ജ്യോതി കോളജിൽ അന്തർദേശീയ കോണ്‍ഫറൻസ് നാളെ മുതൽ
തൃശൂർ: ചെറുതുരുത്തി ജ്യോതി എൻജിനിയറിംഗ് കോളജിൽ അഞ്ച്, ആറ് തീയതികളിൽ റിന്യുവബിൾ എനർജി ആൻഡ് ഇന്റലിജന്റ് സിസ്റ്റം എന്ന വിഷയത്തിൽ അന്തർദേശീയ കോണ്‍ഫറൻസ് നടക്കും. ഏരീസ് 2024 എന്ന പേരിൽ നടക്കുന്ന കോണ്‍ഫറൻസ് നാളെ രാവിലെ ഒൻപതിന് ഐഇഇഇ കേരള ഹെഡ് പ്രഫ. എസ്. മുഹമ്മദ് കാസിം ഉദ്ഘാടനം ചെയ്യും.
പുനരുപയോഗിക്കാവുന്ന ഊർജമേഖലയിലെയും ഇന്റലിജന്റ് സിസ്റ്റങ്ങളിലെയും പുരോഗതി ചർച്ചചെയ്യും. വിവിധ രാജ്യങ്ങളിൽനിന്നു സമർപ്പിച്ച അഞ്ഞൂറോളം ലേഖനങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട ഗവേഷണലേഖനങ്ങളുടെ അവതരണങ്ങൾ, പ്രധാന പ്രഭാഷണങ്ങൾ, പ്ലീനറി സെഷനുകൾ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്. ഡോ. ബി. ചിട്ടി ബാബു, ഡോ. ഡക് ടാൻ ട്രാൻ, പ്രഫ. എസ്. മുഹമ്മദ് കാസിം എന്നിവർ പ്രഭാഷണം നടത്തും.
പത്രസമ്മേളനത്തിൽ അക്കാദമിക് ഡയറക്ടർ ഡോ. ജോസ് കണ്ണന്പുഴ, പ്രിൻസിപ്പൽ ഡോ. ജോസ് പി. തേറാട്ടിൽ, സിഎസ്ഇ പ്രഫസർ ഡോ. ടി. ജാറിൻ, അസിസ്റ്റന്റ് പ്രഫ. ലിയോ മാത്യു എന്നിവർ പങ്കെടുത്തു.