മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നറിയപ്പെടുന്ന (മാറ്റ്) പരീക്ഷയുടെ പ്രത്യേകതകൾ എന്തൊക്കെയെന്ന് പറയാമോ?
ലത്തീഫ് മുഹമ്മദ്, പെരിന്തൽമണ്ണ
മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (മാറ്റ്) എന്നുപറയുന്നത് 1998ൽ ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ രാജ്യത്തെ വിവിധ ബി സ്കൂളുകളിലെ മാനേജ്മെന്റ് അനുബന്ധ പ്രോഗ്രാമുകളിലേക്ക് പ്രവേശനം നൽകുന്നതിനായി ദേശീയതലത്തിൽ ആരംഭിച്ച ഒരു സ്റ്റാൻഡേർഡ് സ്ക്രീനിംഗ് ടെസ്റ്റാണ്.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റുകളും മറ്റു ചില പ്രധാന ബീ സ്കൂളുകളും ഒഴികെ രാജ്യത്തെ പ്രധാന 600ൽപരം മാനേജ്മെന്റ് സ്കൂളുകൾ മാറ്റ് സ്കോറിംഗിന്റെ അടിസ്ഥാനത്തിലാണ് വിദ്യാർഥികൾക്ക് മാനേജ്മെന്റ് പ്രോഗ്രാമുകളിലേക്ക് പ്രവേശനം നൽകുന്നത്.
ഓൾ ഇന്ത്യ മാനേജ്മെന്റ് അസോസിയേഷന്റെ നേതൃത്വത്തിൽ നടന്നുവന്നിരുന്ന ഈ പ്രവേശന പരീക്ഷയെ 2003ൽ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്സ് ഡെവലപ്മെന്റ് അംഗീകരിച്ചു. മാറ്റ് പരീക്ഷാ പേപ്പർ ബേസ്ഡും കംപ്യൂട്ടർ ബേസ്ഡും ആയി എഴുതാൻ കഴിയും.
പ്രവേശനപരീക്ഷയ്ക്ക് പങ്കെടുക്കാൻ ഒരു വിദ്യാർഥിക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത ഏതെങ്കിലും ഒരു വിഷയത്തിൽ യൂണിവേഴ്സിറ്റി ഗ്രാൻഡ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ള സർവകലാശാലയിൽനിന്നു നേടിയിട്ടുള്ള ബിരുദം ഉണ്ടായിരിക്കണം.
കൂടാതെ അതാത് വർഷങ്ങളിൽ പരീക്ഷ നടക്കുന്പോൾ ആ വർഷങ്ങളിൽ അവസാനവർഷ ബിരുദ പഠനം നടത്തുന്ന വിദ്യാർഥികൾക്കും ഈ പരീക്ഷയ്ക്ക് അപേക്ഷിക്കാൻ യോഗ്യതയുണ്ട്. ഈ പരീക്ഷ എഴുതുന്നതിന് ഒരുതരത്തിലുള്ള പ്രായപരിധിയും ഇല്ല. ഒരു വർഷം നാല് തവണ മാറ്റ് പരീക്ഷ നടത്താറുണ്ട്. ഫെബ്രുവരി, മേയ്, ഓഗസ്റ്റ്, ഡിസംബർ എന്നീ മാസങ്ങളിലാണ് പരീക്ഷ നടക്കുക.
ഒരിക്കൽ മാറ്റ് വിജയിച്ചാൽ അതിന്റെ സ്കോറിംഗ് കാലാവധി ഒരു വർഷക്കാലം മാത്രമാണ്. 150 ചോദ്യങ്ങളാണ് ഈ പ്രവേശനപരീക്ഷയിൽ ഉൾപ്പെടുത്തിയിട്ടുള്ളത് അഞ്ച് ഏരിയകളിൽനിന്നാണ് ചോദ്യങ്ങൾ പ്രധാനമായും ചോദിക്കുന്നത്.
1) Language Comprehension
2) Mathamatical skills
3) Data Analysis and Suffici ency
4) Intellegence and Critical Reasoning
5) Economics and Business Enviornment
രണ്ടു മണിക്കൂർ ആണ് പരീക്ഷയുടെ സമയദൈർഘ്യം. മൾട്ടിപ്പിൾ ചോയ്സ് ഉൾപ്പെടുന്ന ഈ പരീക്ഷ ഇംഗ്ലീഷ് ഭാഷയിലാണ് നടത്തപ്പെടുന്നത്. ഒരു ചോദ്യത്തിന് ഒരു മാർക്ക് എന്ന ക്രമത്തിൽ 150 മാർക്കാണ് ആകെ ലഭിക്കുക. ഓരോ തെറ്റായ ഉത്തരത്തിനും.
0.25 മാർക്ക് കുറയ്ക്കുന്നതാണ്. രാജ്യത്തെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലും മാറ്റ് പരീക്ഷാ സെന്ററുകൾ ഉണ്ട്. എന്നാൽ പേപ്പർ ബേസ്ഡ് പരീക്ഷകളും കംപ്യൂട്ടർ ബേസ്ഡ് പരീക്ഷകളും എല്ലാ സെന്ററുകളിലും ഉണ്ടായിരിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് mat. aima.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.