ശാസ്ത്രമേഖലയിലെ ബിരുദപഠനത്തിന് ഇൻസ്പെയർ-ഷീ സ്കോളർഷിപ്
ബിബിൻ വർഗീസ്
ശാസ്ത്ര മേഖലയിൽ ബിരുദം ചെയ്യാനും തുടർന്ന് പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകൾ പഠിക്കാനും ആഗ്രഹിക്കുന്നവർക്ക് കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഇന്നവേഷൻ ഇൻ സയൻസ് പെർസ്യൂട്ട് ഫോർ ഇൻസ്പെയേർഡ് റിസർച്ച് (ഇൻസ്പെയർ) പദ്ധതിയുടെ ഭാഗമായി നടത്തുന്ന സ്കോളർഷിപ് ഫോർ ഹയർ എഡ്യുക്കേഷൻ (ഷീ) സ്കോളർഷിപ്പിന് അപേക്ഷിക്കാം. പ്രതിവർഷം 12000 സ്കോളർഷിപ്പുകളാണ് അനുവദിക്കുന്നത്.
വിഷയങ്ങൾ
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ജിയോളജി, അസ്ട്രോഫിസിക്സ്, അസ്ട്രോണമി, ഇലക്ട്രോണിക്സ്, ബോട്ടണി, സുവോളജി, ബയോകെമിസ്ട്രി, ആന്ത്രോപ്പോളജി, മൈക്രോബയോളജി, ജിയോഫിസിക്സ്, ജിയോകെമിസ്ട്രി, അറ്റ്മോസ്ഫറിക് സയൻസസ്, ഓഷ്യൻ സയൻസസ്. പ്രായം 17നും 22നും ഇടയിലായിരിക്കണം.
യോഗ്യതകൾ
ഇന്ത്യയിലെ ഏതെങ്കിലും ഹയർ സെക്കൻഡറി ബോർഡിന്റെ 2024ൽ നടന്ന പരീക്ഷയിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ ഒരു ശതമാനത്തിൽ ഉൾപ്പെടുകയും അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിൽ ബിഎസ്സി/ ബിഎസ്/ ബിഎസ്സി (റിസർച്ച്) അല്ലെങ്കിൽ ഇന്റഗ്രേറ്റഡ് എംഎസ്സി/എംഎസ് എന്നീ കോഴ്സുകളിൽ പ്രവേശനം നേടുകയും ചെയ്തവർ. 2023ൽ സ്കോളർഷിപ് നേടിയവരുടെ മാർക്ക് ശതമാനം താഴെ കൊടുക്കുന്നു, ഈ വർഷത്തെ അർഹത നിർണയത്തെപ്പറ്റി മനസ്സിലാക്കാൻ ഈ വിവരങ്ങൾ പരിശോധിക്കുക ( കേരള ബോർഡ് 98.2%, സിബിഎസ്ഇ ബോർഡ് 94.4%, സിഐഎസ്സി ഇ 95.5%)
കൂടാതെ, നാച്വറൽ/ ബേസിക് സയൻസ് വിഷയമെടുത്ത്, ബിഎസ്സി, ബിഎസ്, ബിഎസ്സി വിത്ത് റിസർച്ച് (നാലു വർഷം), ഇന്റഗ്രേറ്റഡ് എംഎസ്സി, ഇന്റഗ്രേറ്റഡ് എംഎസ് തുടങ്ങിയവയിൽ ഒന്നിൽ ഇന്ത്യയിൽ പഠിക്കുന്ന (i) ജെഇഇ മെയിൻ/ അഡ്വാൻസ്ഡ്, നീറ്റ് യുജി എന്നിവയിലൊന്നിൽ 10,000 ത്തിനുള്ളിൽ റാങ്ക് നേടിയവർ (ii) നാഷണൽ ടാലന്റ് സർച്ച് എക്സാമിനേഷൻ സ്കോളർമാർ (iii) ഇന്റർനാഷണൽ ഒളിന്പ്യാഡ് മെഡലിസ്റ്റുകൾ (iv) ജഗദീശ് ബോസ് നാഷണൽ സയൻസ് ടാലന്റ് സർച്ച് സ്കോളർമാർ എന്നിവരും അപേക്ഷിക്കാൻ അർഹരാണ്.
സ്കോളർഷിപ്പായി ലഭിക്കുന്ന തുക
പ്രതിവർഷം 80,000 രൂപയാണ് സ്കോളർഷിപ് മൂല്യം. പ്രതിമാസം 5000 രൂപ നിരക്കിൽ വർഷത്തിൽ 60,000 രൂപ, പണമായി നൽകും. 20,000 രൂപ, മെന്റർഷിപ് ഗ്രാന്റായും അനുവദിക്കും. കൂടാതെ പ്ലസ് ടു തലത്തിലെ അർഹതാവ്യവസ്ഥകൾ അടിസ്ഥാനമാക്കി ഷീ സ്കോളർഷിപ്പിന് അർഹത നേടുന്നവർ ബിരുദതലപഠനം വിജയകരമായി പൂർത്തിയാക്കിയശേഷം പോസ്റ്റ് ഗ്രാജ്വേറ്റ് തലത്തിലെ പഠനത്തിൽ തുടരുന്നപക്ഷം രണ്ടുവർഷത്തേക്കുകൂടി സ്കോളർഷിപ്പ് ലഭിക്കും.
അപേക്ഷ സമർപ്പിക്കേണ്ട രീതി
അപേക്ഷ onlineinspire. gov.in വഴി ഒക്ടോബർ 15 വരെ നൽകാം. പാസ്പോർട്ട് സൈസ് ഫോട്ടോ, 10, 12 ക്ലാസുകളിലെ മാർക്ക് ലിസ്റ്റ്, കോളജ് മേലധികാരി സാക്ഷ്യപ്പെടുത്തിയ എൻഡോഴ്സ്മെന്റ് ഫോം എന്നിവ നിർബന്ധമായും സമർപ്പിക്കണം. അപേക്ഷ നൽകിയശേഷം പ്രിന്റ്ഔട്ട് ഭാവിയിലെ ആവശ്യങ്ങൾക്കായി സൂക്ഷിക്കണം. പ്രിന്റ്ഔട്ട്/രേഖകൾ എവിടേക്കും അയയ്ക്കേണ്ടതില്ല.