ആകർഷക സാധ്യതകളുമായി കൊമേഴ്സ്
കിരൺ ജെ.കെ.വി.
കൊമേഴ്സ് നല്കുന്ന കരിയര്‍ സാധ്യതകള്‍ പരിമിതിമാണെന്ന ധാരണ ചിലര്‍ക്കെങ്കിലുമുണ്ട്. എന്നാല്‍, ഫിനാന്‍സും ബിസിനസും മുതല്‍ നിയമവും മാനേജ്മെന്റും വരെ നീളുന്ന ഓപ്ഷനുകള്‍ കൊമേഴ്സിന് അവകാശപ്പെടാനുണ്ട്. മാത്തമാറ്റിക്സ് ഒഴിവാക്കിയുള്ള മേഖലകള്‍ വേണമെന്നുള്ളവര്‍ക്ക് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗും കോര്‍പറേറ്റ് ലോയും ഒക്കെ തെരഞ്ഞെടുക്കാം.
മാത്തമാറ്റിക്സ് ഇഷ്ടപ്പെടുന്നവര്‍ക്ക് ഇന്‍വെസ്റ്റ്മെന്റ് ബാങ്കിംഗും ഡാറ്റാ അനലിറ്റിക്സും അക്കൗണ്ടിംഗും എടുക്കാം. അനുദിനം വളരുന്ന ഡിജിറ്റലൈസേഷനും പടരുന്ന ആഗോളവത്കരണവും ഒപ്പം സാങ്കേതികവിദ്യയുടെ പിടിച്ചാല്‍ കിട്ടാത്ത കുതിപ്പുമെല്ലാം ചേര്‍ന്ന് വരുംകാലത്ത് കൊമേഴ്സ് അനുബന്ധ മേഖലകള്‍ക്ക് വന്‍ ഉത്തേജനം നല്‍കുമെന്നാണ് കരുതപ്പെടുന്നത്. പ്ലസ് ടുവിൽ കൊമേഴ്സ് പഠിച്ച പശ്ചാത്തലമുള്ളവര്‍ക്ക് ഭാവിയില്‍ പരിഗണിക്കാവുന്ന തൊഴില്‍സാധ്യതകളില്‍ ചിലത് ഇവയാണ്.
ചാര്‍ട്ടേഡ് അക്കൗണ്ടന്റ്
കൊമേഴ്സ് പശ്ചാത്തലത്തിലുള്ളവര്‍ക്ക് ഏറ്റവും അഭിമാനം നല്‍കുന്നതും സാമ്പത്തികഭദ്രത നല്‍കുന്നതുമായ കരിയറുകളില്‍ മുന്‍പന്തിയിലാണ് ഇത്. ഓഡിറ്റിംഗ്. ടാക്സ് പ്ലാനിംഗ്, ഫിനാന്‍ഷ്യല്‍ റിപ്പോര്‍ട്ടിംഗ് എന്നിവയോടൊപ്പം ബിസിനസുകള്‍ക്കും വ്യക്തികള്‍ക്കും വിലപ്പെട്ട സാമ്പത്തികോപദേശങ്ങള്‍ നല്‍കുകയെന്ന ചുമതലയാണ് ഈ പ്രഫഷണലുകളില്‍ നിക്ഷിപ്തമായിരിക്കുന്നത്. പ്ലസ് ടു കഴിഞ്ഞവര്‍ സിഎ ഫൗണ്ടേഷന് കോഴ്സിന് ചേരാന്‍ തയാറെടുക്കുക. തുടക്കക്കാരായ പ്രഫഷണലുകൾക്ക് ആറു ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനം ലഭിച്ചേക്കാം.
ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ക്ക് വിദേശത്തും തൊഴിലവസരം തേടാവുന്നതാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICAI) നല്കുന്ന പരിശീലനം ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതാണ്. യുകെ, യുഎസ്, ഓസ്ട്രേലിയ, ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, സിംഗപ്പൂര്‍ എന്നിവിടങ്ങളിലും ഇന്ത്യന്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുകള്‍ ജോലി ചെയ്യുന്നുണ്ട്. ചില രാജ്യങ്ങൾ ACCA, CPA, CFAതുടങ്ങിയ അധിക യോഗ്യതകള്‍ അവശ്യപ്പെട്ടേക്കാം.
കമ്പനി സെക്രട്ടറി
കോര്‍പറേറ്റ് പടവുകള്‍ കയറി ഉന്നതപദവിയും മികച്ച ശമ്പളവും കൈപ്പിടിയിലൊതുക്കാന്‍ താരതമ്യേന കുറഞ്ഞ പണംമുടക്കില് ലഭിക്കുന്ന അവസരമാണ് കമ്പനി സെക്രട്ടറിയാകാനുള്ള പരിശീലനം. കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റ്, എക്സിക്യൂട്ടീവ് പ്രോഗ്രാം, പ്രഫഷണല്‍ പ്രോഗ്രാം എന്നീ കടമ്പകളാണ് കടക്കേണ്ടത്. പ്ലസ് ടു കൊമേഴ്സ് ജയിച്ചവര്‍ക്ക് കമ്പനി സെക്രട്ടറി എക്സിക്യൂട്ടീവ് എന്‍ട്രന്‍സ് ടെസ്റ്റിന് രജിസ്റ്റര്‍ ചെയ്യാം.
കമ്പനികള്‍ നിയമങ്ങള്‍ പാലിക്കുന്നുണ്ടോയെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തമാണ് ഇവര്‍ക്ക് പ്രധാനമായും ഉള്ളത്. നിയമനങ്ങള്‍, അക്കൗണ്ടിംഗ്, ഓഡിറ്റിംഗ് എന്നിവയും ജോലിയുടെ ഭാഗമാണ്. ഡയറക്ടര്‍ ബോര്‍ഡുമായി അടുത്തിടപഴകുന്ന ജോലി പല കമ്പനികളിലും വളരെ പ്രധാനപ്പെട്ട സ്ഥാനമാണ് ലഭിക്കുന്നത്. പ്രതിവര്‍ഷം അഞ്ചു ലക്ഷം രൂപ വരെയാണ് തുടക്കത്തില്‍ ഒരു കമ്പനി സെക്രട്ടറിക്ക് ഇന്ത്യയില്‍ ലഭിക്കുക.
ഹോട്ടല്‍ മാനേജ്മെന്റ്
ഏത് സ്ട്രീമില്നിന്നുള്ളവര്ക്കും കടന്നുചെല്ലാവുന്ന മേഖയാണിതെങ്കിലും കൊമേഴ്സ് പഠനപശ്ചാത്തലമുള്ളവര്ക്ക് അല്പം മേല്‍ക്കൈ ഇവിടെ ലഭിക്കുമെന്ന് പറയാം. ബിസിനസ് തത്വങ്ങള്‍, അക്കൗണ്ടിംഗ്, ഫിനാന്‍സ് എന്നിവയില്‍ കൊമേഴ്സുകാര്‍ക്കുള്ള അടിത്തറ ഇവിടെ പ്രയോജനപ്പെടും.
വിശകലനാത്മകമായി ചിന്തിക്കാനും പ്രശ്നങ്ങള്‍ പരിഹരിക്കാനും കൊമേഴ്സുകാര്‍ക്ക് കഴിയും. പ്ലസ്ടുവില്‍ 50% മാര്‍ക്കുണ്ടെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഹോട്ടല്‍ മാനേജ്മെന്റ് ആന്‍ഡ് കേറ്ററിംഗ് ടെക്നോളജി ജോയിന്റ് എന്‍ട്രന്‍സ് എക്സാം (NCHMCTJEE) എഴുതാന്‍ പരിശ്രമിക്കാം. കരിയര്‍ വളര്‍ച്ചയ്ക്ക് സാധ്യതയുള്ള മേഖലയില്‍ മൂന്നു മുതല്‍ അഞ്ചു ലക്ഷം വരെ രൂപ വരെ തുടക്കക്കാര്‍ക്ക് പ്രതിവര്‍ഷം ലഭിക്കാം. ഇന്ത്യയില്‍ അനുദിനം വളരുന്ന ഒന്നാണ് ഹോസ്പിറ്റാലിറ്റി മേഖലയെന്നതും പ്രതീക്ഷ നല്കുന്ന വസ്തുതയാണ്.
ഫിനാന്‍ഷ്യല്‍ അനലിസ്റ്റ്
മികച്ച നിക്ഷേപ തീരുമാനങ്ങളെടുക്കാന്‍ ബിസിനസുകളെ സഹായിക്കാന്‍ ഫിനാന്‍ഷ്യല്‍ അനലിസ്റ്റുകള്‍ കൂടിയേ തീരൂ. മാര്‍ക്കറ്റിലെ ട്രെന്‍ഡുകള്‍, ഫിനാന്‍ഷ്യല്‍ ഡാറ്റ, സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ എന്നിവ വിശകലനം ചെയ്ത് ഉചിതമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ സാമ്പത്തിക കാര്യങ്ങളിലും ഡാറ്റാ അനാലിസിസിലും വിപണിയുടെ സ്വഭാവത്തിലുമൊക്കെ താത്പര്യമുള്ളവര്‍ക്ക് സാധിക്കും. കൊമേഴ്സ്, ഫിനാന്‍സ്, ഇക്കണോമിക്സ് അല്ലെങ്കില്‍ ഏതെങ്കിലും സമാനവിഷയത്തിലോ ഡിഗ്രി എടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്.
നാല് മുതല്‍ എഴ് ലക്ഷം വരെ ആദ്യകാലത്ത് വാര്‍ഷികവരുമാനം ലഭിക്കുന്ന ഈ ജോലിയില്‍ പ്രവൃത്തിപരിചയം വര്‍ധിപ്പിക്കുന്നതിനനുസരിച്ച് മുന്നേറ്റവുമുണ്ടാകും. കമ്പനികള്‍ക്കുവേണ്ടി ഡാറ്റാ ശേഖരണവും വിശകലനവും, ഫിനാന്‍ഷ്യല്‍ മോഡലിംഗ്, പെര്‍ഫോമന്‍സ് വിലയിരുത്തല്‍, ബജറ്റ് രൂപീകരണം, റിസ്ക് വിലയിരുത്തല്‍, റിസ്ക് ലഘൂകരിക്കാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരിക്കല് എന്നിവയെല്ലാം ഫിനാന്‍ഷ്യല്‍ അനലിസ്റ്റുകളുടെ ചുമതലകളില്‍ പെടും.