ഇന്ത്യൻ ആർമിയിൽ ജോലി ചെയ്യുന്ന ആളുകൾക്കും അവരുടെ മക്കൾക്കും രാജ്യത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിശ്ചിത ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ടല്ലോ? എന്നാൽ, ആർമി സർവീസിൽനിന്നും വിരമിച്ച പട്ടാളക്കാർക്കും അവരുടെ മക്കൾക്കും ബന്ധുക്കൾക്കും ഉന്നത പഠനം നടത്തുന്നതിനായി രാജ്യത്ത് നേരിട്ട് ഏതെങ്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ടോ?
വിജയകുമാർ, കുണ്ടറ.
ഇന്ത്യൻ ആർമിയുടെ നേതൃത്വത്തിൽ ആവരുടെ ജീവനക്കാർക്കും കുട്ടികൾക്കും മാത്രമായി ഉന്നതനിലവാരമുള്ള പഠനം ലഭിക്കുന്നതിനായി സ്കൂളുകളും ചില പ്രഫഷണൽ കോളജുകളും നടത്തുന്നുണ്ട്. 1983ൽ ഡൽഹിയിലുള്ള ആർമി ഹെഡ് ക്വാർട്ടേഴ്സിന്റെ അംഗീകാരത്തിനും നിയന്ത്രണത്തിനും വിധേയമായി ആർമി വെൽഫെയർ എഡ്യൂക്കേഷൻ സൊസൈറ്റി (AWES ) രൂപീകരിച്ചു.
ഈ സൊസൈറ്റിയുടെ മേൽനോട്ടത്തിലാണ് ആർമിയുടെ വിവിധങ്ങളായ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത്. ആദ്യമായി സൊസൈറ്റി രാജ്യത്തിന്റെ വിവിധഭാഗങ്ങളിലായി ആരംഭിച്ചത് സിബിഎസ്ഇ സ്കൂളുകളാണ്. ഇവ ആർമി പബ്ലിക് സ്കൂൾ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇത്തരത്തിൽ ഏകദേശം 137 ആർമി പബ്ലിക് സ്കൂളുകൾ ഇപ്പോൾ രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ പ്രവർത്തിക്കുന്നു.
1994 മുതലാണ് സൊസൈറ്റി പ്രഫഷണൽ വിദ്യാഭ്യാസരംഗത്തേക്കു തിരിയുന്നത്. ഇതുപ്രകാരം 1994 സ്ഥാപിച്ച ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് പ്രഫഷണൽ വിദ്യാഭ്യാസരംഗത്തെ സൊസൈറ്റിയുടെ ആദ്യത്തെ സ്ഥാപനം. തുടർന്ന് വ്യത്യസ്തങ്ങളായ പ്രഫഷണൽ പ്രോഗ്രാമുകൾ പഠിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി നിരവധി പ്രഫഷണൽ കോളജുകൾ ആരംഭിച്ചു. താഴെപ്പറയുന്നവയാണ് ഈ സ്ഥാപനങ്ങൾ:
ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി പൂനെയിൽ നാലുവർഷം പഠന ദൈർഘ്യമുള്ള ഡിഗ്രി പ്രോഗ്രാമുകളായ BTec, രണ്ടുവർഷം പഠന കാലാവധിയുള്ള MTec പ്രോഗ്രാമുകളാണ് നടത്തുന്നുണ്ട്. ആർമി കോളജ് ഓഫ് ഡെന്റൽ സയൻസ് ആണ് മറ്റൊരു പ്രധാന പ്രഫഷണൽ കോളജ്. തെലുങ്കാനയിലെ സെക്കന്തരാബാദിലാണ് ഈ ഇൻസ്റ്റ്യൂട്ട് സ്ഥാപിച്ചിട്ടുള്ളത്. എംബിബിഎസ് പഠനം നൽകുന്നതിനായി ആർമി തുടങ്ങിയിട്ടുള്ള മെഡിക്കൽ കോളജാണ് ആർമി കോളജ് ഓഫ് മെഡിക്കൽ സയൻസ്. 2008ൽ സ്ഥാപിതമായ ഈ മെഡിക്കൽ കോളജ് ഡൽഹിയിലാണ് സ്ഥിതി ചെയ്യുന്നത്.
നിയമപഠനത്തിനായി ആർമി രണ്ട് നിയമപഠന കോളജുകൾ നടത്തുന്നുണ്ട്. ഒന്ന് സ്ഥിതിചെയ്യുന്നത് മൊഹാലിയിൽ ആണ്; ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോ. രണ്ടാമത്തെ കോളജ്, ആർമി ലോ കോളജ് സ്ഥിതിചെയ്യുന്നത് പൂനയിലാണ്. രണ്ടു സ്ഥാപനവും അഞ്ചുവർഷ പഠന കാലാവധിയുള്ള ഇന്റഗ്രേറ്റഡ് പ്രോഗ്രാമാണ് ഓഫർ ചെയ്യുന്നത്. മൊഹാലിയിലുള്ള സ്ഥാപനം ഓഫർ ചെയ്യുന്ന നിയമബിരുദം ബിഎ എൽഎൽബി എന്ന അഞ്ചുവർഷത്തെ ഇന്ത്യ ഗേറ്റ് പ്രോഗ്രാമാണ്. എന്നാൽ, ആർമിയിൽ ലോ കോളജ് പൂനെ നൽകുന്ന പ്രോഗ്രാം അഞ്ചുവർഷത്തെ പഠന കാലയളവുള്ള BBA LLBയാണ്.
ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നതിനായി ബംഗളൂരുവിൽ സ്ഥാപിച്ചിട്ടുള്ള ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജി 1996ലാണ് പ്രവർത്തനമാരംഭിച്ചത്. ബംഗളൂരു യൂണിവേഴ്സിറ്റി അഫിലിയേഷനുള്ള ഈ സ്ഥാപനം ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് എന്ന പ്രോഗ്രാമാണ് ഓഫർ ചെയ്യുന്നത്. നഴ്സിംഗ് പരിശീലനം നൽകുന്നതിനായി ആർമി ബിഎസ്സി നഴ്സിംഗ് പഠിപ്പിക്കുന്ന കോളജുകൾ നടത്തുന്നുണ്ട്. ആർമി കോളജ് ഓഫ് നഴ്സിംഗ് ജലന്തർ ആണ് ഒന്നാമത്തെ കോളജ്. രണ്ടാമത്തേത് ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നഴ്സിംഗ് ഗോഹട്ടി ആണ്.
ഇതുകൂടാതെ ഫാഷൻ ടെക്നോളജി പരിശീലനം ലഭിക്കുന്നതിനായി ആർമി വിവിധ പ്രഫഷണൽ എഡ്യൂക്കേഷൻ സ്ഥാപനങ്ങൾ നടത്തുന്നുണ്ട്. ആർമി നടത്തുന്ന ഫാഷൻ ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരാണ് ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈൻ. 2004ൽ സ്ഥാപിതമായ ഈ ഫാഷൻ ഇൻസ്റ്റിറ്റ്യൂട്ട് ബംഗളൂരുവിലാണ് സ്ഥിതിചെയ്യുന്നത്. മാനേജ്മെന്റ് രംഗത്ത് പരിശീലനങ്ങൾ നൽകുന്നതിനായി ആർമി നടത്തുന്ന മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പേരാണ് ആർമി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി. ഗ്രേറ്റർ നോയ്ഡയിൽ പ്രവർത്തിക്കുന്ന സ്ഥാപനം 2004ലാണ് പ്രവർത്തനമാരംഭിച്ചത്.
മുകളിൽ സൂചിപ്പിച്ച ആർമിയുടെ എല്ലാ പ്രഫഷണൽ കോളജുകളിലേക്കും പ്രവേശനം പൂർണമായും ഇന്ത്യൻ ആർമി സർവീസിൽനിന്ന് പിരിഞ്ഞുപോയവർക്കോ അവരുടെ മക്കൾക്കോ ആശ്രിതർക്കോ മാത്രമാണ് പ്രവേശനം ലഭിക്കുക. മുകളിൽ സൂചിപ്പിച്ച പ്രഫഷണൽ പ്രോഗ്രാമുകൾക്ക് ദേശീയതലത്തിൽ ഏതെങ്കിലും പ്രവേശന പരീക്ഷകളുണ്ടെങ്കിൽ ആ പൊതുപ്രവേശന പരീക്ഷയാണ് ആർമിയുടെ പ്രഫഷണൽ കോളജുകളിൽ വിദ്യാർഥികളെ പ്രവേശിക്കുന്നതിനായി പരിഗണിക്കുന്നത്. എന്നാൽ ചില പ്രോഗ്രാമുകൾക്ക് ആർമിയുടെതു മാത്രമായ പ്രവേശന പരീക്ഷയും നടത്താറുണ്ട്.