സർവകലാശാല സംശയങ്ങള്‍: ഡിപ്ലോമ ഇൻ ഫാർമസി അഥവാ ഡി ഫാം
നമ്മുടെ രാജ്യത്ത് ഫാർമസി മേഖലയിൽ ഡി ഫാം, ബിഫാം, ഫാം ഡി എന്നീ പേരുകളിൽ
വിവിധ ഫാർമസി പ്രോഗ്രാമുകൾ സർവകലാശാലകളും മറ്റ് സ്ഥാപനങ്ങളും പഠിപ്പിക്കുന്നുണ്ടല്ലോ. ഇതിൽ ഡി ഫാം എന്ന പ്രോഗ്രാമിനെക്കുറിച്ച് വിശദീകരിക്കാമോ?
ഈ പ്രോഗ്രാം പഠിക്കുന്നതിലൂടെ ലഭിക്കുന്ന തൊഴിലവസരങ്ങളെ കുറച്ചുകൂടി വിശദീകരിക്കാമോ?
ആൻസണ്‍ മൈക്കിൾ, തൂക്കുപാലം, ഇടുക്കി.
നമ്മുടെ രാജ്യത്ത് ഫാർമസി അനുബന്ധമായ പഠനത്തിന് മൂന്നു വഴികളാണ്;
1. ഡിപ്ലോമ ഇൻ ഫാർമസി അഥവാ
ഡി ഫാം
2. ബാച്ചിലർ ഡിഗ്രി ഇൻ ഫാർമസി
അഥവാ ബി ഫാം
3. ഡോക്ടർ ഓഫ് ഫാർമസി അഥവാ
ഫാം ഡി
രാജ്യത്തെ വിവിധങ്ങളായ മെഡിക്കൽ കോളജുകളിലും ഫാർമസ്യൂട്ടിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകളിലുമാണ് ഈ മൂന്നുതരം കോഴ്സുകളും നടക്കുന്നത്. എന്നാൽ, കോഴ്സുകളുടെ പഠനകാല അളവും അനുബന്ധമായി പഠിപ്പിക്കുന്ന വിഷയങ്ങളുടെ വ്യാപ്തികൊണ്ടും മൂന്നുതരം കോഴ്സുകൾക്കും വ്യത്യസ്തങ്ങളായ നിലവാരങ്ങളാണ് നിശ്ചയിക്കപ്പെട്ടിട്ടുള്ളത്.
വ്യത്യാസം
നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന വിദ്യാഭ്യാസ രീതി അനുസരിച്ച്, പ്രത്യേകിച്ച് കേരളത്തിൽ ഏതെങ്കിലുമൊരു പഠന പ്രോഗ്രാം ബാച്ചിലർ അഥവാ ബിരുദം എന്ന പേരിൽ നാമകരണം ചെയ്യുന്നുണ്ടെങ്കിൽ അത് ഒരു സർവകലാശാല ആയിരിക്കും നൽകുന്നത്. മറിച്ച് ഡിപ്ലോമ എന്ന പേരിലോ സർട്ടിഫിക്കറ്റ് എന്ന പേരിലോ ആണ് ഒരു പഠന പ്രോഗ്രാം നടക്കുന്നതെങ്കിൽ അത്തരമൊരു പോഗ്രാം നിയന്ത്രിക്കുന്നതും സർട്ടിഫിക്കറ്റുകൾ നൽകുന്നതും റെഗുലേറ്ററി അഥോറിറ്റി ആയി പ്രവർത്തിക്കുന്ന മറ്റേതെങ്കിലും സർക്കാർ വകുപ്പുകളോ ഏജൻസികളോ ആയിരിക്കും.
ഇതുപ്രകാരം കേരളത്തിൽ ഫാർമസ്യൂട്ടിക്കൽ പഠനവുമായി ബന്ധപ്പെട്ട് നൽകുന്ന ബി ഫാം, ഫാം ഡി പ്രോഗ്രാമുകൾ കേരളത്തിലെ ആരോഗ്യ സർവകലാശാലയുടെ കീഴിലാണ് നടക്കുന്നത്. കോഴ്സ് നടത്തുന്നതും സർട്ടിഫിക്കറ്റുകൾ നൽകുന്നതും ആരോഗ്യ സർവകലാശാല തന്നെയാണ്. എന്നാൽ, ഡി ഫാം എന്ന പേരിൽ നടത്തുന്ന ഫാർമസി പ്രോഗ്രാം ഒരു ഡിപ്ലോമ പ്രോഗ്രാമാണ്. അതിനാൽ ഈ പ്രോഗ്രാം നടത്തുന്നത് കേരള സർക്കാരിന്റെ ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനാണ്.
യോഗ്യത
ഡി ഫാമിന്റെ പ്രത്യേകതകൾ ഡി ഫാം എന്ന ഡിപ്ലോമ പ്രോഗ്രാം രണ്ടു വർഷക്കാല പഠന ദൈർഘ്യമുള്ള പ്രോഗ്രാമാണ്.
ഈ കോഴ്സിൽ പ്രവേശനം ലഭിക്കുന്നതിന് ആഗ്രഹിക്കുന്ന വിദ്യാർഥിക്ക് ഉണ്ടായിരിക്കേണ്ട ഏറ്റവും കുറഞ്ഞ യോഗ്യത പന്ത്രണ്ടാം ക്ലാസ് സയൻസ് ആണ്. സയൻസ് ബാച്ചിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് സബ്ജക്ട് കോന്പിനേഷനോ ഫിസിക്സ്, കെമിസ്ട്രി, ബയോളജി സബ്ജക്ട് കോന്പിനേഷനോ 50% മാർക്കോടെ നിർബന്ധമായും ജയിച്ചിരിക്കണം. എസ്സി, എസ്ടി മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃതമായ മാർക്ക് ഇളവ് ലഭിക്കും.
പഠനം പൂർത്തീകരിക്കുന്ന വിദ്യാർഥികൾ മൂന്നു മാസക്കാലം കൊണ്ട് പൂർത്തിയാകുന്ന പ്രാക്ടിക്കൽ പരിശീലനം (500 മണിക്കൂർ) കൂടി ഗവണ്മെന്റ് ഹോസ്പിറ്റലുകളിലോ ഫാർമസി കൗണ്‍സിൽ അംഗീകരിച്ചിട്ടുള്ള അംഗീകൃത ഹോസ്പിറ്റലുകളിലോ നേടേണ്ടതുണ്ട്. ഈ പ്രവൃത്തിപരിചയം കൂടി ലഭിക്കുന്പോൾ മാത്രമാണ് കോഴ്സ് പൂർത്തിയാകുക.
അഡ്മിഷൻ
ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ഓരോവർഷവും അതിന്റെ കീഴിലുള്ള വിവിധ ഡി ഫാം കോളജുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷ ക്ഷണിക്കും. പന്ത്രണ്ടാം ക്ലാസിൽ ലഭിക്കുന്ന മാർക്ക് അടിസ്ഥാനത്തിലായിരിക്കും റാങ്ക് ലിസ്റ്റ് തയാറാക്കി പ്രവേശനം നൽകുക. കേരളത്തിൽ ഇപ്പോൾ 22 സ്ഥാപനങ്ങളാണ് ഡി ഫാം പ്രോഗ്രാം നടത്തുന്നത്. ഇതിൽ നാല് ഗവണ്മെന്റ് മെഡിക്കൽ കോളജുകളും 18 സ്വാശ്രയ ഡി ഫാം കോളജുകളുമാണുള്ളത്.
തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ്, കോട്ടയം ഗവ. മെഡിക്കൽ കോളജ്, കോഴിക്കോട് ഗവ. മെഡിക്കൽ കോളജ്, ആലപ്പുഴ ഗവ. മെഡിക്കൽ കോളജ് ഇവയാണ് നാല് മെഡിക്കൽ കോളജുകൾ. നാല് മെഡിക്കൽ കോളജുകളിലുമായി 150 സീറ്റുകളാണ് നിലവിലുള്ളത്. അവശേഷിക്കുന്ന 18 സ്വാശ്രയ ഡി ഫാം കോളജുകളിലായി ഏകദേശം 1,210 സീറ്റുകൾ ലഭ്യമാണ്.
അവസരങ്ങൾ
ഡി ഫാം പ്രോഗ്രാം പഠിക്കുന്നതിലൂടെ പഠിതാവിന് ധാരാളം തൊഴിലവസരങ്ങൾ ലഭിക്കാറുണ്ട്. സർക്കാർ മേഖലയിൽ പ്രധാനമായും ലഭിക്കുന്ന തൊഴിലവസരം ഗവണ്മെന്റ് ഹോസ്പിറ്റലുകളിലും ഫാർമസി അനുബന്ധമായി പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റുകളിലുമായിരിക്കും. സർക്കാർ ആശുപത്രികളിൽ ഫാർമസിസ്റ്റ് ഗ്രേഡ് II ആയി ജോലി ലഭിക്കുന്നതിനാവശ്യം വേണ്ട ഏറ്റവും കുറഞ്ഞ യോഗ്യതയാണ് ഡി ഫാം. കൂടാതെ സ്വകാര്യ മേഖലയിലുള്ള ആശുപത്രികളിലും ഫാർമസിസ്റ്റ് ആയി ജോലി ചെയ്യുന്നതിന് ഡി ഫോം യോഗ്യത മതിയാകും. ഇതുകൂടാതെ സ്വന്തമായി മെഡിക്കൽ ഷോപ്പുകൾ തുടങ്ങുന്നതിനും ഫാർമസി അനുബന്ധ ബിസിനസുകൾ നടത്തുന്നതിനും ഡി ഫാം പ്രോഗ്രാം ഏറെ സഹായകമാകും. മറ്റൊരു പ്രത്യേകത ഡി ഫാം പ്രോഗ്രാം പാസായതിനുശേഷം വേണമെങ്കിൽ ലാറ്ററൽ എൻട്രി വഴി ബിഫാം പ്രോഗ്രാമിന് ചേരാൻ കഴിയുമെന്നതാണ്.