ഫുഡ് ടെക്നോളജി പഠനത്തിന്റെ കരിയര്‍ സാധ്യതകളെക്കുറിച്ചും ഫുഡ് ടെക്നോളജി പ്രോഗ്രാം പഠിക്കുന്നതിന് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളെക്കുറിച്ചും വിവരിക്കാമോ?
മുഹമ്മദ് ഇബ്രാഹിം, കൊടുങ്ങല്ലൂര്‍.
ആധുനിക കാലത്ത് വളരെയേറെ കരിയര്‍ സാധ്യത തുറന്നുനല്‍കുന്ന പഠനമേഖലയാണ് ഫുഡ് ടെക്നോളജി. രാജ്യത്തെ മിക്ക സര്‍വകലാശാലകളും പ്രോഗ്രാമുകള്‍ ഓഫര്‍ ചെയ്യുന്നുണ്ട്. എന്നാല്‍ ഇത്തരം പഠന പ്രോഗ്രാമുകള്‍ പലപ്പോഴും ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്നില്ല. അന്തര്‍ദേശീയ നിലവാരത്തോടെ പഠന പരിശീലനം നല്കുന്ന സ്ഥാപനങ്ങള്‍ നമ്മുടെ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
NIFTEM
ഹരിയാനയിലെ സോനിപതിലും തമിഴ്നാട്ടിലെ തഞ്ചാവൂരിലും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി ഓൺട്രപ്രണര്‍ഷിപ് ആന്‍ഡ് മാനേജ്മെന്റ് പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരത സര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രീസിന്റെ കീഴില്‍ വരുന്ന സ്ഥാപനങ്ങളാണിവ. ഫുഡ് സപ്ലൈ ചെയിന്‍ മാനേജ്മെന്റ്, ഫുഡ് സേഫ്റ്റി ആന്‍ഡ് ക്വാളിറ്റി മാനേജ്മെന്റ്, ഫുഡ് പ്രോസസ് എന്‍ജിനിയറിംഗ് ആന്‍ഡ് മാനേജ്മെന്റ്, ഫുഡ് ടെക്നോളജി ആന്‍ഡ് മാനേജ്മെന്റ്, ഫുഡ് പ്ലാന്റ് ഓപ്പറേഷന്‍സ് മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ നാലുവര്‍ഷത്തെ ബിടെക്, രണ്ടുവര്‍ഷത്തെ എംടെക്, എംബിഎ, പിഎച്ച്ഡി കോഴ്സുകള്‍ സ്ഥാപനം ഓഫര്‍ ചെയ്യുന്നു. ജെഇഇ, ഗേറ്റ് പരീക്ഷകളിലെ സ്കോറിന്റെ അടിസ്ഥാനത്തിലാണ് ബിടെക്, എംടെക് കോഴ്സുകള്‍ക്ക് പ്രവേശനം.