നമ്മുടെ രാജ്യത്ത് സ്പോർട്സ് പഠനത്തിനു മാത്രമായി സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ടോ? ഇതിൽ കേന്ദ്ര സർവകലാശാലകൾ ഏതെല്ലാമാണ്?
മുരളീധരൻ, കാട്ടാക്കട, തിരുവനന്തപുരം.
നമ്മുടെ രാജ്യത്ത് സ്പോർട്സ് പഠനവുമായി ബന്ധപ്പെട്ട് പ്രധാനപ്പെട്ട ചില സർവകലാശാലകൾ പ്രവർത്തിക്കുന്നുണ്ട്. ഈ സർവകലാശാലകൾ ഓഫർ ചെയ്യുന്ന എല്ലാ പ്രോഗ്രാമുകളും കായിക പഠനവുമായി ബന്ധപ്പെട്ടതാണ്.
രാജ്യത്ത് പ്രവർത്തിക്കുന്ന സ്പോർട്സ് സർവകലാശാലകളിൽ ദേശീയ സർവകലാശാല സ്റ്റാറ്റസ് ഉള്ളത് ചുരുക്കം ചില സർവകലാശാലകൾക്കു മാത്രമേ ഉള്ളൂ. വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പുരിലെ ഇംഫാലിൽ ആണ് ഈ സർവകലാശാലയുടെ ആസ്ഥാനം 2018ൽ സ്ഥാപിതമായ ഈ സർവകലാശാല അറിയപ്പെടുന്ന നാഷണൽ സ്പോർട്സ് യൂണിവേഴ്സിറ്റി എന്നാണ്.
ലക്ഷ്മിഭായി നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഫിസിക്കൽ എജുക്കേഷൻ ഈ രംഗത്തെ വളരെ പ്രധാനപ്പെട്ട അന്തർദേശീയ നിലവാരമുള്ള കായിക പരിശീലന കേന്ദ്രമാണ്. കേന്ദ്ര കായിക മന്ത്രാലയത്തിന് കീഴിലാണ് പ്രവർത്തിക്കുന്നത്. ഇതു കൂടാതെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിലുള്ള ഏതാനും സ്പോർട്സ് സർവകലാശാലകൾകൂടി രാജ്യത്തുണ്ട്.
പഞ്ചാബ് സ്പോർട്സ് യൂണിവേഴ്സിറ്റി പഞ്ചാബിലെ പട്യാലയിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഈ മേഖലയിലെ മറ്റൊരു പ്രധാനപ്പെട്ട ഉന്നത പഠന കേന്ദ്രം. പഞ്ചാബി സ്പോർട്സ് യൂണിവേഴ്സിറ്റി എന്നാണ് പരക്കെ അറിയപ്പെടുന്നതെങ്കിലും ഈ സർവകലാശാലയുടെ യഥാർഥ പേര് മഹാരാജാവ് ബുപീന്ദർ സിംഗ് പഞ്ചാബ് സ്പോർട്സ് യൂണിവേഴ്സിറ്റി എന്നാണ്.
തമിഴ്നാട് ഫിസിക്കൽ എജുക്കേഷൻ ആൻഡ് സ്പോർട്സ് യൂണിവേഴ്സിറ്റി, ചെന്നൈ. രാജ്യത്തെതന്നെ എണ്ണംപറഞ്ഞ സ്പോർട്സ് സർവകലാശാലയാണ്.
ശ്രീ ശ്രീ അനിരുദ്ധ് ദേവ് സ്പോർട്സ് യൂണിവേഴ്സിറ്റി നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ തന്നെ ആദ്യകാല സ്പോർട്സ് സർവകലാശാലകളിൽ ഒന്നാണ്. ആസാമിലെ സാമൂഹ്യ പരിഷ്കർത്താക്കളിൽ മുൻ നിര പ്രവർത്തകനായിരുന്ന ശ്രീ ശ്രീ അനിരുദ്ധ് ദേവ് എന്ന മഹത് വ്യക്തിയുടെ പേരിലാണ് ഈ സർവകലാശാല പ്രവർത്തിക്കുന്നത്.
സ്വാർണിം ഗുജറാത്ത് സ്പോർട്സ് യൂണിവേഴ്സിറ്റി ഗുജറാത്ത് സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഈ സംസ്ഥാന സർവകലാശാല, സ്പോർട്സ് പഠന രംഗത്ത് വലിയ മാറ്റങ്ങൾക്ക് ആവശ്യമായ ആധുനിക അക്കാദമിക പ്രവർത്തനങ്ങൾ കൊണ്ടുവരാനാണ് സർവകലാശാല ലക്ഷ്യമിടുന്നത്. രാജ്യത്തെതന്നെ എടുത്തുപറയാവുന്ന സ്പോർട്സ് സർവകലാശാലകളിൽ ഒന്നാണ്.