കീം 2025 : ഓൺലൈൻ അപേക്ഷയിലെ ഫോട്ടോയും വിശദാംശങ്ങളും പരിശോധിക്കാൻ അവസരം
തിരുവനന്തപുരം: 202526 അധ്യയനവർഷത്തെ കേരള എൻജിനിയറിംഗ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അവർ അപേക്ഷയിൽ നൽകിയ ഫോട്ടോ, ഒപ്പ്, പേര് എന്നിവ പരിശോധിക്കുന്നതിന് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിൽ അവസരം ലഭ്യമാക്കിയിട്ടുണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee. kerala.gov.in എന്ന വെബ്സൈറ്റിൽ നൽകിയിട്ടുള്ള ‘KEAM2025 Candidate Portal’ എന്ന ലിങ്കിൽ അപേക്ഷാനമ്പറും പാസ്വേഡും നൽകി ലോഗിൻ ചെയ്യുമ്പോൾ ദൃശ്യമാകുന്ന പ്രൊഫൈൽ പേജിൽ അപേക്ഷകരുടെ ഫോട്ടോ, ഒപ്പ്, പേര് തുടങ്ങിയ വിവരങ്ങൾ നൽകിയിട്ടുണ്ട്.
അപേക്ഷയിൽ നൽകിയിരിക്കുന്ന ഫോട്ടോ, ഒപ്പ് എന്നിവയിലെ ന്യൂനതകൾ പ്രൊഫൈൽ പേജിൽ ലഭ്യമാക്കിയിരിക്കുന്ന ‘Memo details’ എന്ന മെനു ക്ലിക്ക് ചെയ്തു ശരിയായ ഫോട്ടോഗ്രാഫ്, ഒപ്പ്, പത്താം ക്ലാസ് സർട്ടിഫിക്കറ്റ് എന്നിവ അപ്ലോഡ് ചെയ്ത് എട്ടിനു വൈകുന്നേരം അഞ്ചിനുള്ളിൽ പരിഹരിക്കണം. വിശദവിവരങ്ങൾക്ക് പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.
ഹെൽപ് ലൈൻ: 04712525300, 2332120, 2338487