യുജിസി/സിഎസ്ഐആർ-നെറ്റ് പരിശീലനത്തിന് അപേക്ഷിക്കാം
തിരുവനന്തപുരം: സർക്കാർ/എയ്ഡഡ് കോളജുകളിൽ രണ്ടാം വർഷ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരും നിലവിൽ പഠനം പൂർത്തിയായവരുമായ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച്, പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുളള മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന വിഭാഗങ്ങളിലെ വിദ്യാർഥികളിൽനിന്ന് ജനസംഖ്യാനുപാതികമായി ‘യുജിസി/സിഎസ്ഐആർനെറ്റ് ’ പരീക്ഷാ പരിശീലനത്തിന് സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു. ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടറേറ്റ് എംപാനൽ ചെയ്ത 12 സ്ഥാപനങ്ങൾ മുഖാന്തിരമാണ് പരിശീലനം സംഘടിപ്പിക്കുന്നത്.
കേരളത്തിൽ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലിം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്സി, ജൈന മതവിഭാഗത്തിൽപ്പെട്ടവരും ബിരുദാനന്തര ബിരുദ ഒന്നാം വർഷ പരീക്ഷയിൽ 55 ശതമാനം മാർക്ക് നേടി രണ്ടാം വർഷ പഠനം നടത്തുന്നവരും ബിരുദാനന്തര ബിരുദം 55 ശതമാനം മാർക്കോടെ പൂർത്തിയാക്കിയവർക്കുമാണ് പരിശീലത്തിന് അർഹത.
ന്യൂനപക്ഷ മത വിഭാഗത്തിൽപ്പെട്ട ബിപിഎൽ വിഭാഗത്തിലെ വിദ്യാർഥികളെ പ്രത്യേകം പരിഗണിച്ചു കൊണ്ടും കുടുംബ വാർഷിക വരുമാനത്തിന്റെയും മാർക്കിന്റെയും അടിസ്ഥാനത്തിലുമാണ് വിദ്യാർഥികളെ തെരഞ്ഞെടുക്കുന്നത്.
ബിപിഎൽ അപേക്ഷകരുടെ അഭാവത്തിൽ എപിഎൽ വിഭാഗത്തിലെ എട്ടു ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവരെയും പരിഗണിക്കും. www. minoritywelfare.kerala.gov.in വകുപ്പ് വെബ്സൈറ്റിൽ തെരഞ്ഞെടുത്ത കോച്ചിംഗ് സ്ഥാപനങ്ങളുടെ വിവരങ്ങളും അപേക്ഷാ ഫോമും ലഭ്യമാണ്.
പരിശീലനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ അപേക്ഷാ ഫോം പൂരിപ്പിച്ച് നേരിട്ടോ തപാൽ മുഖാന്തിരമോ പരിശീലനം നേടാൻ ആഗ്രഹിക്കുന്ന സ്ഥാപനത്തിലെ കോഴ്സ് കോഓർഡിനേറ്റർക്ക് സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 23. കൂടുതൽ വിവരങ്ങൾക്ക് കോഓർഡിനേറ്റർമാരെ ബന്ധപ്പെടാം.