അടിമച്ചന്തകളില്ല, ഉടമച്ചിന്തയുണ്ട്
അന്ന് അടിമക്കച്ചവടം നികൃഷ്ടമായിരുന്നെങ്കിൽ ഇന്നിപ്പോൾ 170 വർഷത്തിനുശേഷവും മായാത്ത അയിത്ത ചിന്തയും നികൃഷ്ടമാണ്. അടിമച്ചന്തകൾ ചിന്തയിൽനിന്നുകൂടി നീക്കുന്പോഴാണ് നാം മനുഷ്യരാകുന്നത്.
അടിമവ്യാപാര നിരോധന വിളംബരം 170 വർഷം പിന്നിട്ടു. അതിനർഥം മനുഷ്യരെ മറ്റേതൊരു ചരക്കുംപോലെ വിൽക്കാനും വാങ്ങാനും ചന്തയിലെത്തിച്ചിരുന്ന അപമാനകരമായ ഒരു കറുത്തകാലം കേരളത്തിലും ഉണ്ടായിരുന്നു എന്നാണ്. ആ ഹീനവ്യവസ്ഥയെ നിരോധിച്ച വിളംബരത്തെക്കുറിച്ചോർത്താൽ, ഘോരരൂപം വെടിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴും ഉള്ളിലൊളിപ്പിച്ചിരിക്കുന്ന ജാതി-വർണ മനോഭാവങ്ങളെക്കുറിച്ചു സ്വകാര്യമായെങ്കിലും ചിന്തിക്കാൻ അവസരമുണ്ടാകും.
കാരണം, അടിമത്തം തന്നെയായ വർണവ്യവസ്ഥാധിഷ്ഠിത അയിത്തത്തെ സഹസ്രാബ്ദങ്ങൾ കൊണ്ടുനടന്നവരുടെ പിന്തുടർച്ചക്കാരായ ഒട്ടുമുക്കാലും ആളുകൾ ഇന്നും കാര്യത്തോടടുക്കുന്പോൾ സവർണബോധത്തെ പുറത്തെടുക്കുന്നവരാണ്. മനുഷ്യരാകാൻ ഇനിയും ഏറെ സഞ്ചരിക്കേണ്ടിയിരിക്കുന്നു. പത്തൊന്പതാം നൂറ്റാണ്ടിന്റെ ആദ്യപകുതി, തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലുമായി അടിമക്കച്ചവട നിരോധനത്തിന്റെ അഞ്ചു വിളംബരങ്ങളുണ്ടായി.
അതിൽ മൂന്നും തിരുവിതാംകൂറിൽ തന്നെയായിരുന്നു എന്നത്, വിളംബരത്തിന്റെ പ്രായോഗികത എത്ര ദുർബലമായിരുന്നു എന്നതിന്റെ ഉദാഹരണമാണ്. ആദ്യത്തേത് 1812 സിസംബർ അഞ്ചിനു തിരുവിതാംകൂറിൽ റാണി ഗൗരി ലക്ഷ്മിബായി പുറപ്പെടുവിച്ച വിളംബരമാണ്. ബ്രിട്ടീഷുകാരുടെ സമ്മർദം ഇക്കാര്യത്തിലുണ്ടായിരുന്നു. അതിന് അഞ്ചു വർഷം മുന്പ്, 1807ൽ ബ്രിട്ടനിൽ അടിമവ്യാപാരം നിരോധിച്ചെങ്കിലും ബ്രിട്ടീഷ് കോളനികൾക്കു ബാധകമായിരുന്നില്ല.
കച്ചവടം നിരോധിച്ചെങ്കിലും വ്യവസ്ഥിതിയിൽ കാര്യമായ മാറ്റമുണ്ടായതുമില്ല. 1853 സെപ്റ്റംബർ 15ന് (കൊല്ലവർഷം 1029 കന്നി 30) തിരുവിതാംകൂർ രാജാവ് ഉത്രം തിരുനാൾ മാർത്താണ്ഡവർമ ഒരു വിളംബരത്തിലൂടെ വീണ്ടും അടിമവ്യാപാരം നിരോധിച്ചു. അതിന്റെ വാർഷികമാണ് പ്രത്യക്ഷരക്ഷാ ദൈവസഭ ഏഴു സ്ഥലങ്ങളിലായി ഇന്ന് ആചരിക്കുന്നത്. അതിനുമുന്പ്, 1843ൽ ബ്രിട്ടീഷ് ഭരണകൂടം മലബാറിൽ അടിമവ്യാപാരം നിരോധിച്ചിരുന്നു. കൊച്ചി സർക്കാർ 1855ൽ അടിമവ്യാപാരം നിരോധിച്ചു.
1855 ജൂൺ 24ന് ഉത്രം തിരുനാൾ മാർത്താണ്ഡ വർമതന്നെ തിരുവിതാംകൂറിൽ രണ്ടാം അടിമവ്യാപാര നിരോധനം വിളംബരം ചെയ്തു. തിരുവിതാംകൂറിൽതന്നെ മൂന്നാമത്തെ നിരോധനം! കേരളത്തിൽ നിലവിലുണ്ടായിരുന്ന അടിമത്തത്തെക്കുറിച്ച് ചരിത്രത്തിൽ കാര്യമായ പരാമർശങ്ങളില്ല. രാജ്യത്തിന്റെ ചരിത്രത്തിലോ ചർച്ചകളിലോ അടിമത്തത്തെ അയിത്തവുമായി ബന്ധിപ്പിക്കാൻ പണ്ഡിതരും വിമുഖത കാട്ടിയിരുന്നു.
അതുകൊണ്ടുതന്നെ അമേരിക്കയിലെയും സൗത്ത് ആഫ്രിക്കയിലെയും അടിമത്തത്തെക്കുറിച്ചു വായിക്കുകയും ഖേദിക്കുകയും ചെയ്യുന്ന അതേ നമ്മൾ നമ്മുടെ രാജ്യത്തും സംസ്ഥാനത്തുമുണ്ടായിരുന്ന അടിമത്തത്തെക്കുറിച്ച് നിശബ്ദരാണ്. സാമൂഹിക വിവേചനത്തിന്റെ ലോകത്തെ ഏറ്റവും പഴക്കമുള്ള സംവിധാനങ്ങളിലൊന്നായിരുന്നു ജാതിസന്പ്രദായം. ക്രിസ്തുവിന് 1,000 വർഷങ്ങൾക്കു മുന്പെങ്കിലും അത് ഇവിടെയുണ്ടായിരുന്നു.
“അടിമത്തത്തെ ഹിന്ദുക്കൾ അംഗീകരിച്ചിരുന്നില്ല എന്ന വാദം വസ്തുതകൾക്കു നിരക്കാത്തതാണ്. അത് ഹിന്ദുക്കളുടെ ചിരപുരാതനമായ സന്പ്രദായമാണ്. മനു ഈ സന്പ്രദായത്തെ അംഗീകരിച്ചിരുന്നു. 1843വരെ ഇന്ത്യാ ചരിത്രത്തിൽ അതു നിലനിന്നു. ആ വർഷം ബ്രിട്ടീഷുകാർ നിയമം മൂലം അടിമസന്പ്രദായം ഇല്ലായ്മ ചെയ്തിരുന്നില്ലെങ്കിൽ ഇന്നും അതു തുടരുമായിരുന്നു.” (അടിമകളും അസ്പൃശ്യരും- അധ്യായം മൂന്ന്, ഡോ. ബി.ആർ. അംബേദ്കർ).
‘അടിമകേരളത്തിന്റെ അദൃശ്യചരിത്ര’ത്തിൽ വിനിൽ പോൾ ഇങ്ങനെ എഴുതുന്നു: “ജാതിഘടനയിൽ നിലനിന്നിരുന്ന സമൂഹത്തിൽ അടിമത്തം ഇല്ലായിരുന്നു എന്നുള്ള അക്കാദമിക വാദങ്ങൾ എന്തുതന്നെ ഉണ്ടായിരുന്നാലും കേരളത്തിൽ ആളുകളെ അതിക്രൂരമായി വില്പന നടത്തിയിരുന്നു എന്നതിനെ ആർക്കും നിഷേധിക്കാനാവില്ല.
കേരളത്തിൽ നൂറ്റാണ്ടുകൾ നീണ്ടുനിന്ന ഈ മനുഷ്യക്കച്ചവടത്തിന് എതിരേ ആദ്യമായി ശബ്ദമുയർത്തിയത് ബ്രിട്ടീഷ് ഭരണാധികാരികളാണ്. കേരളത്തിൽ അന്നോളം നിലവിലുണ്ടായിരുന്ന ഒരു മതവും ഈ കച്ചവടത്തിനെതിരേ ഒരിക്കൽപോലും എതിർപ്പു പ്രകടിപ്പിച്ചിരുന്നില്ല.” ഇനിയും നമ്മൾ ജാതിവ്യവസ്ഥ സൃഷ്ടിച്ച അയിത്തത്തിന് അടിമത്തവുമായി ബന്ധമില്ലെന്നു ശഠിക്കുകയാണെങ്കിൽ നുണയെ സത്യമാക്കാനുള്ള ശ്രമമാണ്.
പ്രത്യക്ഷരക്ഷാ ദൈവസഭ അടിമവ്യാപാര നിരോധന വാർഷികം ആചരിക്കുന്നത്, സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന സവർണമനോഭാവത്തെ ഓർമിപ്പിക്കാൻ കൂടിയാവാം. അന്ന് അടിമക്കച്ചവടം നികൃഷ്ടമായിരുന്നെങ്കിൽ ഇന്നിപ്പോൾ 170 വർഷത്തിനുശേഷവും മായാത്ത അയിത്തചിന്തയും നികൃഷ്ടമാണ്. അടിമച്ചന്തകൾ ചിന്തയിൽനിന്നുകൂടി നീക്കുന്പോഴാണ് നാം മനുഷ്യരാകുന്നത്.
ഈ നിമിഷംവരെ അതു സംഭവിച്ചിട്ടില്ലെന്നതിന്റെ തെളിവ്, ദളിതരെയും ആദിവാസികളെയും ആക്രമിക്കുന്നതിന്റെ ദിനംതോറുമുള്ള വാർത്തകളും അവരുടെ സാമൂഹിക പിന്നാക്കാവസ്ഥയുടെ രാജ്യമൊട്ടാകെയുള്ള നേർക്കാഴ്ചകളും അതിന്റെ കാരണം സാന്പത്തികം മാത്രമല്ലെന്ന തിരിച്ചറിവുമാണ്.
പിന്നാക്കക്കാരായവരെ ഉയർത്തിക്കൊണ്ടുവരാൻ ശ്രമിക്കുന്നതിനൊപ്പം ഹിന്ദുവെന്നോ ക്രിസ്ത്യാനിയെന്നോ മുസ്ലിമെന്നോ കമ്യൂണിസ്റ്റെന്നോ കോൺഗ്രസെന്നോ ബിജെപിയെന്നോ വ്യത്യാസമില്ലാതെ സവർണമനോഭാവം കൊണ്ടുനടക്കുന്നവർക്കു പരിഷ്കൃത വിദ്യാഭ്യാസം നൽകുകയും വേണം. അതാണ് കാലം ആവശ്യപ്പെടുന്ന നവോത്ഥാന മുന്നേറ്റം.