രാജ്യത്തെ ഏതെങ്കിലും നാഷണൽ ലോ യൂണിവേഴ്സിറ്റികൾ ആറു മാസത്തിൽ താഴെ വരുന്ന സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ ഓണ്‍ലൈൻ പഠന മാർഗത്തിൽ ഓഫർ ചെയ്യുന്നുണ്ടോ? ഉണ്ടെങ്കിൽ വിവരിക്കാമോ?
ഹനീഫ് റാവുത്തർ, മട്ടാഞ്ചേരി.
വിദ്യാഭ്യാസ മേഖലയിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമിട്ട ‘2020 ന്യൂ എഡ്യുക്കേഷൻ പോളിസി’ മുന്നോട്ടുവയ്ക്കുന്ന പുതിയ പഠനരീതികളുടെ ഭാഗമായി യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷൻ വിവിധങ്ങളായ സർവകലാശാലകൾക്ക് ഓണ്‍ലൈൻ പ്ലാറ്റ്ഫോമിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും ആരംഭിക്കുന്നതിന് അനുവാദം നൽകിക്കഴിഞ്ഞു. ഓണ്‍ലൈൻ ബിരുദം നേടുന്ന ആളുടെ ക്വാളിഫിക്കേഷൻ റെഗുലറായി പഠിച്ചു നേടുന്ന ക്വാളിഫിക്കേഷനു തുല്യമായി പരിഗണിക്കുന്നു. ഇതിനാൽ ഓണ്‍ലൈനായി പഠിക്കുന്ന പ്രോഗ്രാമുകൾക്ക് കൂടുതൽ സ്വീകാര്യത പഠിതാക്കളുടെ ഇടയിൽ വന്നിരിക്കുകയാണ്. മിക്ക സർവകലാശാലകളും ഓണ്‍ലൈൻ പ്രോഗ്രാമുകൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ്.
എന്നാൽ, രാജ്യത്തെ ചില നാഷണൽ ലോ യൂണിവേഴ്സിറ്റികളാണ് ഓണ്‍ലൈൻ പ്രോഗ്രാം നടത്തുന്നതിനുള്ള അംഗീകാരം നേടുകയും അതിനായി തയാറാകുകയും ചെയ്തിട്ടുള്ളത്. ഇതിൽ ഏറ്റവും മുൻപന്തിയിലുള്ളത് നാഷണൽ ലോ യൂണിവേഴ്സിറ്റി ന്യൂഡൽഹിയാണ്.
നാഷണൽ ലോ യൂണിവേഴ്സിറ്റി ന്യൂഡൽഹി ഏതാനും സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ നിയമപഠനത്തിൽ നൽകുന്നുണ്ട്. ഈ പ്രോഗ്രാമുകൾ താഴെപ്പറയുന്നവയാണ്.
1) Advance Certificate in Corporate Insolvency Law and Practice
നാഷണൽ ലോ യൂണിവേഴ്സിറ്റി നൽകുന്ന ആറുമാസ പ്രോഗ്രാമാണിത്. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും ഒരു വിഷയത്തിലുള്ള ബിരുദം. ഈ പ്രോഗ്രാം നൽകുന്നത് കോർപറേറ്റ് നിയമങ്ങളിലും അനുബന്ധമായി വരുന്ന ഇൻസോൾവെൻസിയുമായി ബന്ധപ്പെട്ട നിയമങ്ങളിലും ആഴത്തിലുള്ള പഠനമാണ്.
2) Certificate Course in Introduction to Contracts, Business Law Basics of Entrepreneurship
പഠന കാലം മൂന്നു മാസം. വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാം കോണ്‍ട്രാക്ട് ഡ്രാഫ്റ്റിംഗിലും കോർപറേറ്റ് നിയമങ്ങളിലും പഠിതാവിന് ഉൾക്കാഴ്ച നൽകുന്ന വിധത്തിലാണ് സിലബസ് തയാറാക്കിയിട്ടുള്ളത്.
3. Certificate Course in Business Transactions and Regulations
പഠന ദൈർഘ്യം മൂന്നു മാസം. വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഈ പ്രോഗ്രാമിലൂടെ പഠിതാവിന് കോണ്‍ട്രാക്ട്, ബിസിനസ്, വ്യവസായം, മറ്റ് അനുബന്ധ മേഖലകളുമായി ബന്ധപ്പെട്ട റെഗുലേഷൻസിനെ സംബന്ധിച്ച് ആഴത്തിലുള്ള പരിചയപ്പെടുത്തലാണ് ലഭിക്കുക.
4) Certificate Course in Dispute
Resolution
പഠനകാല കാലദൈർഘ്യം മൂന്നു മാസം. വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം. ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാമിലൂടെ ഇന്ത്യൻ വിദ്യാർഥികൾക്ക് വിദേശ രാജ്യങ്ങളിലെ നിയമങ്ങൾ ഇന്ത്യൻ കോടതിയിൽ സ്വീകരിക്കുന്നതിനെ സംബന്ധിച്ചും അതിനു റദ്ദാക്കുന്നതിനെക്കുറിച്ചും അത് ഏതു വിധം പ്രാവർത്തികമാക്കാം എന്നതിനെ സംബന്ധിച്ചും സമഗ്രമായ അറിവ് പ്രദാനം ചെയ്യുന്നതാണ്.
5 ) Certificate Course in Human Resource
Intellectual Property, compliance, policy.
പഠനകാലം മൂന്നു മാസം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം. കന്പനികളിൽ ജോലി ചെയ്യുന്നവർ കന്പനിയുടെ വിവിധങ്ങളായ ഇന്റലക്ച്വൽ പ്രോപ്പർട്ടി എങ്ങനെ കൈകാര്യം ചെയ്യണം ഏതുവിധത്തിൽ അത് സൂക്ഷിക്കപ്പെടണം ക്രമീകരിക്കപ്പെടണം എന്നതിനെക്കുറിച്ചെല്ലാമുള്ള വിശദാംശമാണ് ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാം നൽകുന്നത്.
6) Certificate in Venture Capital, Securities
Regulation, Cooperative Governance
പഠനകാലം മൂന്നു മാസം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത ബിരുദം. ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഫോക്കസ് നൽകുന്നത് കോർപറേറ്റ് മേഖലയിൽ ക്യാപ്പിറ്റൽ ഇൻവെസ്റ്റ് ചെയ്യുന്പോൾ അതുമായി ബന്ധപ്പെട്ട സെക്യൂരിറ്റി നിയമങ്ങളും റെഗുലേഷൻസും അവയുടെ ആപ്ലിക്കേഷൻ സംബന്ധിച്ചുമുള്ള ആഴത്തിലുള്ള പഠനമാണ്.
7) Certificate in Group and Cross Border
Insolvency Laws
പഠന കാലം മൂന്നുമാസം. ഇന്റർനാഷണൽ ക്രോസ് ബോർഡർ ഇൻസോൾവെൻസി പ്രതിസന്ധികളെയും അതുമായി ബന്ധപ്പെട്ട അന്തർദേശീയ നിയമങ്ങളെയും റെഗുലേഷനെയും കുറിച്ചുള്ള പഠനം ആണിത്.
8) Certificate in Insolvency and Bankruptcy of Individuals and Guarantors
വ്യക്തികളുടെ ഇൻസോൾവെൻസി പ്രാക്ടീസുകളുമായി ബന്ധപ്പെട്ട നിയമങ്ങളെ സംബന്ധിക്കുന്ന പഠനമാണ് ഈ പ്രോഗ്രാം ഫോക്കസ് ചെയ്യുന്നത്. അടിസ്ഥാനവിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും ഒരു വിഷയത്തിലുള്ള ബിരുദം.
9) Certificate Course in Sports and Dispute
Resolution
ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാം ഓഫർ ചെയ്തിരിക്കുന്നത് രാജീവ് ഗാന്ധി നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ലോ, പട്യാല,പഞ്ചാബ് ആണ്. അടിസ്ഥാന യോഗ്യത ഏതെങ്കിലും ഒരു വിഷയത്തിലുള്ള ബിരുദം. പഠനം കാലം മൂന്ന് മാസം.
ഓരോ സർട്ടിഫിക്കറ്റ് കോഴ്സുകളുടെയും പേര് സൂചിപ്പിക്കുന്നതുപോലെ അതാത് വിഷയങ്ങളുമായി ബന്ധപ്പെട്ട ആഴത്തിലുള്ള ഉൾക്കാഴ്ച നൽകും വിധമാണ് സിലബസും പ്രോഗ്രാമിന്റെ കണ്ടന്റും ക്രമീകരിച്ചിട്ടുള്ളത്. കൂടാതെ നിയമ വിദ്യാഭ്യാസ മേഖലയിലെ പരിചയസന്പന്നരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്.
പ്രോഗ്രാം ഏതു ബിരുദധാരികൾക്കും പഠിക്കാൻ സാധ്യമാകുമെങ്കിലും നിയമപഠനം പൂർത്തീകരിച്ച് ഇപ്പോൾ അഭിഭാഷകരായി പ്രാക്ടീസ് ചെയ്യുന്നവർക്കും അല്ലെങ്കിൽ അഭിഭാഷകവൃത്തി കരിയർ ആയി തെരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്കും അക്കൗണ്ടിംഗ് കോണ്‍ട്രാക്ട് ഡ്രാഫ്റ്റിംഗ്, ബാങ്കിംഗ്, ഇൻഷുറൻസ് മേഖലകളിൽ പ്രവർത്തിക്കുന്നവർക്കും തങ്ങളുടെ കരിയർ വളർച്ചയ്ക്ക് ഈ പ്രോഗ്രാമുകൾ ഏറെ സഹായകമാണ്.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ് (
[email protected])