സിആപ്റ്റ് തിരുവനന്തപുരം 10, 12 ക്ലാസുകൾ ജയിച്ചവർക്ക് മാത്രമായി നടത്തുന്ന ഡിപ്ലോമ ഇൻ മൾട്ടിമീഡിയ പ്രോഗ്രാമിംഗ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്വേർ ആൻഡ് നെറ്റ്വർക്കിംഗ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്ന കോഴ്സുകളെ സംബന്ധിച്ച് വിവരിക്കാമോ?
സതീഷ് കുമാർ (നാട്ടകം, കോട്ടയം)
സിഅപ്റ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കേരള സ്റ്റേറ്റ് സെന്റർ ഫോർ ആഡ്വാൻസ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ് (Kerala State Centre for Adavanced Printing & Training) തിരുവനന്തപുരം ഡിവിഷൻ 10, 12 ക്ലാസ് മാത്രം അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള പഠിതാക്കൾക്കായി ഏറെ തൊഴിലവസരങ്ങളുള്ള കംപ്യൂട്ടർ സയൻസ്, ആനിമേഷൻ, മൾട്ടിമീഡിയ അനുബന്ധമായ ഡിപ്ലോമ പ്രോഗ്രാമുകൾ പഠിക്കുന്നതിന് അവസരമൊരുക്കുന്നുണ്ട്. 10, 12 ക്ലാസ് യോഗ്യതകൾ മാത്രമുള്ള വിദ്യാർഥികൾക്കായി സിആപ്റ്റ് ധാരാളം പ്രോഗ്രാമുകൾ ഓഫർ ചെയ്യുന്നുണ്ടെങ്കിലും ചോദ്യകർത്താവ് ചോദിച്ച പൊതുവേ തൊഴിലവസരങ്ങളും കരിയർ സാധ്യതയും കൂടുതലുള്ള പ്രോഗ്രാമുകളാണ് കുട്ടികൾ കൂടുതൽ തെരഞ്ഞെടുക്കുന്നത്. ഈ പ്രോഗ്രാമുകളുടെ വിശദാംശങ്ങൾ ഇവയാണ്.
1) ഡിപ്ലോമ ഇൻ മൾട്ടിമീഡിയ
പ്രോഗ്രാമിംഗ്: പ്രവേശനം ലഭിക്കുന്നതിന് വേണ്ട അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ജയിച്ചിട്ടുണ്ടാവുക എന്നതാണ്. ഒരു വർഷമാണ് ഈ പ്രോഗ്രാമിന്റെ പഠനകാല ദൈർഘ്യം. 27,258 രൂപയും ജിഎസ്ടിയും ഉൾപ്പെടുന്നതാണ് കോഴ്സ് ഫീസ്. MS Window, Adobe Pagemaker, Adobe Photoshop, Adobe Premier Pro 2, Adobe Illustrator, 3D Studio Max, Mayaഎന്നീ പ്രോഗ്രാമുകളെ സംബന്ധിക്കുന്ന വിശദമായ പഠനമാണ് സിലബസിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
2) ഡിപ്ലോമ ഇൻ കംപ്യൂട്ടർ ഹാർഡ്വേർ ആൻഡ്
നെറ്റ്വർക്കിംഗ്: ഈ പ്രോഗ്രാമിനും പ്രവേശനം ലഭിക്കുന്നതിനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ് ജയിക്കുക എന്നതാണ്. ഒരു വർഷമാണ് ഈ പ്രോഗ്രാമിന്റെയും പഠനകാലയളവ്. 29,768 രൂപയും ജിഎസ്ടിയും പ്രോഗ്രാം ഫീസ് ആയി അടയ്ക്കേണ്ടി വരും. താഴെ കൊടുത്തിരിക്കുന്നതാണ് ഈ പ്രോഗ്രാമിലെ സിലബസ് കണ്ടന്റ്. Electronics, Soldering, SMD Rework, Introduction to Computers, Block Diagram of Motherboardboard, Identification of Computer Chips, Input and Output of computers Peripherals, Assembling, Networking, Foult Finding and Trouble Shooting, Operating System (Linux and Windows).
3) ഡിപ്ലോമ ഇൻ
കംപ്യൂട്ടർ ആപ്ലിക്കേഷൻസ്: ഈ പ്രോഗ്രാമിൽ ചേരുന്നതിന് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത പന്ത്രണ്ടാം ക്ലാസ് ആണ്. ഒരു വർഷം തന്നെയാണ് ഈ പ്രോഗ്രാമിന്റെയും പഠനകാലയളവ്. രണ്ട് സെമസ്റ്റർ ആയിട്ടാണ് കോഴ്സ്. 9,605 രൂപയും ജിഎസ്ടിയും ഉൾപ്പെടുന്നതാണ് പ്രോഗ്രാം ഫീസ്. Computer Fundamentals, Operating System (Linux and Windows ), Internet, PC Software, Programming in C, DBMS and PL(SQL), Visual Basic, Project ഉൾപ്പെടുന്ന വിപുലമായ സിലബസ് ആണ് ഈ പ്രോഗ്രാമിലും ചേർത്തിട്ടുള്ളത്.
ഒരു വർഷത്തെ പഠന ദൈർഘ്യം മാത്രമുള്ള ഈ പ്രോഗ്രാമുകൾക്ക് സാമാന്യം ഉയർന്ന ഫീസ് നിരക്കാണെങ്കിലും SC/ST/ OEC എന്നീ സംവരണ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് ഇഗ്രാൻഡ്സ് പ്രകാരമുള്ള ഫീസ് അനുകൂല്യങ്ങൾ പഠിതാവിന് ലഭിക്കും. ബിസി/എസ്സിബിസി/മറ്റ് മുന്നാക്ക സമൂഹങ്ങളിലെ കുട്ടികൾക്കും അവരുടെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഫീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് യോഗ്യതയുണ്ട്. കംപ്യൂട്ടർ അനുബന്ധ മേഖലയിലെ ഏറ്റവും ആധുനികമായ സാങ്കേതിക വിഷയങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള കരിക്കുലമാണ് ഈ പ്രോഗ്രാമുകളുടെ പ്രത്യേകത. ക്ലാസുകളും പരീക്ഷയും പഠന മെറ്റീരിയലും പൂർണമായും ഇംഗ്ലീഷ് ഭാഷയിൽ തന്നെ ആയിരിക്കും.
അപേക്ഷിക്കേണ്ടത് എങ്ങനെ?
ഓണ്ലൈനായി ഈ പ്രോഗ്രാമുകൾക്ക് പ്രവേശനം ലഭിക്കാൻ അപേക്ഷ സമർപ്പിക്കാൻ കഴിയില്ല. സി അപ്റ്റിന്റെ ഒൗദ്യോഗിക വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാഫോമിന്റെ മാതൃക ഡൗണ്ലോഡ് ചെയ്തെടുത്ത് പൂരിപ്പിച്ച്, തിരുവനന്തപുരത്ത് മാറാൻ കഴിയുന്ന Managing Director, C APT എന്ന പേരിൽ എടുത്തിട്ടുള്ള 100 രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്/മാർക്ക് ലിസ്റ്റ്/ജാതി സർട്ടിഫിക്കറ്റ്/വരുമാന സർട്ടിഫിക്കറ്റ് അടക്കമുള്ള രേഖകളുടെ പകർപ്പുകൾ സ്വയം സാക്ഷ്യപ്പെടുത്തി പൂരിപ്പിച്ച അപേക്ഷാഫോമിനോപ്പം അയയ്ക്കണം. ഡിഡി എടുത്തിട്ടുള്ള മാനേജർ ഡയറക്ടറുടെ പേരിൽ തന്നെയാണ് അപേക്ഷാഫോം അയയ്ക്കേണ്ടത്. അയയ്ക്കുന്ന ഓരോ അപേക്ഷയുടെയും കവറിനു പുറത്ത് ഏത് കോഴ്സിനാണോ ചേരാൻ ആഗ്രഹിക്കുന്നത് ആ കോഴ്സിന്റെ പേര്, ആപ്ലിക്കേഷൻ ഫോർ അഡ്മിഷൻ ടു...... ( കോഴ്സിന്റെ പേര് കൂടി എഴുതി ) എന്നിവ എഴുതി അപേക്ഷ സമർപ്പിക്കണം.
സിആപ്റ്റിന്റെ തിരുവനന്തപുരം സെൻട്രലിൽനിന്ന് അപേക്ഷ നേരിട്ട് വാങ്ങി പൂരിപ്പിച്ച് നൽകാവുന്നതാണ്. ഈ ഓഫീസിൽനിന്നുതന്നെ തപാലിലും അപേക്ഷാ ഫോം ലഭിക്കുന്നതാണ്. പ്രവേശനം നേടുന്ന സമയത്ത് ഒരു വിദ്യാർഥി അഫിലിയേഷൻ ഫീയായി 1000 രൂപയും പരീക്ഷാ ഫീസ് ആയി മറ്റൊരു 1000 രൂപയും അടയ്ക്കണം. 500 രൂപയുടെ കോഷൻ ഡിപ്പോസിറ്റും പ്രവേശന സമയത്തും വിദ്യാർഥി അടയ്ക്കേണ്ടതുണ്ട്. ഒരിക്കൽ അടച്ച ഫീസുകൾ തിരിച്ചു നൽകുന്നതല്ല. എന്നാൽ, വിദ്യാർഥി ഒരു പ്രോഗ്രാമിലെ ഒരു ക്ലാസും അറ്റൻഡ് ചെയ്തിട്ടില്ലെങ്കിൽ 90% ഫീസ് വിദ്യാർഥി അപേക്ഷ നൽകിയ സെന്റർ തിരിച്ചുനൽകുന്നതാണ്.
അഡ്വ. ബാബു പള്ളിപ്പാട്ട്
കരിയർ ഗൈഡ് (
[email protected])