് അപേക്ഷ നൽകാം. പ്രാഥമിക സെലക്ഷൻ ലഭിച്ചാൽ പ്രവേശനം ഉറപ്പിക്കുന്ന തിന്റെ ഭാഗമായി എൻസിഇആർടി നടക്കുന്ന ഉപന്യാസരചനയിലും ഇന്റർവ്യൂവിലും അപേക്ഷകൻ പങ്കെടുത്ത് വിജയിക്കണം.
പ്രവേശനത്തിനുള്ള അപേക്ഷ ഓണ്‍ലൈനായാണ് സമർപ്പിക്കേണ്ടത്. സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യത സർട്ടിഫിക്കറ്റുകളുടെ പകർപ്പ് അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് www.ncert.nic.in സന്ദർശിക്കുക.
എംബിഎ പഠിക്കുന്നതിന് ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായാൽ മതിയെന്ന് മനസിലാക്കാൻ കഴിഞ്ഞു. ഞാൻ ബാച്ലർ ഓഫ് ഫൈൻ ആർട്സ് വിജയിച്ച ആളാണ്. എനിക്ക് എംബിഎക്ക് അഡ്മിഷൻ ലഭിക്കുമോ?
അനുരാജ്, അങ്കമാലി
എംബിഎക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം ഉണ്ടായിരിക്കുകയാണ്. എന്നാൽ ഫൈൻ ആർട്സിൽ ലഭിക്കുന്ന ബിരുദം എംബിഎക്ക് പ്രവേശനം ലഭിക്കുന്നതിനുള്ള യോഗ്യതയായി പരിഗണിക്കുകയില്ല. ആയതിനാൽ ചോദ്യകർത്താവിന് നിലവിലുള്ള വിദ്യാഭ്യാസ യോഗ്യതവച്ച് എംബിഎക്ക് പ്രവേശനം ലഭിക്കില്ല.
എനിക്ക് എംജി യൂണിവേഴ്സിറ്റിയിൽനിന്നും കോ ഓപ്പറേഷൻ അഡീഷണൽ ഇലക്ടീവ് പാസായ മാർക്ക് ലിസ്റ്റ് കിട്ടി. ഇതുകൂടാതെ വേറെ സർട്ടിഫിക്കറ്റ് ഉണ്ടോ? അതു ലഭിക്കണമെങ്കിൽ എങ്ങനെ അപേക്ഷിക്കണം?
മുഹമ്മദ് അബ്ബാസ്, കൊടുങ്ങല്ലൂർ
അഡീഷണൽ ഇലക്ടീവ് പാസായാൽ മാർക്ക് ലിസ്റ്റ് കൂടാതെ സർട്ടിഫിക്കറ്റ് ലഭിക്കും. ഈ സർട്ടിഫിക്കറ്റ് ലഭിക്കാൻ എംജി സർവകലാശാലയുടെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള ലിങ്കിൽ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കണം.
അഡ്വ. ബാബു പള്ളിപ്പാട്ട് കരിയർ ഗൈഡ് (
[email protected])