ഗ്രാജുവേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (GPAT),
നിപ്പർ ജെഇഇ (NIPER JEE) ടെസ്റ്റ് എന്നിവയുടെ
പ്രത്യേകതകളും പരീക്ഷാരീതികളും വിവരിക്കാമോ?
കെ.കെ. അഭിലാഷ് (മേലേചിന്നാർ, ഇടുക്കി)
ഗ്രാജുവേറ്റ് ഫാർമസി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (GPAT) രാജ്യത്തെ വിവിധങ്ങളായ ഫാർമസി കോളജുകളിൽ ഫാർമസി സയൻസിൽ ബിരുദാനന്തര ബിരുദം പഠിക്കാനാഗ്രഹിക്കുന്ന പഠിതാക്കൾക്കായി ദേശീയതലത്തിൽ നടത്തുന്ന പ്രവേശന പരീക്ഷയാണ്. 202324 അക്കാദമിക വർഷം രാജ്യത്താകെ 860 ഫാർമസി കോളജുകളിലെ 39,800 സീറ്റുകളിലേക്ക് GPAT പരീക്ഷയിലൂടെ കുട്ടികൾക്ക് പ്രവേശനം നൽകിയിട്ടുണ്ട്. മൂന്നുമണിക്കൂർ സമയദൈർഘ്യമുള്ള ഓണ്ലൈൻ പരീക്ഷയാണ് GPAT. ആകെ 125 ചോദ്യങ്ങൾ, ആകെ മാർക്ക് 500. ഇതിൽ 38 ചോദ്യങ്ങൾ ഫാർമസ്യൂട്ടിക്കൽ കെമിസ്ട്രി ആൻഡ് അലൈഡ് വിഷയത്തിൽനിന്നും (152 മാർക്ക്), ഫാർമക്കോളജി ആൻഡ് അലൈഡ് സബ്ജക്ട്സിൽനിന്ന് 28 ചോദ്യങ്ങളും (112 മാർക്ക്), ഫാർമകോഗ്നസി ആൻഡ് അലൈഡ് സബ്ജക്ട്സിൽനിന്ന് 10 ചോദ്യങ്ങളും (40 മാർക്ക്), മറ്റു വിഷയങ്ങളിൽനിന്ന് 44 മാർക്കിന്റെ 11 ചോദ്യങ്ങളുമാണ് ഉണ്ടാകുക. ശരി ഉത്തരത്തിന് നാല് മാർക്കും തെറ്റായ ഓരോ ഉത്തരങ്ങൾക്കും ഒരു നെഗറ്റീവ് മാർക്കും ഉണ്ടാകും. ഈ പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനുള്ള വിദ്യാഭ്യാസ യോഗ്യത ബിഫാം ബിരുദമാണ്.
എന്നാൽ, നിപ്പർ ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (NIPER JEE) എന്നത് രാജ്യത്തെ ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതും കേന്ദ്ര സർക്കാർ ഉടമസ്ഥതയിലും നിയന്ത്രണത്തിലുമുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (NIPER) ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം നൽകുന്നതിലേക്കായി നടത്തുന്ന പ്രവേശനപ്പരീക്ഷയാണ്. രാജ്യത്ത് ഇപ്പോൾ NIPERന്റെ ഏഴ് റീജണൽ ഇൻസ്റ്റിറ്റ്യൂട്ടുകളാണ് പ്രവർത്തിക്കുന്നത്. വിവിധ നിപ്പർ റീജണൽ സെന്ററുകളിൽ നടക്കുന്ന എംഫാം, എംടെക് (ഫാം), എംഎസ് (ഫാം), എംബിഎ (ഫാം) എന്നീ കോഴ്സുകളിലേക്കാണ് നിപ്പർ ജെഇഇ റാങ്ക് അനുസരിച്ച് പഠിതാക്കൾക്ക് പ്രവേശനം നൽകുന്നത്. 200 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉൾപ്പെടുന്ന, രണ്ടു മണിക്കൂർ സമയദൈർഘ്യമുള്ള ഒബ്ജെക്റ്റീവ് ടൈപ്പ് ടെസ്റ്റാണ് നിപ്പർ ജെഇഇ. പ്രധാനമായും ബിഫാം തലത്തിൽ പഠിച്ച വിഷയങ്ങളിൽനിന്നാകും ചോദ്യങ്ങൾ. ശരിയായ ഓരോ ഉത്തരത്തിനും ഒരു മാർക്ക് നൽകുന്പോൾ തെറ്റായ ഓരോ ഉത്തരങ്ങൾക്കും 0.25 നെഗറ്റീവ് മാർക്ക് ഉണ്ടാകും.
മുകളിൽ സൂചിപ്പിച്ച രണ്ടു ഫാർമസ്യൂട്ടിക്കൽ പ്രവേശന പരീക്ഷകളും എഴുതി രാജ്യത്തെ പ്രധാനങ്ങളായ ഫാർമസ്യൂട്ടിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പ്രവേശനം ലഭിക്കുന്നതിലൂടെ വിദ്യാർഥികൾക്ക് ഫാർമസ്യൂട്ടിക്കൽ, ഫാർമസ്യൂട്ടിക്കൽ അനുബന്ധ മേഖലകളിൽ ഉയർന്ന കരിയർ ലഭിക്കുന്നതിന് അവസരം ഒരുങ്ങും.