കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസം വഴി നൽകുന്ന പ്രോഗ്രാമുകൾക്ക് അംഗീകാരം ഉണ്ടോ? ഏതെല്ലാം പ്രോഗ്രാമുകളാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസം വഴി ഓഫർ ചെയ്യുന്നത്? സയൻസിലുള്ള പ്രോഗ്രാമുകൾ വിദൂര വിദ്യാഭ്യാസം വഴി കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രോഗ്രാം നടത്തുന്നുണ്ടോ?
മഹേഷ് മധു, അത്താണി
കേരളത്തിലെ മൾട്ടി ഡിസിപ്ലിനറി പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്ന സർവകലാശാലകൾ മുഴുവനായും ഓപ്പണ്‍ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ പ്രോഗ്രാമുകൾ നടത്തുന്നതിനുള്ള അംഗീകാരം യുജിസിയും ഡിസ്റ്റൻസ് എഡ്യൂക്കേഷൻ കൗണ്‍സിലും നൽകിയിട്ടില്ല. താഴെപ്പറയുന്ന പ്രോഗ്രാമുകളാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസം വിദ്യാർഥികൾക്കായി ഓഫർ ചെയ്യുന്നത്.
ബിരുദ പ്രോഗ്രാമുകൾ: അഫ്സൽഉൽഉലമ, സോഷ്യോളജി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഫിലോസഫി, ബിബിഎ, ബികോം.
ബിരുദാനന്തരബിരുദ പ്രോഗ്രാമുകൾ: അറബിക്, സോഷ്യോളജി, ഇക്കണോമിക്സ്, ഹിന്ദി, ഹിസ്റ്ററി, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, എംകോം, എംഎസ്സി മാത്തമാറ്റിക്സ്.
പൊതുവേ കേരളത്തിലെ സർവകലാശാലകൾ വിദൂര വിദ്യാഭ്യാസം വഴി പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്പോൾ ലാബ് ആവശ്യം വരുന്ന സയൻസ് വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നില്ല. കേരളത്തിലെ സർവകലാശാലകൾ പൊതുവേ വിദൂര വിദ്യാഭ്യാസം വഴി ഓഫർ ചെയ്യുന്നത് മാത്തമാറ്റിക്സ് ബിരുദവും ബിരുദാനന്തര പ്രോഗ്രാമുകളും ആണ്. എന്നാൽ, കേരളത്തിനു പുറത്തുള്ള പല സർവകലാശാലകളും, ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്‍ യൂണിവേഴ്സിറ്റി, ന്യൂഡൽഹി അടക്കമുള്ള സർവകലാശാലകൾ സയൻസ് ഫാക്കൾട്ടിയിൽ വിദൂര വിദ്യാഭ്യാസം വഴി ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകൾ നൽകാറുണ്ട്.
കേരളത്തിന്റെ സാഹചര്യത്തിൽ അത്തരം പ്രോഗ്രാമുകൾ പഠിച്ചു തിരിച്ചു കേരളത്തിലെത്തി ഏതെങ്കിലും തരത്തിലുള്ള തൊഴിലിനായി സമീപിക്കുന്പോൾ തൊഴിൽ ദാതാവ് ഈ പ്രോഗ്രാമുകൾക്ക് നൽകുന്ന തുല്യതാ സർട്ടിഫിക്കറ്റ് ആവശ്യപ്പെടും. ഈ തുല്യതാ സർട്ടിഫിക്കറ്റ് നൽകിയാൽ മാത്രമേ പ്രസ്തുത പ്രോഗ്രാമിന് കേരളത്തിൽ അംഗീകാരം ഉണ്ടാകൂ. എന്നാൽ, കേരളത്തിലെ സർവകലാശാലകൾ ഇത്തരം പ്രോഗ്രാമുകൾക്ക് പൊതുവേ തുല്യത സർട്ടിഫിക്കറ്റ് നൽകാറില്ല.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ സർവകലാശാലകൾ നൽകുന്ന സയൻസ് ഫാക്കൾട്ടിയിൽ പെടുന്ന ഗണിതശാസ്ത്രം ഒഴികെയുള്ള പ്രോഗ്രാമുകൾക്ക് അംഗീകാരം ലഭിക്കാൻ സാധ്യത വളരെ കുറവാണ്. ഇടയ്ക്ക് യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷന്റെ ഉത്തരവുപ്രകാരം കേരളത്തിലെ എല്ലാ സർവകലാശാലയും വിദൂര വിദ്യാഭ്യാസ പ്രോഗ്രാം നിർത്തിയിരുന്നു. തുടർന്ന് കേരള യൂണിവേഴ്സിറ്റി തിരുവനന്തപുരം/കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്നിവർ ഈ പ്രോഗ്രാം പുനഃസ്ഥാപിക്കുന്നതിന് അപേക്ഷ നൽകിയിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ യൂണിവേഴ്സിറ്റി ഗ്രാൻഡ്സ് കമ്മീഷണൻ 2026 ജനുവരി സെഷൻ വരെ വിദൂര വിദ്യാഭ്യാസം വഴി വിവിധ പ്രോഗ്രാമുകളിൽ പഠിതാക്കളെ പ്രവേശിപ്പിച്ച് പ്രോഗ്രാമുകൾ നടത്തുന്നതിന് കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് അനുവാദം നൽകിയിട്ടുണ്ട്. ആയതിനാൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മുകളിൽ സൂചിപ്പിച്ച എല്ലാ പ്രോഗ്രാമുകൾക്കും അംഗീകാരമുണ്ട്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഏതൊക്കെ ഹ്യൂമാനിറ്റീസ് ലാംഗ്വേജ് വിഷയങ്ങളിലാണ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നത്? ഏത് ഐഐടിയാണ് ഈ പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നത്?
വൈശാഖൻ, മാനന്തവാടി
എൻജിനിയറിംഗ് ടെക്നോളജി പഠനത്തിലെ രാജ്യത്തെ മുൻനിര സ്ഥാപനമാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി. സാങ്കേതിക പഠനത്തിനായി സ്ഥാപിക്കപ്പെട്ടതാണ് ഈ സ്ഥാപനങ്ങൾ. എങ്കിലും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മദ്രാസിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ്. മാനവിക വിഷയങ്ങളിൽ അഞ്ചുവർഷ പഠന ദൈർഘ്യമുള്ള ഇൻന്റഗ്രേറ്റഡ് പ്രോഗ്രാം പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞ് വിദ്യാർഥികൾക്കായി ഓഫർ ചെയ്യുന്നുണ്ട്.
ഡെവലപ്മെന്റ് സ്റ്റഡീസിലും ഇംഗ്ലീഷ് ഭാഷയിലും സാന്പത്തിക ശാസ്ത്രത്തിലുമാണ് സംയോജിത പഠന രീതിയിൽ ( Integreted Programmes) പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നത്. പഞ്ചവത്സര പ്രോഗ്രാമുകൾക്ക് മാർക്ക് അടിസ്ഥാനത്തിൽ അല്ല പ്രവേശനം; മറിച്ച് ദേശീയതലത്തിൽ നടത്തപ്പെടുന്ന പ്രവേശന പരീക്ഷയുടെ റാങ്ക് അടിസ്ഥാനത്തിലായിരിക്കും. ഇതിലേക്കായി നടത്തപ്പെടുന്ന പ്രവേശന പരീക്ഷ അറിയപ്പെടുന്നത് Humanities and Social Science Entrance Examination എന്ന പേരിലാണ്. പ്രവേശനം ലഭിക്കുന്ന വിദ്യാർഥികൾക്ക് കേന്ദ്രസർക്കാർ അനുവദിച്ചിട്ടുള്ള എല്ലാ സംവരണ ആനുകൂല്യങ്ങളും ലഭിക്കും.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ് (
[email protected])