വിദേശഭാഷകൾ പഠിപ്പിക്കുന്ന നമ്മുടെ രാജ്യത്തെ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകൾ
ഏതെന്നു പറയാമോ? വിദേശഭാഷാ പഠനത്തിലൂടെ ലഭ്യമാകുന്ന തൊഴിൽ
സാധ്യതകളെക്കുറച്ചുകൂടി പറഞ്ഞുതരാമോ?
താജുദ്ദീൻ ഇബ്രാഹിം. ഈരാറ്റുപേട്ട.
നമ്മുടെ രാജ്യത്തെ കുട്ടികളുടെ ഇടയിൽ വിദേശഭാഷാ പഠനം എന്നതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത് ഇംഗ്ലീഷ് ഭാഷാപഠനമാണ്. യഥാർഥത്തിൽ വിദേശപഠനം എന്നതുകൊണ്ട് അർഥമാക്കുന്നത് ഇംഗ്ലീഷ് ഭാഷാപഠനം മാത്രമല്ല. ജർമൻ, കൊറിയൻ, ഫ്രഞ്ച്, റഷ്യൻ, ജപ്പാനീസ് ഭാഷകളൊക്കെ വിദേശഭാഷാ പഠനത്തിന്റെ പട്ടികയിൽപ്പെടുന്ന പ്രധാന ഭാഷകളാണ്. നമ്മുടെ രാജ്യത്തെ ഒട്ടുമിക്ക സർവകലാശാലകളിലും വിദേശഭാഷാ പഠനത്തിനുള്ള അവസരങ്ങളുണ്ട്. ഓരോ സർവകലാശാലകളും അവരുടെ കീഴിലുള്ള സ്റ്റാറ്റ്യൂട്ടറി ഡിപ്പാർട്ട്മെന്റുകളിൽ അല്ലെങ്കിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ വിവിധ ഡിപ്പാർട്ട്മെന്റുകളിലൂടെ വ്യത്യസ്തങ്ങളായ വിദേശഭാഷാ പഠനത്തിനുള്ള അവസരം ബിരുദതലത്തിലും ബിരുദാനന്തര തലത്തിലും നൽകുന്നുണ്ട്.
ഇവിടെ ശ്രദ്ധേയമാകുന്ന ഒരു കാര്യം എല്ലാ സർവകലാശാലകളിലും പൊതുവായ ഒരു സിലബസ് അടിസ്ഥാനത്തിലല്ല ഭാഷാപഠന പ്രോഗ്രാമുകൾ നടത്തുന്നത്. എന്നാൽ, ഇവയിലെല്ലാം കാണുന്ന ഒരു പൊതുസ്വഭാവം പന്ത്രണ്ടാം ക്ലാസ് ജയിച്ച കുട്ടികൾക്ക് വിദേശഭാഷാ പഠനത്തിൽ ഉപരിപഠനം സാധ്യമാകും വിധേനയാണ് അതിന്റെ കരിക്കുലവും സിലബസും ക്രമീകരിച്ചിട്ടുള്ളത് എന്നതാണ്.
വിദേശഭാഷാ പഠന സ്ഥാപനങ്ങൾ
രാജ്യത്തെ മിക്കവാറും എല്ലാ സംസ്ഥാനകേന്ദ്ര സർവകലാശാലകളും, ഡീംഡ് ടു ബി സർവകലാശാലകളും, പ്രൈവറ്റ് സർവകലാശാലകളും വിവിധ വിദേശഭാഷകൾ പഠിപ്പിക്കുന്നതിനുള്ള ഡിപ്പാർട്ട്മെന്റുകൾ സ്ഥാപിച്ചിട്ടുണ്ട്. എങ്കിലും രാജ്യത്ത് വിദേശഭാഷാ പഠനത്തിന് കുട്ടികൾക്കിടയിൽ വലിയ ഡിമാൻഡ് കാണിക്കുന്ന കുറച്ചു സർവകലാശാലകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ട്. വിദേശഭാഷാപഠന മേഖലയിലെ പ്രീമിയർ ഇൻസ്റ്റിറ്റ്യൂട്ടുകളായി പരിഗണിക്കുന്ന സർവകലാശാലകളാണിവ. അവയുടെ പേരുകൾ താഴെ കൊടുക്കുന്നു.
1. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി
(ന്യൂഡൽഹി).
2. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി
(വാരണാസി. ഉത്തർപ്രദേശ്)
3. കുരുക്ഷേത്ര യൂണിവേഴ്സിറ്റി (ഹരിയാന).
4. ഗുരുനാനാക്ക് ദേവ് യൂണിവേഴ്സിറ്റി
ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറിൻ ലാംഗ്വേജസ്
(അമൃത്സർ, പഞ്ചാബ്).
5. ഡിപ്പാർട്ട്മെന്റ് ഓഫ് ഫോറിൻ ലാംഗ്വേജസ്,
യൂണിവേഴ്സിറ്റി ഓഫ് പൂനെ (പൂനെ)
6. സിംബയോസിസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ
ലാംഗ്വേജസ് (പൂനെ)
7. സ്കൂൾ ഓഫ് ഫോറിൻ ലാംഗ്വേജസ്,
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പണ്
യൂണിവേഴ്സിറ്റി (ന്യൂഡൽഹി)
8. ഡയറക്ടറേറ്റ് ഓഫ് ഡിസ്റ്റൻസ്
എഡ്യൂക്കേഷൻ, അണ്ണാമല യൂണിവേഴ്സിറ്റി
(അണ്ണാമലൈ, തമിഴ് നാട്)
9. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസ്റ്റൻസ് എഡ്യൂക്കേഷൻ,
യൂണിവേഴ്സിറ്റി ഓഫ് മദ്രാസ് (മദ്രാസ്)
വിദേശഭാഷാ പഠനത്തിന് ഏറെ പ്രസിദ്ധമായ സർവകലാശാലയാണ് ഹൈദരാബാദിലുള്ള ദി ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്സിറ്റി (EFLU). സൗത്ത് ഏഷ്യയിൽത്തന്നെ ഭാഷാപഠനത്തിനു മാത്രമായി ആരംഭിച്ചിട്ടുള്ള സെൻട്രൽ യൂണിവേഴ്സിറ്റിയാണ് ഇഫ്ളു.
തൊഴിലവസരങ്ങൾ
വിദേശഭാഷാ പഠനം മികച്ച രീതിയിൽ പൂർത്തയാക്കുന്ന വിദ്യാർഥികൾക്ക് ധാരാളം തൊഴിലവസരങ്ങൾ കാത്തിരിപ്പുണ്ട്. പ്രധാനമായും ഈ തൊഴിലവസരം ഉണ്ടാകുന്നത് ഇന്ത്യൻ ഫോറിൻ സർവീസിലാണ്. കൂടാതെ, യുണൈറ്റഡ് നേഷൻസ് ഓർഗനൈസേഷൻ, അതിന്റെ അനുബന്ധ സ്ഥാപനങ്ങളായ വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, യുനെസ്കോ എന്നിവിടങ്ങളിലും പ്രധാനപ്പെട്ട തസ്തികകളിലും ശന്പളത്തിലും ജോലികൾ ലഭിക്കും. കൂടാതെ, റെഡ്ക്രോസ് പോലുള്ള അന്തർദേശീയ സ്ഥാപനങ്ങളിലും തൊഴിലവസരങ്ങളുണ്ട്.
ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽനിന്ന് മറ്റ് ദേശങ്ങളിലേക്കുള്ള സഞ്ചാരം വർധിച്ചതോടെ ട്രാവൽ ആൻഡ് ടൂറിസം മേഖലയിലും അതിന്റെ അനുബന്ധ വ്യവസായ ഇടങ്ങളിലും വിദേശഭാഷ അനായാസേന കൈകാര്യം ചെയ്യാൻ ശേഷിയുള്ളവർക്ക് ധാരാളം തൊഴിലവസരങ്ങൾ ലഭ്യമാണ്. മറ്റു ഹ്യുമാനിറ്റീസ് വിഷയങ്ങൾ പഠിക്കുന്നതിൽനിന്നും ഭിന്നമായി വിദേശഭാഷാ പഠനം വലിയ തൊഴിൽ സാധ്യതയാണു സൃഷ്ടിക്കുന്നത്.
എന്നാൽ, ഇത്തരം വിദേശഭാഷാ പഠനത്തിന് രാജ്യത്തെതന്നെ മുൻനിരയിലുള്ള സർവകലാശാലകളിൽ പഠിക്കുന്പോഴാണ് ഈ പ്രോഗ്രാം പഠിച്ച വിദ്യാർഥികൾക്ക് തൊഴിലവസരങ്ങൾ ഏറെ ലഭിക്കുക. മലയാളികളായ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഭാഷയുടെ എഴുത്തും വായനയുമൊക്കെ സാധ്യമാണെങ്കിലും ഒഴുക്കോടെ സംസാരിക്കാനുള്ള കഴിവ് വളരെ കുറവാണ്. ഈ കുറവുതന്നെയാണ് പലപ്പോഴും ഭാഷാപഠന ശേഷവും വേണ്ടത്ര തൊഴിലവസരങ്ങൾ നമ്മുടെ കുട്ടികൾക്ക് ലഭിക്കാതിരിക്കാനുള്ള പ്രധാന കാരണം. അതിനാൽ പഠിക്കാനായി തെരഞ്ഞെടുക്കുന്ന ഭാഷ ഒഴുക്കോടെ സംസാരിക്കാനും എഴുതുന്നതിനും കരുത്തു നേടിയാൽ മാത്രമേ ഈ മേഖലയിൽ ഉയർന്ന തൊഴിലവസരങ്ങൾ ലഭ്യമാകൂ.
മുകളിൽ സൂചിപ്പിച്ച സർവകലാശാലകളും സ്ഥാപനങ്ങളുമൊക്കെ അവരുടെ കോഴ്സുകളിലേക്ക് വ്യത്യസ്തങ്ങളായ പ്രവേശനപരീക്ഷകൾ നടത്തി അതിൽ മികവ് തെളിയിച്ച വിദ്യാർഥികൾക്ക് മാത്രമാണ് പ്രവേശനം നൽകുന്നത്. ആയതിനാൽ വിദേശഭാഷ പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികൾ ഏതു ഭാഷയാണ് പഠിക്കാൻ ആഗ്രഹിക്കുന്നതെന്ന് മുൻകൂട്ടി തീരുമാനിച്ച് അതിനു പറ്റിയ സർവകലാശാലകളെയും അവരുടെ പ്രവേശനപരീക്ഷകൾ വിജയിക്കുന്നതിനുള്ള തയാറെടുപ്പും നടത്തേണ്ടതുണ്ട്.