കിരൺ ജെ.കെ.വി.
ആഹാരത്തോടുള്ള സ്നേഹത്തേക്കാൾ ആത്മാർഥമായ മറ്റൊരു സ്നേഹമില്ലെന്നാണ് ഐറിഷ് നാടകകൃത്ത് ജോർജ് ബെർണാർഡ് ഷായുടെ പ്രശസ്തമായ ഒരു നാടകത്തിൽ പറയുന്നുണ്ട്.
സർവരംഗത്തുമുള്ള പുരോഗതിയോടൊപ്പം ലോകജനസംഖ്യയും ചരിത്രത്തിൽ മറ്റെങ്ങുമില്ലാത്തവിധം വളർന്നുകൊണ്ടിരിക്കുകയാണ്. ഇവർക്കെല്ലാം ഉണ്ണാനുള്ള വകയുണ്ടാക്കുന്നത്ു ഫുഡ് പ്രോസസിംഗ്, പാക്കേജിംഗ്, പ്രിസർവേഷൻ എന്നീ മേഖലകളിലെല്ലാം കൈവന്ന ശാസ്ത്രസാങ്കേതിക വളർച്ചയുടെ കൈപിടിച്ചാണ്. അതിനാൽതന്നെ, ഫുഡ് സെക്ടറിലെ കോഴ്സുകൾ പഠിച്ചിറങ്ങുന്നവർക്ക് അവസരങ്ങൾക്കും പഞ്ഞമുണ്ടാകില്ല.
ഓപ്ഷനുകൾ എന്തെല്ലാം?
ഡിപ്ലോമകൾ, ബാച്ചിലേഴ്സ് ഡിഗ്രികൾ എന്നിവയ്ക്കുപുറമേ ഫുഡ് ടെക്നോളജി, ന്യൂട്രീഷൻ എന്നീ മേഖലകളിലെ സ്പെഷലൈസ്ഡ് പ്രോഗ്രാമുകളും പരിഗണിക്കാവുന്നതാണ്.
ബിടെക്/ബിഎസ്സി ഇൻ ഫുഡ് ടെക്നോളജി എന്നീ ബിരുദ കോഴ്സുകൾ ഫുഡ് പ്രൊഡക്ഷൻ, പ്രോസസിംഗ്, പ്രിസർവേഷൻ, ക്വാളിറ്റി കൺട്രോൾ എന്നിവയിലേക്കെല്ലാം വിദ്യാർഥികളെ ആഴത്തിൽ കൊണ്ടുപോകുന്നവയാണ്.
അതേസമയം, ഫുഡ് പ്രോസസിഗും അനുബന്ധ സാങ്കേതിക വിദ്യകളും പ്രാക്ടിക്കൽ തലത്തിൽ പരിചയപ്പെടുത്തുന്ന മറ്റൊരു കോഴ്സാണ് ഡിപ്ലോമ ഇൻ ഫുഡ് ടെക്നോളജി.മറ്റൊരു കോഴ്സായ ഫുഡ് സയൻസ് ആൻഡ് ന്യൂട്രീഷൻ ബിഎസ്സി എടുക്കുന്നവർക്ക് ഫുഡ് സയൻസിനോടൊപ്പം പോഷകാഹാരം, ആരോഗ്യകരമായ ഭക്ഷണരീതി എന്നിവയുടെ തത്വങ്ങൾ സമന്വയിപ്പിച്ച കരിക്കുലം പരിചയപ്പെടാനുള്ള അവസരം ലഭിക്കും.
ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ് ബിഎസ്സി തെരഞ്ഞടുക്കുന്നവർക്ക് ന്യൂട്രീഷൻ, ഡയറ്ററ്റിക്സ്, ആരോഗ്യകരമായ ആഹാരക്രമം എന്നിവയിലൂന്നിയ പരിശീലനമാവും ലഭിക്കുക. ഹെൽത്ത്കെയർ, വെൽനെസ് മേഖലകളിലെ കരിയറുകൾക്ക് ഉതകുന്ന പഠനപാതയാണിത്. ദൈർഘ്യം കുറഞ്ഞതും കൂടുതൽ പ്രാക്ടിക്കൽ അധിഷ്ഠിതവുമായ കോഴ്സ് വേണ്ടവർക്ക് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ ഡിപ്ലോമ പരീക്ഷിക്കാം.
യോഗ്യതകളും മികച്ച സ്ഥാപനങ്ങളും
മിക്ക ബിരുദ കോഴ്സുകൾക്കും പ്ലസ് ടുവിൽ 50 ശതമാനം മാർക്കാണ് ആവശ്യം. സയൻസ് സ്ട്രീം (ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്) പഠിച്ചവർക്കാണ് ചില കോളജുകൾ അഡ്മിഷൻ നൽകുന്നത്. ഫുഡ് ടെക്കനോളജി കോഴ്സിന് എൻട്രൻസ് പരീക്ഷയെഴുതണം.
JEE Main, GATE, MHT CET, ICAR AIEEA, CUET, SRMJEEE എന്നിവയാണ് ഇന്ത്യയിലെ പ്രധാന പരീക്ഷകൾ. ഐഐടി ഖരഗ്പുർ, എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ജാദവ്പുർ യൂണിവേഴ്സിറ്റി, ഐഐടി ഗുവാഹത്തി എന്നിവ ഫുഡ് ടെക്നോളജിക്കായി തെരഞ്ഞെടുക്കാവുന്ന് മികച്ച സ്ഥാപനങ്ങളാണ്.