മഹാത്മാഗാന്ധി സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകൾ നടത്തുന്ന എംഎ/എംഎസ്സി ബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഏകജാലകം വഴിയാണല്ലോ പ്രവേശനം. ഇതേ വിധത്തിൽ തന്നെയാണോ സർവകലാശാലയുടെ വിവിധ ഡിപ്പാർട്ട്മെന്റുകളിലെ എംഎ/എംഎസ്സി പ്രോഗ്രാമുകളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത്?
അഭിനവ്, തിരുവാർപ്പ് കോട്ടയം
മഹാത്മാഗാന്ധി സർവകലാശാല കോട്ടയത്തിന്റെ കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി ഡിപ്പാർട്ട്മെന്റുകൾ നടത്തുന്ന ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിന് സർവകലാശാല ഓരോ അധ്യയന വർഷം ആരംഭിക്കുന്നതിന് വളരെ മുന്പുതന്നെ പ്രവേശന പരീക്ഷ നടത്താറുണ്ട്.
കേരളത്തിലെ എല്ലാ ജില്ലകളിലെയും കുട്ടികൾക്ക് പരീക്ഷ എഴുതാവുന്ന വിധത്തിൽ സംസ്ഥാനത്തിന്റെ പലയിടങ്ങളിലായി പരീക്ഷാകേന്ദ്രങ്ങളും നൽകാറുണ്ട്. ഈ വിധത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയിൽ മികവ് തെളിയിക്കുന്ന കുട്ടികളുടെ പ്രഫഷണൽ റാങ്ക് ലിസ്റ്റ് തയാറാക്കി ഓരോ വ്യത്യസ്ത ഡിപ്പാർട്ട്മെന്റുകളും അവർ ഓഫർ ചെയ്യുന്ന പ്രോഗ്രാമുകൾക്ക് അനുയോജ്യമായ ക്വാളിറ്റി ഉണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള ഇന്റർവ്യൂ/ഗ്രൂപ്പ് ഡിസ്കഷൻ മുതലായവ നടത്തും.
തുടർന്ന് അന്തിമമായ ഒരു റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള എല്ലാവിധ സംവരണ തത്വങ്ങളും പാലിക്കപ്പെട്ടാണ് യൂണിവേഴ്സിറ്റി സ്റ്റാറ്റ്യൂട്ടറി ഡിപ്പാർട്ട്മെന്റുകൾ ഓഫർ ചെയ്യുന്ന വ്യത്യസ്ത ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നത്.
പ്രവേശന പരീക്ഷ എഴുതുന്നതിന് പരീക്ഷ നടക്കുന്ന സമയത്ത് ഓരോ പ്രോഗ്രാമിനും നിശ്ചയിക്കപ്പെട്ടിട്ടുള്ള അടിസ്ഥാന യോഗ്യതയുടെ അവസാന വർഷ പഠനം നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാർഥികൾക്കും അപേക്ഷിക്കാൻ അവസരം ലഭിക്കും. ഈ വിധത്തിൽ പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സർവകലാശാലയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന വിജ്ഞാപനങ്ങൾ ശ്രദ്ധിക്കുക.
എന്നാൽ, മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളിൽ (ഓട്ടോണമസ് കോളജുകൾ ഒഴികെ) നൽകുന്ന എല്ലാ ബിരുദാനന്തര പ്രോഗ്രാമിലേക്കും പ്രവേശനം നൽകുന്നത് കോമണ് അലോട്ട്മെന്റ് പ്രോസസിലൂടെയാണ്. ഇത് രണ്ടും വ്യത്യസ്തങ്ങളായ രീതികളാണ്.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ് (
[email protected])